കോടി തിളക്കത്തിൽ പേസർമാർ
Monday, November 25, 2024 11:24 PM IST
ജിദ്ദ: ഐപിഎൽ 2025 സീസണിനു മുന്നോടിയായുള്ള മെഗാ താരലേലം ജിദ്ദയിൽ പുരോഗമിക്കുന്പോൾ ഇന്നലെ നേട്ടമുണ്ടാക്കിയത് ഇന്ത്യൻ പേസർമാർ. നാളുകളായി ഇന്ത്യൻ ടീമിൽ അവസരം ലഭിക്കാത്ത ഭുവനേശ്വർ കുമാർ, ദീപക് ചാഹർ തുടങ്ങിയവർക്ക് ലേലത്തിന്റെ രണ്ടാം ദിനം വൻ തുക ലഭിച്ചു.
ഭുവനേശ്വറിനെ 10.75 കോടി രൂപയ്ക്ക് ആർസിബി സ്വന്തമാക്കി. ദീപക് ചാഹർ 9.25 കോടി രൂപയ്ക്ക് മുംബൈ ഇന്ത്യൻസിലെത്തി. ഇന്ത്യൻ ക്രിക്കറ്റിലെ പുത്തൻ താരോദയങ്ങളായ മുകേഷ് കുമാർ, ആകാശ്ദീപ് സിംഗ് എന്നിവർക്ക് എട്ടു കോടി രൂപ വീതം ലഭിച്ചു. മുകേഷിനെ ഡൽഹി ആടിഎമ്മിലൂടെ തിരികെയെത്തിച്ചു. ആകാശ്ദീപിനെ ലക്നൗ സ്വന്തമാക്കി. തുഷാർ ദേശ്പാണ്ഡെയെ 6.50 കോടിക്ക് രാജസ്ഥാൻ റോയൽസ് ടീമിലെത്തിച്ചു.
ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ മാർക്കോ യാൻസനെ ഏഴു കോടി രൂപയ്ക്ക് പഞ്ചാബ് കിംഗ്സ് വാങ്ങി. ഇന്ത്യൻ ഓൾറൗണ്ടർ കൃണാൽ പാണ്ഡ്യയെ 5.75 കോടി രൂപയ്ക്ക് റോയൽ ചാലഞ്ചേഴ്സ് ബംഗളൂരു ടീമിലെടുത്തു. ഓസീസ് പേസർ ജോഷ് ഹെയ്സൽവുഡിനെ 12.5 കോടി രൂപയ്ക്ക് ആർസിബിയെടുത്തു.
കേരള ബാറ്റർ വിഷ്ണു വിനോദ് 95 ലക്ഷം രൂപയ്ക്ക് പഞ്ചാബിലെത്തി. കേരള രഞ്ജി ട്രോഫി ടീം ക്യാപ്റ്റൻ സച്ചിൻ ബേബിയെ 30 ലക്ഷം രൂപയ്ക്ക് സൺറൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കി.
ചരിത്രം കുറിച്ച് വൈഭവ്
ഐപിഎൽ താരലേലത്തിൽ ചരിത്രം കുറിച്ച പതിമൂന്നുകാരൻ വൈഭവ് സൂര്യവംശി. ഐപിഎൽ ലേലത്തിൽ ഒരു ടീം എടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനെന്ന റിക്കാർഡിലാണ് വൈഭവ് എത്തിയത്.
1.10 കോടി രൂപയ്ക്ക് രാജസ്ഥാൻ റോയൽസാണ് കൗമാരതാരത്തെ സ്വന്തമാക്കിയത്. രാജസ്ഥാനൊപ്പം ഡൽഹി ക്യാപിറ്റൽസും വൈഭവിനെ സ്വന്തമാക്കാൻ ലേലം വിളിയിലുണ്ടായിരുന്നു. അവസാനം രാജസ്ഥാൻ ജയിക്കുകയായിരുന്നു.
2023-24 രഞ്ജി ട്രോഫിയിൽ ഈ ജനുവരിയിൽ ബിഹാറിനായി മുംബൈയ്ക്കെതിരേ അരങ്ങേറ്റം കുറിച്ചപ്പോൾ 12 വയസും 284 ദിവസുമായിരുന്നു പ്രായം. ഇതിലൂടെ ഇതിഹാസങ്ങളായ സച്ചിൻ തെണ്ടുൽക്കർ (15 വർഷവും 57 ദിവസവും), യുവരാജ് സിംഗ് (15 വർഷവും 230 ദിവസവും) എന്നിവരുടെ റിക്കാർഡാണ് തകർന്നത്.
അണ്ടർ 19 യൂത്ത് ലെവൽ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ സെഞ്ചുറി നേടിയ കളിക്കാരനെന്ന റിക്കാർഡിനുടമയാണ്. ഓസ്ട്രേലിയയ്ക്കെതിരേ ചെന്നൈയിൽ നടന്ന മത്സരത്തിൽ 62 പന്തിൽനിന്ന് 104 റണ്സ് നേടിയിരുന്നു.
58 പന്തിൽനിന്നാണ് സൂര്യവംശി സെഞ്ചുറി നേടിയത്. 170 വർഷത്തെ ചരിത്രമുള്ള കോപറ്റെറ്റീവ് ക്രിക്കറ്റിൽ ഏറ്റവും കുറഞ്ഞ പന്തിൽ സെഞ്ചുറി നേടുന്ന യുവതാരമെന്ന റിക്കാർഡുമുണ്ട്. കൂടാതെ യൂത്ത് ലെവലിൽ ഏറ്റവും വേഗത്തിൽ സെഞ്ചുറി നേടി ഇന്ത്യക്കാരനെ റിക്കാർഡുമുണ്ട്.