ബ്ലാസ്റ്റ്... ബ്ലാസ്റ്റേഴ്സ്
Monday, November 25, 2024 2:23 AM IST
കൊച്ചി: കരുത്തരായ ചെന്നൈയിന് എഫ്സിയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്ത് കേരള ബ്ലാസ്റ്റേഴ്സ്. ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ബ്ലാസ്റ്റഴ്സ് വിജയവഴിയിലെത്തുന്നത്. രണ്ടാം പകുതിയിലായിരുന്നു മൂന്ന് ഗോളും. ജീസസ് ഹിമിനെസും (56') നോഹ സദോയിയും (70') നേടിയ ഗോളുകളില്‍ ജയം ഉറപ്പിച്ച ബ്ലാസ്റ്റേഴ്സിനായി അധികസമയത്തെ ഗോളിലൂടെ കെ.പി. രാഹുല്‍ പട്ടിക പൂർത്തിയാക്കി.
18 മത്സരത്തിന് ശേഷമാണ് ഒരു മത്സരം ഗോള്‍ വഴങ്ങാതെ കൊമ്പന്മാര് പൂര്‍ത്തിയാക്കുന്നത്. ജയത്തോടെ പോയിന്റ് ടേബിളില്‍ രണ്ടു സ്ഥാനം മുകളിലേക്ക് കയറി എട്ടാമതെത്തി. 28ന് ഇതേ മൈതാനത്ത് കരുത്തരായ ഗോവയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത എതിരാളികൾ.
പരിക്ക് മാറിയെത്തിയ നോഹ സദോയിക്ക് ആദ്യ ഇലവനില്‍ അവസരം നല്‍കിയാണ് ബ്ലാസ്റ്റേഴ്സ് ഇന്നലെ നിര്‍ണായക പോരാട്ടത്തിന് ഇറങ്ങിയത്. ഗോള്‍ ബാറിന് കീഴില്‍ ഒന്നാം നമ്പര്‍ ഗോള്‍കീപ്പര്‍ സച്ചിന് സുരേഷ് മടങ്ങിയെത്തിയതും ആതിഥേയര്‍ക്ക് ആശ്വാസമായി. ചുവപ്പ്കാര്ഡിനെ തുടര്‍ന്നുണ്ടായ സസ്പെന്‍ഷന്റെ കാലാവധി അവസാനിപ്പിച്ച് മടങ്ങി എത്തിയ ക്വാമി പെപ്ര പകരക്കാരന്റെ റോളിലേക്ക് മാറിയപ്പോള്‍ ജീസസ് ജിമിനെസും ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണയും മിലോസ് ഡ്രിന്‍സിച്ചും ആദ്യ ഇലവനില്‍ ഇറങ്ങി.
തുടക്കം മുതല്‍ ബ്ലാസ്റ്റേഴ്സ് ആക്രമിച്ചു കളിച്ചു. 56-ാം മിനിറ്റില്‍ ഗാലറി കാത്തിരുന്ന ഗോളെത്തി. ചെന്നൈയിന് പകുതിയുടെ ഇടതുവിംഗിലേക്ക് പറന്നിറങ്ങിയ പന്ത് പിടിച്ചെടുത്ത് ബോക്സിലേക്ക് കുതിച്ച ലൂണ ബോക്സിനരികെ സദോയിയെ ലക്ഷ്യമാക്കി ക്രോസ് നല്കി. സദോയിക്ക് കണക്ട് ചെയ്യാനായില്ല. പിന്നില്‍ നിന്നെത്തിയ കോറു സിംഗ് ഹിമിനെസിന് പന്തെത്തിച്ചു.
ക്ലോസ് റേഞ്ചില്‍ നിന്നുള്ള വലംകാൽ ഷോട്ട് തടയാന്‍ നവാസിനായില്ല, സീസണില്‍ ഹിമിനെസിന്റെ ആറാം ഗോള്‍. ഗാലറിയിലെ ആവേശം ബ്ലാസ്റ്റേഴ്സില്‍ കരുത്ത് നിറച്ചു. 70-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് ലീഡ് വർധിപ്പിച്ചു. ലൂണ ബോക്സിന് മധ്യത്തിലായി നിന്ന സദോയിയിലേക്ക് പന്തെത്തിക്കുമ്പോള് മാര്‍ക്ക് ചെയ്യപ്പെടാതെ നില്‍ക്കുകയായിരുന്നു താരം. മനോഹരമായ നീക്കത്തിനൊടുവില്‍ സദോയിയുടെ ഇടങ്കാൽ ഷോട്ട് വലയില്‍ പതിച്ചു.
ഇഞ്ചുറി ടൈമില്‍ ബ്ലാസ്റ്റേഴ്സ് ലീഡ് കൂട്ടി. മൈതാനമധ്യത്ത് നിന്ന് തുടങ്ങിയ കുതിപ്പിനൊടുവില്‍ പന്തുമായി ക്ലോസ് റേഞ്ചില്‍ നില്‍ക്കേ വലയുടെ ഇടതുഭാഗത്തായി നിന്ന് രാഹുലിന് സദോയി പന്ത് കൈമാറി. അനായാസം വലയിൽ.