ലോകചെസ് ചാന്പ്യൻഷിപ്പ്: ഒന്നാം ഗെയിം ലിറന്
Monday, November 25, 2024 11:24 PM IST
സോബിച്ചൻ തറപ്പേൽ
സിംഗപ്പുർ സിറ്റി: സിംഗപ്പുരിൽ നടക്കുന്ന ലോകചെസ് ചാന്പ്യൻഷിപ്പിന്റെ ആദ്യ ഗെയിമിൽ വിജയം നിലവിലെ ലോകചാന്പ്യൻ ഡിങ് ലിറന്. ചെസ് ഒളിന്പ്യാഡിൽ സ്വർണമണിഞ്ഞു സമീപകാലത്തു മികച്ച ഫോമിലായിരുന്ന ഡി. ഗുകേഷിനു ലോകചാന്പ്യൻഷിപ്പിന്റെ ആദ്യഗെയിമിൽ അടിപതറി.
കറുത്ത കരുക്കൾ നീക്കിയ ലിരെന് നാൽപത്തിരണ്ടു നീക്കങ്ങൾകൊണ്ട് ഗുകേഷിനെ കീഴടക്കാൻ കഴിഞ്ഞു. പതിനാലു ഗെയിമുള്ള മത്സരത്തിൽ ലിറന് ഈ വിജയത്തോടെ 1-0 ലീഡായി. രണ്ടാംഗെയിം ഇന്ന് നടക്കും.
വെള്ള കരുക്കളുടെ ആനുകൂല്യമുണ്ടായിരുന്ന ഗുകേഷ് e4 ഓപ്പണിംഗാണ് നടത്തിയത്. ഇതിനെതിരേ ഫ്രഞ്ച് ഡിഫെൻസാണ് ലിറൻ സ്വീകരിച്ചത്. പൊസിഷനിൽ നേരിയ മുൻതൂക്കമുണ്ടായിരുന്ന ചൈനീസ് താരം ഇരുപത്തിയൊന്നാം നീക്കത്തിൽ ക്വീനുകൾ പരസ്പരം വെട്ടിമറ്റുന്നതിനായി അവസരം നൽകിയെങ്കിലും ഗുകേഷ് അതിനു തയാറായില്ല.
പിന്നീടുള്ള നീക്കങ്ങളിൽ ഗുകേഷിനെതിരേ ശക്തമായ നീക്കങ്ങളാണ് ലിറൻ നടത്തിയത്. ഇരുപതിയേഴാം നീക്കാമായപ്പോഴേക്കും രണ്ടു പോണുകൾ നഷ്ടമായ ഗുകേഷ് പരാജയ ഭീഷണി മുന്നിൽകണ്ടു. നാൽപതിയൊന്നാം നീക്കത്തിൽ ഒരു പോണിനെക്കൂടി നഷ്ടപ്പെട്ടതോടെ ‘എ ’ഫയലിലെ പോണിനെ തടയനാകാതെ ഗുകേഷ് കീഴടങ്ങുകയായിരുന്നു.