ഐപിഎൽ മെഗാ താരലേലം ഇന്നും നാളെയും
Saturday, November 23, 2024 11:30 PM IST
മുംബൈ: 2025 ഐപിഎൽ ട്വന്റി 20 ക്രിക്കറ്റിന്റെ താരലേലം ഇന്നും നാളെയുമായി ജിദ്ദയിൽ നടക്കും. ഇത് രണ്ടാം തവണയാണ് രാജ്യത്തിനു പുറത്ത് ഐപിഎൽ ലേലം നടക്കുന്നത്.
18-ാം സീസണാണിന്റെ മെഗാ താരലേലത്തിൽ വിവിധ രാജ്യങ്ങളിൽനിന്നുള്ള 577 കളിക്കാരാണുള്ളത്. 367 ഇന്ത്യക്കാരും 210 വിദേശ കളിക്കാരുമാണ് ലേലത്തിലുള്ളത്. 10 ഫ്രാഞ്ചൈസികളിലായി നിലനിർത്തിയ 46 കളിക്കാർക്കു പുറമെ 204 കളിക്കാരെയാണ് ഇനി തെരഞ്ഞെടുക്കാനുള്ളത്. ഇതിൽ 70 എണ്ണം വിദേശ കളിക്കാർക്കുള്ളതാണ്.
രണ്ടു കോടി രൂപയാണ് ബേസിക് ലേലത്തുക. 81 കളിക്കാർ ഈ തുകയ്ക്കു രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ശ്രേയസ് അയ്യർ, ഋഷഭ് പന്ത്, കെ.എൽ. രാഹുൽ എന്നിവരും വന്നതോടെ ലേലം കൂടുതൽ ശ്രദ്ധാകേന്ദ്രമാകും.
ആറു കളിക്കാർ വീതം ഉൾപ്പെടുന്ന രണ്ടു മാർക്വീ ലിസ്റ്റാണുള്ളത്. ആദ്യലിസ്റ്റിൽ പന്ത്, അയ്യർ, ജോസ് ബട്ലർ, അർഷ്ദീപ് സിംഗ്, കാഗിസോ റബാദ, മിച്ചൽ സ്റ്റാർക്ക്. രണ്ടാം ലിസ്റ്റിൽ കെ.എൽ. രാഹുൽ, യുസ്വേന്ദ്ര ചഹൽ, ലിയാം ലിവിംഗ്സ്റ്റണ്, ഡേവിഡ് മില്ലർ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.
110.5 കോടി കയ്യിലുള്ള പഞ്ചാബ് കിംഗ്സാണ് ലേലത്തിന് ഏറ്റവും കൂടുതൽ തുകയുമായെത്തുന്നത്. 41 കോടിയുള്ള രാജസ്ഥാൻ റോയൽസിനാണ് കുറഞ്ഞ തുകയുള്ളത്.
ചെന്നൈ സൂപ്പർ കിംഗ്സ്-55 കോടി, ഡൽഹി ക്യാപിറ്റൽസ് 73 കോടി, കോൽക്കത്ത നൈറ്റ റൈഡേഴ്സ് 51 കോടി, റോയൽ ചലഞ്ചേഴ്സ് ബംഗളുരു 83 കോടി, ലക്നോ സൂപ്പർ ജയന്റസ് 69 കോടി, മുംബൈ ഇന്ത്യൻസ് 45 കോടി, സണ്‍റൈസേഴ്സ് ഹൈദരാബാദ് 45 കോടി, ഗുജറാത്ത് ടൈറ്റൻസ് 60 കോടി എന്നിങ്ങനെയാണ് മറ്റ് ഫ്രാഞ്ചൈസികൾക്ക് ലേലത്തിന് ചെഴവഴിക്കാൻ കയ്യിലുള്ള തുക.
42 വയസുള്ള ഇംഗ്ലീഷ് പേസർ ജയിംസ് ആൻഡേഴ്സണും പതി മൂന്നുകാരനായ വൈഭവ് സൂര്യവംശിയും ലേലത്തിനു രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ വർഷം ജനുവരിയിൽ ബിഹാറിനായി രഞ്ജി ട്രോഫിയിൽ ഈ കൗമാരക്കാരൻ അരങ്ങേറിയിരുന്നു.
കഴിഞ്ഞ ഐപിഎലിൽ 17.5 കോടി രൂപയ്ക്ക് മുംബൈ ഇന്ത്യൻസിൽനിന്ന് ആർസിബിയിലേക്കു മാറിയ കാമറൂണ്‍ ഗ്രീൻ ഇത്തവണ ലേലത്തിലില്ല. പരിക്കിന്റെ പിടിയിലായ താരം ശസ്ത്രക്രിയയ്ക്കുശേഷം വിശ്രമത്തിലാണ്. ഐപിഎൽ 2025ന് മാർച്ച് 14ന് ആരംഭിക്കും. മേയ് 25നാണ് ഫൈനൽ.