ലക്ഷ്യം ജയത്തുടക്കം
Wednesday, November 20, 2024 12:53 AM IST
ഇ. അനീഷ്
കോഴിക്കോട്: സന്തോഷ് ട്രോഫി എട്ടാം കിരീടം ലക്ഷ്യം വച്ച് കേരളം ഇന്നിറങ്ങുകയാണ്. ആർത്തിരന്പാനിരിക്കുന്ന കാണികളെ സാക്ഷികളാക്കി പുൽത്തകിടിയിൽ തീ പടർത്താൻ ഇറങ്ങുന്പോൾ കേരള ടീം കോച്ച് തൃശൂർ സ്വദേശി ബിബി തോമസ് മുട്ടത്തിന്റെ പ്രതീക്ഷ വാനോളം. തൃശൂർ ചേറൂർ പള്ളിമൂല മുട്ടത്ത് പരേതനായ റിട്ട. സബ് ഇൻസ്പെക്ടർ എം.കെ. തോമസിന്റെയും റിട്ട. സർക്കിൾ ഇൻസ്പെക്ടർ വത്സലയുടെയും മകനാണ് ബിബി.
പ്രഥമ സൂപ്പർ ലീഗ് ഫുട്ബോളിൽ കാലിക്കട്ട് എഫ്സി കപ്പുയർത്തുന്പോൾ സഹപരിശീലകനായി ടീമിനൊപ്പമുണ്ടായിരുന്ന ബിബി, സന്തോഷ് ട്രോഫി കിരീടത്തിലേക്കു കേരളത്തെ നയിക്കുമോ എന്നാണ് ഫുട്ബോൾ പ്രേമികൾ ഉറ്റുനോക്കുന്നത്. യോഗ്യതാ റൗണ്ടിനു മുന്നോടിയായുള്ള അവസാനവട്ട പരിശീലനത്തിനുശേഷം ബിബി തോമസ് ദീപികയോട് മനസ് തുറന്നു...
? ഒരിക്കൽക്കൂടി ട്രോഫി പ്രതീക്ഷ, സമ്മർദമുണ്ടോ...
ഹോം ഗ്രൗണ്ടിൽ സ്വന്തം കാണികൾക്കിടയിൽ ഇറങ്ങുന്പോൾ സമ്മർദത്തേക്കാൾ ആത്മവിശ്വാസമാണുള്ളത്. എല്ലാംകൊണ്ടും വലിയ സന്ദർഭം തന്നെയാണ്. വലിയ ഉത്തരവാദിത്വമാണ് മുന്നിലുള്ളത്. എല്ലാം നന്നായി വരുമെന്നാണ് പ്രതീക്ഷ. ടീമിന്റെ പരിശീലനത്തിൽ പൂർണ തൃപ്തിയുണ്ട്.
? ടീം സെലക്ഷനെ കുറിച്ച്...
യുവത്വവും പരിചയസന്പത്തും ഇടകലർന്ന ടീമാണ് ഇത്തവണത്തേത്. സൂപ്പർ ലീഗ് മൽസരങ്ങൾ കഴിഞ്ഞിട്ട് കുറച്ച് ദിവസമേ ആയിട്ടുള്ളൂ. ഹോം ഗ്രൗണ്ടിനെ അറിയാവുന്ന, കളിച്ചു തഴക്കമുള്ള പത്തോളം താരങ്ങൾ ടീമിലുണ്ട്. ഇത് മുതൽക്കൂട്ടാണ്. പരിചയസന്പത്തുള്ള നായകനു കീഴിൽ മികച്ച പ്രകടനം നടത്താൻ അവർക്ക് കഴിയും.
? കടുത്ത പരിശീലനമാണല്ലോ...
അതെ. ഇത്തവണ സൂപ്പർ ലീഗ് മൽസരങ്ങൾ ഉൾപ്പെടെ നടന്നതിനാൽ പരിശീലനത്തിനു കുറച്ച് സമയമേ കിട്ടിയുള്ളൂ. എന്നാലും ഒരുമിച്ച് കളിച്ചു പരസ്പരം അറിയാവുന്ന താരങ്ങൾ ടീമിലുള്ളത് നേട്ടമാണ്. ഇന്നുതന്നെ നല്ല രീതിയിലുള്ള പരിശീലനമാണ് നടന്നത്. നൂറു ശതമാനം ഫിറ്റ്നസ് നിലനിർത്താൻ താരങ്ങൾക്കു കഴിയുന്നുവെന്നത് തന്നെ ശുഭസൂചനയാണ്.
? ആദ്യ എതിരാളികളെ കുറിച്ച്...
തീർച്ചയായും റെയിൽവേയ്ക്കെതിരായ മൽസരം കടുപ്പമേറിയതായിരിക്കും. വലിയ ടൂർണമെന്റുകളിൽ ഓരോ മൽസരവും അങ്ങനെ തന്നെയായിരിക്കും. ലക്ഷദ്വീപ്, പോണ്ടിച്ചേരി ടീമുകൾക്കെതിരേയും കരുതിത്ത ന്നെയായിരിക്കും ഇറങ്ങുക. വിജയം മാത്രമാണു ലക്ഷ്യം.
? കളിക്കളത്തിലെ തന്ത്രം...
ആക്രമണംതന്നെയാണ് ഫുട്ബോളിന്റെ സൗന്ദര്യം. അതിനൊപ്പം പ്രതിരോധം കൂടി ശക്തിപ്പെടുത്താൻ കഴിഞ്ഞാൽ ഇത്തവണ സന്തോഷ് ട്രോഫി കേരള ടീമിന് ഓർമയിൽ സൂക്ഷിക്കാൻ കഴിയുന്ന ഒന്നായി മാറും. ഓരോ പൊസിഷനിലും കളിക്കാൻ പറ്റിയ ഒന്നിലേറെ താരങ്ങൾ ഉണ്ടെന്നത് ഏറെ ആത്മവിശ്വാസം പകരുന്നു.
? ശൈലി
4-4-2 ശൈലിതന്നെയായിരിക്കും ഇന്നു പിന്തുടരുക. ആക്രമണസമയത്ത് 4-3-3, 4-2-4 ശൈലിയിലേക്ക് മാറും. പന്ത് കൈവശംവച്ച് ആക്രമണ ഫുട്ബോൾ കളിക്കാനാണ് താൽപര്യം. കഴിവുള്ള ഒരുപിടി മലയാളി താരങ്ങൾ റെയിൽവേക്കുണ്ട്
. എതിരാളികളുടെ കഴിവുകൂടി പരിഗണിച്ചാണ് അവസാനവട്ട തന്ത്രങ്ങൾ. ആദ്യ മൽസരം തന്നെ ജയിച്ച് മികച്ച തുടക്കമിടുക എന്നതാണു പ്രധാനം. ടൂർണമെന്റിലുടനീളം മുന്നോട്ടുപോകാൻ അത്യാവശ്യമാണത്. കാണികളുടെ അകമഴിഞ്ഞ പിന്തുണ കളിക്കാർക്കു പ്രചോദനമാകുമെന്നുറപ്പാണ്...