ടീം ഇന്ത്യ ഡെയ്ഞ്ചർ സോണിൽ
Friday, November 22, 2024 12:29 AM IST
പെർത്ത്: ടീം ഇന്ത്യ ഡെയ്ഞ്ചൽ സോണിലാണ്, ഐസിസി ലോക ടെസ്റ്റ് ക്രിക്കറ്റ് ചാന്പ്യൻഷിപ്പ് ഫൈനലിൽ പ്രവേശിക്കാതെ പുറത്താകാനുള്ള ഡെയ്ഞ്ചൽ സോണിൽ... ഓസ്ട്രേലിയയ്ക്കെതിരേ ഇന്ന് ആരംഭിക്കുന്ന അഞ്ചു മത്സര ടെസ്റ്റ് പരന്പരയിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും തുടർച്ചയായ മൂന്നാം തവണയും ഇന്ത്യ ലോക ചാന്പ്യൻഷിപ് ഫൈനലിൽ കളിക്കുമോ ഇല്ലയോ എന്നു തീരുമാനമാകുക.
ഇന്ത്യയുടെ പ്രകടനം മാത്രം മതിയാകില്ല, മറിച്ച് മറ്റു ടീമുകളുടെയും മത്സര ഫലങ്ങളെയും ആശ്രയിച്ചുകൂടിയേ ഫൈനൽ സാധ്യത തെളിയൂ എന്നതും മറ്റൊരു വാസ്തവം. ഈ ഡെയ്ഞ്ചൽ സോണിലേക്ക് ഇന്ത്യ വന്നുപെട്ടത് ന്യൂസിലൻഡിനെതിരായ ഹോം പരന്പര 3-0നു തോറ്റതോടെയാണ്.
ക്യാപ്റ്റൻ ബുംറ; അരങ്ങേറ്റം നടന്നേക്കും
കുടുംബകാര്യങ്ങൾക്കുവേണ്ടി അവധിയിലായ രോഹിത് ശർമയുടെ അഭാവത്തിൽ ജസ്പ്രീത് ബുംറയാണ് ഇന്ത്യയെ നയിക്കുന്നത്. രോഹിത് ശർമയ്ക്കൊപ്പം പരിക്കേറ്റ ശുഭ്മാൻ ഗില്ലും ഇന്നു പെർത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തിൽ ആരംഭിക്കുന്ന ഒന്നാം ടെസ്റ്റിൽ കളിക്കില്ല. ഈ പശ്ചാത്തലത്തിൽ കെ.എൽ. രാഹുൽ ഓപ്പണിംഗിൽ എത്തുകയോ അഭിമന്യു ഈശ്വരൻ അരങ്ങേറ്റം നടത്തുകയോ ചെയ്യും.
അല്ലെങ്കിൽ ദേവ്ദത്ത് പടിക്കലിനെ മൂന്നാം നന്പറിൽ ഇറക്കി രാഹുലിനെ ഓപ്പണറാക്കാനുള്ള സാധ്യതയുമുണ്ട്. മധ്യനിര ബാറ്റിംഗിനു കരുത്തേകാൻ ധ്രുവ് ജുറെലിന് അവസരം നൽകാനുള്ള സാധ്യതയുമുണ്ട്. പേസ് ഓൾ റൗണ്ടറിന്റെ റോളിൽ നിതീഷ് കുമാർ റെഡ്ഡിയുടെ അരങ്ങേറ്റവും തള്ളിക്കളയാൻ സാധിക്കില്ല.
ലോക ടെസ്റ്റ് ചാന്പ്യൻഷിപ് പോയിന്റ് ടേബിളിൽ ആദ്യ രണ്ടു സ്ഥാനക്കാരാണ് ഫൈനലിൽ മത്സരിക്കുക. നിലവിൽ ഓസ്ട്രേലിയയാണ് ഒന്നാം സ്ഥാനത്ത്, ഇന്ത്യ രണ്ടാമതും. ഇന്ത്യ, ഓസ്ട്രേലിയ, ശ്രീലങ്ക, ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക ടീമുകൾക്കാണ് നിലവിൽ ഫൈനൽ സാധ്യതയുള്ളത്. ഇംഗ്ലണ്ട്, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, വെസ്റ്റ് ഇൻഡീസ് ടീമുകൾ പുറത്തായി.
ഇന്ത്യ 4-0/5-0 ജയിക്കണം
നിലവിലെ സാഹചര്യത്തിൽ 2025 ഐസിസി ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് ഫൈനലിൽ നേരിട്ടു പ്രവേശിക്കണമെങ്കിൽ ഓസ്ട്രേലിയയ്ക്കെതിരേ ഇന്നാരംഭിക്കുന്ന ബോർഡർ-ഗാവസ്കർ ട്രോഫി ഇന്ത്യ 4-0/5-0 എന്ന വ്യത്യാസത്തിൽ ജയിക്കണം. അതായത് അഞ്ചു മത്സര പരന്പര തൂത്തുവാരിയാൽ മാത്രമേ മറ്റു ടീമുകളുടെ മത്സര ഫലത്തിനായി കാത്തിരിക്കാതെ ഇന്ത്യക്കു ഫൈനൽ ടിക്കറ്റ് കരസ്ഥമാക്കാൻ സാധിക്കൂ.
4-1നു ജയിച്ചാൽ
ഇന്ത്യ 4-1നു ജയിച്ചാൽ നേരിട്ട് ലോക ചാന്പ്യൻഷിപ്പ് ഫൈനലിൽ കളിക്കാൻ സാധിക്കില്ല. തുടർന്ന് ഇംഗ്ലണ്ട് x ന്യൂസിലൻഡ്, ശ്രീലങ്ക x ദക്ഷിണാഫ്രിക്ക, പാക്കിസ്ഥാൻ x ദക്ഷിണാഫ്രിക്ക പരന്പര ഫലങ്ങൾ അനുസരിച്ചു മാത്രമേ ഇന്ത്യയുടെ ഫൈനൽ സാധ്യമാകൂ. ഇന്ത്യ 4-1ന് പരന്പര സ്വന്തമാക്കിയാൽ മാത്രം പോര, ഒന്നുകിൽ ഇംഗ്ലണ്ട് ഒരു ടെസ്റ്റിൽ ന്യൂസിലൻഡിനോട് സമനിലയിൽ പിരിയണം. അല്ലെങ്കിൽ പാക്കിസ്ഥാനോ ശ്രീലങ്കയോ ദക്ഷിണാഫ്രിക്കയുമായി സമനില നേടണം.
2-3നു തോറ്റാൽ
ഇന്ത്യ 3-2നു തോറ്റാൽ ന്യൂസിലൻഡ് 2-0ന് ഇംഗ്ലണ്ടിനെ കീഴടക്കണം. അതുപോലെ ദക്ഷിണാഫ്രിക്ക 2-0നു ശ്രീലങ്കയെ കീഴടക്കുകയും പാക്കിസ്ഥാനോട് 2-0നു തോൽക്കുകയും വേണം. മാത്രമല്ല, ഓസ്ട്രേലിയ ശ്രീലങ്കയ്ക്കെതിരേ ഒരു മത്സരത്തിൽ പോലും തോൽക്കരുത്.
ഇന്ത്യ 2-1നു ജയിച്ചാൽ
അവസാന നാലു ബോർഡർ-ഗാവസ്കർ ട്രോഫി പരന്പരയും ഇന്ത്യ 2-1നു ജയിച്ചിരുന്നു. രണ്ടു തവണ ഓസ്ട്രേലിയയിലും രണ്ടു തവണ ഇന്ത്യയിലുമായിരുന്നു ഈ ജയങ്ങൾ. അതുകൊണ്ടുതന്നെ ഇത്തവണയും ഇന്ത്യ 2-1നു പരന്പര നേടിയാൽ ഇന്ത്യയുടെ ലോക ചാന്പ്യൻഷിപ്പ് ഫൈനൽ സാധ്യത ഇങ്ങനെ: ന്യൂസിലൻഡ് ഒരു മത്സരത്തിൽ ഇംഗ്ലണ്ടിനോടു തോൽക്കണം, അല്ലെങ്കിൽ രണ്ടു മത്സരവും സമനിലയിൽ കലാശിക്കണം. അതുപോലെ ഓസ്ട്രേലിയ ശ്രീലങ്കയോട് 2-0നും ശ്രീലങ്ക ദക്ഷിണാഫ്രിക്കയോട് 2-0നും പരാജയപ്പെടണം.
ഇന്ത്യ 3-2നു ജയിച്ചാൽ
ഓസ്ട്രേലിയയ്ക്കെതിരേ ഇന്ത്യ 3-2നാണ് ടെസ്റ്റ് പരന്പര നേടുന്നതെങ്കിൽ താഴെ പറയുന്ന മൂന്നു സാഹചര്യങ്ങളിൽ രണ്ട് എണ്ണമെങ്കിലും നടക്കണം. സാഹചര്യം ഒന്ന്: ന്യൂസിലൻഡിനെ ഇംഗ്ലണ്ട് ഒരു ടെസ്റ്റ് എങ്കിലും ജയിക്കണം. രണ്ട്: ശ്രീലങ്കയ്ക്കെതിരായ പരന്പരയിൽ ചുരുങ്ങിയത് ഒരു മത്സരത്തിലെങ്കിലും ഓസ്ട്രേലിയ തോൽക്കണം. മൂന്ന്: പാക്കിസ്ഥാൻ, ശ്രീലങ്ക ടീമുകൾക്ക് എതിരേ ശേഷിക്കുന്ന നാലു ടെസ്റ്റുകളിൽ രണ്ടെണ്ണത്തിൽ ദക്ഷിണാഫ്രിക്ക പരാജയപ്പെടണം.
പരന്പര 2-2 ആയാൽ
അഞ്ചു മത്സര പരന്പര 2-2നു സമനിലയിൽ ആയാൽ ഇന്ത്യക്കു ഫൈനൽ സാധ്യതയുണ്ട്. ഇന്ത്യയും ഓസ്ട്രേലിയയും 2-2 സമനിലയിൽ പിരിഞ്ഞാൽ ശ്രീലങ്ക, ന്യൂസിലൻഡ് ടീമുകൾ അവർക്കു ശേഷിക്കുന്ന ഒരു മത്സരത്തിൽ പരാജയപ്പെടണം. അതുപോലെ ഓസ്ട്രേലിയ ശ്രീലങ്കയോട് രണ്ടു മത്സരത്തിലും തോൽക്കണം. 1-1 സമനിലയാണെങ്കിൽ കാര്യമില്ല.
ഇന്ത്യ 1-0നു ജയിച്ചാൽ
പരന്പര ഇന്ത്യ 1-0നു ജയിച്ചാൽ ഫൈനലിലേക്കു മുന്നേറുക അസാധ്യം. തുടർച്ചയായ മൂന്നാം തവണയും ഓസ്ട്രേലിയൻ മണ്ണിൽ പരന്പര സ്വന്തമാക്കി എന്ന ആശ്വാസത്തോടെ ടീം ഇന്ത്യക്കു നാട്ടിലേക്കു മടങ്ങാം എന്നുമാത്രം. പരന്പരയിൽ ഓസ്ട്രേലിയ ജയിക്കുന്ന ഓരോ ടെസ്റ്റും ഇന്ത്യയുടെ ലോക ഫൈനൽ വഴി അടയ്ക്കും എന്നതും മറ്റൊരു വാസ്തവം.
ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ്
ടീം, പോയിന്റ് ശതമാനം
ഓസ്ട്രേലിയ 62.50
ഇന്ത്യ 58.33
ശ്രീലങ്ക 55.56
ന്യൂസിലൻഡ് 54.55
ദക്ഷിണാഫ്രിക്ക 54.17
ഇംഗ്ലണ്ട് 40.79
പാക്കിസ്ഥാൻ 33.33
ബംഗ്ലാദേശ് 27.50
വിൻഡീസ് 18.52