കളമൊരുങ്ങി; ലോക ചെസ് ചാന്പ്യൻഷിപ്പിന് ഇന്ന് തുടക്കം
സോബിച്ചൻ തറപ്പേൽ
Monday, November 25, 2024 2:23 AM IST
ലോക ചെസ് ചാന്പ്യൻഷിപ്പിന് ഇന്നു തുടക്കം. സിംഗപ്പുർ തീരത്തുള്ള റിസോർട്ട് വേൾഡ് സെന്റോസയിൽ ഇന്ന് ഇന്ത്യൻ സമയം 2.30ന് ആരംഭിക്കുന്ന ഒന്നാം ഗെയിമിൽ മുപ്പത്തിരണ്ടുകാരനായ ഡിങ് ലിറനെതിരേ വെള്ളക്കരുക്കളുമായി ഡി. ഗുകേഷ് പോരാടും. ലോകചന്പ്യൻഷിപ് ആരംഭിച്ചതിനു ശേഷമുള്ള 138 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് രണ്ട് ഏഷ്യൻ താരങ്ങൾ തമ്മിൽ ചാന്പ്യൻ പദവിക്കായി മത്സരിക്കുന്നത്. വിജയിക്കാനായാൽ പതിനെട്ടാമത്തെ ലോക ചാന്പ്യനാകും ഗുകേഷ്. വിശ്വനാഥൻ ആനന്ദിനു ശേഷം ലോകചന്പ്യനാകുന്ന രണ്ടാമത്തെ ഇന്ത്യൻ താരവും.
ചരിത്രം കുറിക്കാൻ ഗുകേഷ്
പതിനാലു ഗെയിമുകളായി നടത്തപ്പെടുന്ന ഈ ടൂർണമെന്റിൽ ഏഴര പോയിന്റ് ലഭിക്കുന്നയാളാണ് വിജയിയാകുന്നത്. ഓരോ ദിവസവും ഓരോ ഗയിം വീതമാണ് മത്സരത്തിലുണ്ടാകുക. മൂന്നുദിന മത്സരങ്ങൾക്കുശേഷം ഒരു വിശ്രമദിനമെന്നരീതിയിൽ നാലു വിശ്രമദിനങ്ങൾ ഈ ടൂർണമെന്റിനിടയിലുണ്ട്.
പതിനാലു ഗെയിമും പൂർത്തിയായശേഷവും പോയിന്റുനില തുല്യതയിലാണെങ്കിൽ റാപിഡ് ഗെയിമുകളിലേക്കും വീണ്ടും തുല്യതയെങ്കിൽ ബ്ലിറ്റ്സ് ഗെയിമുകളിലേക്കും മത്സരം കടക്കും. അതിവേഗ നീക്കങ്ങൾ നടത്തേണ്ട ഈ ഫോർമാറ്റിലേക്ക് മത്സരങ്ങൾ നീണ്ടാൽ വിജയസാധ്യതകൾ മാറിമറിയും. ചാന്പ്യൻപട്ടം നേടാനായാൽ ഇരുപത്തിരണ്ടു വയസിൽ ലോകചന്പ്യനായ റഷ്യയുടെ ഗാരി കസ്പറോവിന്റെ റിക്കാർഡ് തിരുത്തിക്കുറിച്ചുകൊണ്ട് പതിനെട്ടു വയസിൽ ലോകചാന്പ്യനായി ചരിത്രം സൃഷ്ടിക്കാനാകും ഗുകേഷിന്.
മത്സരം നിയമം ഇങ്ങനെ
ഇന്ന് ആരംഭിക്കുന്ന ക്ലാസിക്കൽ പോരാട്ടത്തിൽ ആദ്യ നാൽപതു നീക്കങ്ങൾക്ക് രണ്ടുമണിക്കൂർ വീതമാണ് ഓരോ കളിക്കാരനും ലഭിക്കുക. പിന്നീടുള്ള നീക്കങ്ങൾക്ക് ഓരോ നീക്കത്തിനും മുപ്പതു സെക്കന്റ് ഇൻക്രിമെന്ഡ് ലഭിക്കുന്ന മുപ്പത്തു മിനിറ്റാകും ഓരോരുത്തർക്കും ലഭിക്കുക. ആദ്യ നാൽപതു നീക്കം പൂർത്തിയാകും മുൻപ് സ്റ്റേൽമെറ്റോ മൂന്ന് ആവർത്തന പൊസിഷനോ വരാത്ത പക്ഷം പരസ്പരം സമനില സമ്മതിച്ച് കളി അവസാനിപ്പിക്കാൻ നിയമം അനുവദിക്കുന്നില്ല.
ഗുകേഷ് ഫോമിൽ
ലോക റാങ്കിംഗിൽ 2783 റേറ്റിംഗ് പോയിന്റോടെ അഞ്ചാം സ്ഥാനത്തു നിൽക്കുന്ന ഡി. ഗുകേഷിന് കഴിഞ്ഞ ഏപ്രിൽ മാസത്തിൽ പൂർത്തിയായ കാൻഡിഡേറ്റസ് ടൂർണമെന്റിൽ ആധികാരികമായ വിജയം നേടാനായി. പിന്നീട് ബുഡാപെസ്റ്റിൽ നടന്ന ചെസ് ഒളിന്പ്യാഡിൽ ടീമിനത്തിലും വ്യക്തിഗത ഇനത്തിലും സ്വർണം നേടിക്കൊണ്ട് ഇപ്പോൾ മികച്ച ഫോമിലാണെന്നു തെളിയിച്ചിരിക്കുകയാണ് ഗുകേഷ്.
എന്നാൽ ഡിങ് ലിറൻ ഈ വർഷം പങ്കെടുത്ത ടൂർണമെന്റുകളിലൊന്നും വിജയിക്കാനാകാതെ 2728 റേറ്റിംഗ് പോയിന്റോടെ റാങ്കിംഗിൽ ഇരുപത്തിമൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടിരിക്കുകയാണ്. മികച്ച നിലവാരത്തിലേക്കു തിരികെയത്താൻ പരിശ്രമിക്കുന്ന ഡിങ് ലിറന് ചാന്പ്യൻ പദവി നിലനിർത്താൻ ഗുകേഷുമായി കഠിനമായ പോരാട്ടം തന്നെ നടത്തേണ്ടിവരും.
തന്ത്രങ്ങൾ മെനയാൻ കാൻഡിഡേറ്റ്സ് ടൂർണമെന്റിൽ ഒപ്പമുണ്ടായിരുന്ന പോളിഷ് ഗ്രാൻഡ് മാസ്റ്ററായ ജഗോർസ് ഗജെവ്സ്കി തന്നെയാണ് ഈ ലോക ചാന്പ്യൻഷിപ്പിലും ഗുകേഷിന്റെ സെക്കൻഡ്സ് ആയി കൂടെയുണ്ടാവുക. മികച്ച ഫോമിലുള്ള ഗുകേഷിനുതന്നെ വിജയസാധ്യതയുള്ളതായി മാഗ്നസ് കാൾസണ്, ഗാരി കാസ്പറോവ് തുടങ്ങിയ ചെസ് വിദഗ്ധർ വിലയിരുത്തുന്നു. ഈ ചാന്പ്യൻഷിപ്പിൽ രണ്ടര മില്യണ് യു എസ് ഡോളറാണ് സമ്മാനത്തുകയായി നൽകുന്നത്.