അരങ്ങേറ്റം ഉറപ്പ്
Wednesday, November 20, 2024 12:53 AM IST
പെർത്ത്: ഓസ്ട്രേലിയയ്ക്കെതിരേ വെള്ളിയാഴ്ച ആരംഭിക്കുന്ന ഒന്നാം ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യൻ സംഘത്തിൽ രണ്ടു താരങ്ങൾ അരങ്ങേറിയേക്കും.
കുടുംബാവശ്യങ്ങളെത്തുടർന്ന് രോഹിത് ശർമ ടീമിൽ ചേരാത്തതും ശുഭ്മാൻ ഗില്ലിന്റെ പരിക്കും ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിൽ രണ്ട് വിടവ് ഉണ്ടാക്കിയിരിക്കുന്ന പശ്ചാത്തലത്തിലാണിത്.
രോഹിത് ശർമയുടെ അഭാവത്തിൽ വൈസ് ക്യാപ്റ്റൻ ജസ്പ്രീത് ബുംറയാണ് പെർത്ത് ടെസ്റ്റിൽ ഇന്ത്യയെ നയിക്കുക. വെള്ളിയാഴ്ച ഇന്ത്യൻ സമയം രാവിലെ 7.50 മുതലാണ് ഒന്നാം ടെസ്റ്റ്.
അഭിമന്യു /ദേവ്ദത്ത്
രോഹിത് ശർമയുടെ അഭാവത്തിൽ യശസ്വി ജയ്സ്വാളിന് ഒപ്പം ഇന്ത്യയുടെ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുക ആരായിരിക്കും എന്നതാണ് സുപ്രധാന ചോദ്യം. കെ.എൽ. രാഹുൽ ആയിരുന്നു ഓപ്പണിംഗിൽ ജയ്സ്വാളിന്റെ ഒപ്പം ഇറങ്ങാനുള്ള ആദ്യ ചോയിസ്. എന്നാൽ, മൂന്നാം നന്പർ ബാറ്ററായ ശുഭ്മാൻ ഗിൽ പരിക്കേറ്റു പുറത്തായതോടെ രാഹുൽ തൽസ്ഥാനത്ത് ഇറങ്ങാനാണ് സാധ്യത. അതോടെ ഓപ്പണിംഗിൽ അഭിമന്യു ഈശ്വരൻ എത്തിയേക്കും.
അതേസമയം, ഓപ്പണിംഗിൽ രാഹുലും മൂന്നാം നന്പറിൽ ദേവ്ദത്ത് പടിക്കലും ഇറങ്ങാനുള്ള സാധ്യതയും തള്ളിക്കളയാൻ സാധിക്കില്ല. രാഹുലിനെ ഓപ്പണിംഗിൽ ഇറക്കാൻ തീരുമാനിച്ചാൽ അഭിമന്യു ഈശ്വരൻ പ്ലേയിംഗ് ഇലവനിൽ ഉണ്ടാകില്ല. അതോടെ മൂന്നാം നന്പറിൽ ദേവ്ദത്ത് പടിക്കൽ ഇറങ്ങും.
ധ്രുവ് ജുറെൽ, നിതീഷ്
ഓസ്ട്രേലിയ എയ്ക്കെതിരേ ഇന്ത്യ എയ്ക്കു വേണ്ടി മികച്ച പ്രകടനം നടത്തിയ വിക്കറ്റ് കീപ്പർ ബാറ്റർ ധ്രുവ് ജുറെൽ പ്ലെയിംഗ് ഇലവനിലേക്കുള്ള സ്ഥാനത്തിനായി കാത്തിരിക്കുന്നു. സർഫറാസ് ഖാന്റെ സ്ഥാനത്തിന് ഇളക്കം തട്ടുമോ അതോടെ ബാറ്റിംഗ് ശക്തിപ്പെടുത്താൻ മധ്യനിരയിൽ ജുറെലിനെക്കൂടി ചേർക്കുമോ എന്നതും കണ്ടറിയണം.
പെർത്തിൽ എക്സ്ട്രാ ബൗണ്‍സ് ലഭിക്കുമെന്നതിനാൽ പേസ് ബൗളിംഗ് ഓൾ റൗണ്ടറായി ഒരാളെ ഉൾപ്പെടുത്താനുള്ള സാധ്യതയും തള്ളിക്കളയാൻ സാധിക്കില്ല. ഹർഷിക് റാണ, നിതീഷ് കുമാർ എന്നിവരിൽ ഒരാൾ അരങ്ങേറ്റം നടത്തിയേക്കും. വാകയിൽ ഇൻട്ര-സ്ക്വാഡ് പോരാട്ടത്തിൽ ഇരുവരും പന്ത് എറിഞ്ഞിരുന്നു. ഇതിൽ നിതീഷ് കുമാർ റെഡ്ഡിക്കു നറുക്കു വീഴാനാണ് കൂടുതൽ സാധ്യത.
ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവർക്കൊപ്പം മൂന്നാം പേസറായി ആരെത്തും എന്നതും കണ്ടറിയണം. പ്രസിദ്ധ് കൃഷ്ണ, ആവേശ് ഖാൻ എന്നിവരാണ് മൂന്നാം പേസറിനായുള്ള ടിക്കറ്റ് കരസ്ഥമാക്കാൻ രംഗത്തുള്ളത്. അതേസമയം, ആകാഷ് ദീപിനെ മൂന്നാം പേസറായി നിലനിർത്താനുള്ള സാധ്യതയും തള്ളിക്കളയാൻ സാധിക്കില്ല.