പെർത്ത് ടെസ്റ്റിൽ പേസർമാരുടെ മാരക ബൗളിംഗ് ; ആദ്യ ദിവസം വീണത് 17 വിക്കറ്റുകൾ
Saturday, November 23, 2024 12:32 AM IST
പെർത്ത്: ശക്തമായ പേസാക്രമണത്തിലൂടെ 2024-25 ബോർഡർ -ഗാവസ്കർ ട്രോഫി ടെസ്റ്റ് ക്രിക്കറ്റിന്റെ ആദ്യ ദിനം സംഭവബഹുലമായിരിക്കുകയാണ്. ഓസീസ് പേസർമാക്കു മുന്നിൽ അടിപതറിയ ഇന്ത്യ താത്കാലിക ക്യാപ്റ്റൻ ജസ്പ്രീത് ബുംറയുടെ നേതൃത്വ ത്തിൽ അതേ നാണയത്തിൽ തിരിച്ചടിച്ചിരിക്കുകയാണ്.
ഇന്ത്യൻ പേസർമാർ തകർത്തു കളിച്ചപ്പോൾ പെർത്ത് ടെസ്റ്റിന്റെ ആദ്യ ദിവസം പ്രതിരോധത്തിലായി ഓസ്ട്രേലിയ. ഒന്നാം ദിനം സ്റ്റംപെടുക്കുന്പോൾ ഏഴു വിക്കറ്റ് നഷ്ടത്തിൽ 67 റണ്‍സെന്ന നിലയിലാണ് ഓസ്ട്രേലിയ. അലക്സ് കാരിയും (28 പന്തിൽ 19), മിച്ചൽ സ്റ്റാർക്കുമാണ് (14 പന്തിൽ ആറ്) ക്രീസിൽ. ഇന്ത്യ 49.4 ഓവറിൽ 150 റണ്‍സിന് പുറത്തായി. ആദ്യ ദിവസം 17 വിക്കറ്റുകളാണ് വീണത്.
ടോസ് വിജയിച്ച ഇന്ത്യയുടെ താത്കാലിക നായകൻ ബുംറ ബാറ്റിംഗ് തെരഞ്ഞെടുത്തു. ഇന്ത്യൻ നിരയിൽ നിതീഷ്കുമാർ റെഡ്ഢി, ഹർഷിത് റാണ എന്നിവർ അരങ്ങേറ്റം കുറിച്ചു.
അരങ്ങേറ്റ മത്സരം കളിക്കുന്ന നിതീഷ് കുമാർ റെഡ്ഢിയാണ് ടോപ് സ്കോറർ. ആറു ഫോറുകളും ഒരു സിക്സുമായി നിതീഷ് 59 പന്തിൽ 41 റണ്‍സെടുത്തു. ഋഷഭ് പന്ത് (78 പന്തിൽ 37), കെ.എൽ. രാഹുൽ (74 പന്തിൽ 26) എന്നിവർക്കു മാത്രമാണ് കുറച്ചുനേരമെങ്കിലും ക്രീസിൽ നിൽക്കാനായത്.
ഓസീസ് പേസർമാരുടെ വിളയാട്ടം
ആദ്യ ദിവസങ്ങളിൽ പെർത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തിലെ പിച്ച് പേസർമാർമാർക്കു നൽകുന്ന ആനുകൂല്യം ഓസീസ് പേസർമാർ പൂർണമായും മുതലാക്കി. വിരാട് കോഹ്ലി, യശസ്വി ജയ്സ്വാൾ, കെ.എൽ രാഹുൽ എന്നിവരടങ്ങുന്ന ഇന്ത്യൻ ബാറ്റിംഗ് നിരയെ ഓസീസ് പേസർമാർ തകർത്തു. ആദ്യ സെഷനിൽ തന്നെ മിച്ചൽ സ്റ്റാർക്കും ജോഷ് ഹെയ്സൽവുഡും ഇന്ത്യയെ വിറപ്പിച്ചു. രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയാണ് ഇരുവരും ആദ്യ സെഷൻ പൂർത്തിയാക്കിയത്.
ഓസ്ട്രേലിയൻ മണ്ണിൽ ആദ്യ റണ്ണിനായി കാത്തിരുന്ന ജയ്വാസാളിനെ സ്റ്റാർക്ക് മൂന്നാം ഓവറിലെ ആദ്യ പന്തിൽ നഥാൻ മക്സ്വീനിയുടെ കൈകളിലെത്തിച്ചു. ദേവ്ദത്ത് പടിക്കൽ 23 പന്തുകൾ നേരിട്ട് റണ്ണൊന്നുമെടുക്കാതെ ഹെയ്സൽവുഡിന്റെ പന്തിൽ വിക്കറ്റ് കീപ്പർ കാരിയുടെ ക്യാച്ചിൽ പുറത്തായി. ഇതോടെ എല്ലാം കണ്ണുകളും കോഹ്ലിയിലേക്കായി.
സ്റ്റേഡിയത്തിലെത്തിയ 31,302 കാണികൾ വലിയ കരഘോഷത്തോടെയാണ് കോഹ്ലിയെ കളത്തിലേക്കു സ്വീകരിച്ചത്. 2018-19 പരന്പരയിൽ പെർത്തിൽ സെഞ്ചുറി നേടിയ കോഹ്ലി ഇത്തവണയും നന്നായിട്ടാണ് തുടങ്ങിയത്. എന്നാൽ കോഹ്ലിക്കെതിരേ കഴിഞ്ഞ കുറെ വർഷങ്ങളായി മേൽക്കോയ്മയുള്ള ഹെയ്സൽവുഡ് വിക്കറ്റ് സ്വന്തമാക്കി. അഞ്ചു റണ്‍സ് മാത്രമാണ് ഇന്ത്യയുടെ മുൻ നായകനു നേടാനായത്.
അടുത്തതായി 26 റണ്‍സ് എടുത്തുനിന്ന കെ.എൽ. രാഹുലിന്റെ പുറത്താകലായിരുന്നു. സ്കോർ 47ൽ നിൽക്കേ ഡിആർഎസ് എടുത്താണ് രാഹുലിന്റെ വിക്കറ്റ് ഓസ്ട്രേലിയ സ്വന്തമാക്കിയത്.
വിക്കറ്റിനു പിന്നിൽ ക്യാച്ചിന് സ്റ്റാർക്ക് അപ്പീൽ ചെയ്തു. എന്നാൽ ഫീൽഡ് അന്പയർ റിച്ചാർഡ് കെറ്റിൽബെറോ നോട്ടൗട്ട് വിധിച്ചു. തീരുമാനം മൂന്നാം അന്പയറിനു വിട്ടു. റീപ്ലേകളിൽ പന്തും ബാറ്റും ചെറിയ ഉരസലുണ്ടെന്ന് തേർഡ് അംപയർ കണ്ടെത്തുകയായിരുന്നു.
ലഞ്ചിനു പിരിയുന്പോൾ 25 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 51 റണ്‍സെന്ന നിലയിലായിരുന്നു ഇന്ത്യ. ധ്രുവ് ജുറെലിനെയും വാഷിംഗ്ടൻ സുന്ദറിനെയും മിച്ചൽ മാർഷ് പുറത്താക്കി. പന്ത്-നിതീഷ് കുമാർ ഏഴാം വിക്കറ്റ് കൂട്ടുകെട്ടിൽ നേടിയ 48 റണ്‍സാണ് ഇന്ത്യൻ സ്കോർ നൂറു കടത്തിയത്. ഹെയ്സൽവുഡ് നാലു വിക്കറ്റുകൾ വീഴ്ത്തി. സ്റ്റാർക്ക്, പാറ്റ് കമ്മിൻസ്, മാർഷ് എന്നിവർ രണ്ടു വിക്കറ്റുകൾ വീതം പങ്കിട്ടെടുത്തു.
ബുംറയുടെ പേസ്
ഇന്ത്യക്കെതിരേ ട്രാവിസ് ഹെഡ്, ഉസ്മാൻ ഖ്വാജ, സ്റ്റീവൻ സ്മിത്ത്, മാർനസ് ലബുഷെയ്ൻ എന്നിവരടങ്ങുന്ന ഓസീസ് ബാറ്റിംഗ് നിര മേധാവിത്വം പ്രകടിപ്പിക്കുമെന്നാണ് കരുതിയത്. മൂന്നാം ഓവറിൽ ബുംറ അരങ്ങേറ്റ താരം നഥാൻ മക്സ്വീനിയെ (13 പന്തിൽ 10) വിക്കറ്റിനു മുന്നിൽ കുരുക്കി. ഏഴാം ഓവറിൽ നാല്, അഞ്ചു പന്തുകളിൽ ഖ്വാജ (19 പന്തിൽ എട്ട്), സ്മിത്ത് (പൂജ്യം), എന്നിവരെ പുറത്താക്കിയ ബുംറ ഓസീസിന് അപ്രതീക്ഷിത പ്രഹരം നൽകി.
12-ാം ഓവറിന്റെ ആദ്യ പന്തിൽ ട്രാവിസ് ഹെഡിനെ ക്ലീൻബൗൾഡാക്കിക്കൊണ്ട് ഹർഷിത് റാണ അരങ്ങേറ്റം ഗംഭീരമാക്കി. മാർഷിനെയും (ആറ്) ലബുഷെയ്നെയും (രണ്ട്) മുഹമ്മദ് സിറാജും സ്വന്തമാക്കി. കമ്മിൻസിനെ വിക്കറ്റ്കീപ്പർ ഋഷഭ് പന്തിന്റെ കൈകളിലേൽപ്പിച്ച് ബുംറ ആദ്യ ദിനം നാലാം വിക്കറ്റ് വീഴ്ത്തി.
സ്കോർബോർഡ് / ഇന്ത്യ ഒന്നാം ഇന്നിംഗ്സ്
ജയ്സ്വാൾ സി മകസ്വീനി ബി സ്റ്റാർക് 0, കെ.എൽ. രാഹുൽ സി കാരി ബി സ്റ്റാർക് 26, ദേവ്ദത്ത് പടിക്കൽ സി കാരി ബി ഹെയ്സൽവുഡ് 0, കോഹ്ലി സി ഖ്വാജ ബി ഹെയ്സൽവുഡ് 5, പന്ത് സി സ്മിത്ത് ബി കമ്മിൻസ് 37, ധ്രുവ് ജുറെൽ സി ലബുഷെയ്ൻ 11, വാഷിംഗ്ടണ്‍ സുന്ദർ സി കാരി ബി മാർഷ് 4, നിതീഷ് കുമാർ സി ഖ്വാജ ബി കമ്മിൻസ് 41, ഹർഷിത് റാണ സി ലബുഷെയ്ൻ ബി ഹെയ്സൽവുഡ് 7, ബുംറ സി കാരി ബി ഹെയ്സൽവുഡ് 8, സിറാജ് നോട്ടൗട്ട് 0. എക്സ്ട്രാസ് 11. ആകെ 49.4 ഓവറിൽ 150.
ബൗളിംഗ്
സ്റ്റാർക് 11-3-14-2, ഹെയ്സൽവുഡ് 13-5-29-4, കമ്മിൻസ് 15.4-2-67-2, ലിയോണ്‍ 5-1-23-0, മാർഷ് 5-1-12-2.
ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സ്
ഖ്വാജ സി കോഹ് ലി ബി ബുംറ 8, മാക്സ്വീനി എൽബിഡബ്ല്യു ബി ബുംറ 10, ലബുഷെയ്ൻ എൽബിഡബ്ല്യു ബി സിറാജ് 2, സ്മിത്ത് എൽബിഡബ്ല്യു ബി ബുംറ 0, ട്രാവിസ് ഹെഡ് ബി ഹർഷിത് റാണ 11, മാർഷ് സി രാഹുൽ ബി സിറാജ് 6, കാരി നോട്ടൗട്ട് 19, കമ്മിൻസ് സി പന്ത് ബി ബുംറ 3, സ്റ്റാർക്ക് നോട്ടൗട്ട് 6, എക്സ്ട്രാസ് 2. ആകെ 27 ഓവറിൽ 67/7.
ബൗളിംഗ്
ബുംറ 10-3-17-4, സിറാജ് 9-6-17-2, ഹർഷിത് റാണ 8-1-33-1.