ജയം തേടി ബ്ലാസ്റ്റേഴ്സ്
Saturday, November 23, 2024 11:30 PM IST
വി.ആർ. ശ്രീജിത്ത്
കൊച്ചി: തുടർ പരാജയങ്ങൾക്കു ശേഷം ജയം തേടി കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് വീണ്ടും സ്വന്തം തട്ടകത്തിലിറങ്ങുന്നു. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ രാത്രി 7.30ന് കരുത്തരായ ചെന്നൈയിൻ എഫ്സിയുമായാണ് മത്സരം. തുടർച്ചയായി മൂന്ന് മത്സരങ്ങളിലെ തോൽവിക്കുശേഷമാണ് ബ്ലാസ്റ്റേഴ്സ് ഇന്ന് കളത്തിലിറങ്ങുന്നത്. കൊച്ചിയിലെ അവസാന രണ്ടു മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് തോറ്റിരുന്നു.
സൂപ്പർ ലീഗിൽ എട്ട് മത്സരങ്ങൾ പൂർത്തിയാക്കിയ ബ്ലാസ്റ്റേഴ്സിനു രണ്ട് മത്സരങ്ങളിലാണ് ജയം നേടാനായത്. ഇന്ന് സ്വന്തം മൈതാനത്ത് പന്തുരുളുന്പോൾ ജയത്തിൽ കുറഞ്ഞതൊന്നും മഞ്ഞപ്പടയ്ക്ക് തൃപ്തി നൽകില്ല.
കഴിഞ്ഞ മൂന്ന് സീസണിലും പരിശീലകൻ ഇവാൻ വുകുമനോവിച്ചിന്റെ കീഴിൽ പ്ലേഓഫ് കളിച്ച ബ്ലാസ്റ്റേഴ്സ് സ്വന്തം മൈതാനത്ത് ആകെ തോറ്റത് വരലിൽ എണ്ണാവുന്ന മത്സരങ്ങളാണ്. കരുത്തരായ മുംബൈയെയും ഗോവയെയും ബംഗളൂരുവിനെയും അടക്കം കൊച്ചിയിൽ കൊന്പന്മാർ മലർത്തിയടിച്ചിരുന്നു.
ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ എട്ടു മത്സരങ്ങളായപ്പോൾ എട്ടു പോയിന്റുമായി പത്താം സ്ഥാനത്താണ് നിൽക്കുന്നത്. ലൂണ അടക്കമുള്ള മുൻ നിരതാരങ്ങളുടെ ഫോം ഇല്ലായ്മയാണ് ടീമിനെ വലയ്ക്കുന്നത്. എങ്കിലും ജീസസ് ജിമിനെസും നോവ സദോയിയും ഗോൾ അടിക്കുന്നത് ടീമിന് ആശ്വാസമാകുന്നുമുണ്ട്.
പരിക്ക് മാറി കളി തുടങ്ങിയ നോവ ഇന്ന് ആദ്യ ഇലവനിൽ ഇറങ്ങുമെന്ന് ഉറപ്പാണ്. ചുവപ്പ്കാർഡ് കണ്ട് പുറത്തിരുന്ന ക്വാമി പെപ്രയും ഇന്നു മടങ്ങിയെത്തിയേക്കും.
ടീമിന്റെ പ്രതിരോധം കരുത്തുള്ളതാണെന്ന് പറയുന്പോഴും കുടൂതൽ മികവ് കാട്ടേണ്ടതുണ്ടെന്നു ബ്ലാസ്റ്റേഴ്സ് പരിശീലകൻ മൈക്കിൾ സ്റ്റാറേ പറയുന്നു. ഗോളുകൾ വഴങ്ങുന്നതിന് പരിഹാരം കണ്ടെത്തേണ്ടതുണ്ട്. ഇന്നത്തെ ഗെയിമിലാണ് ടീം ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും മത്സരത്തിന് മുന്നോടിയായി നടത്തിയ വാർത്താസമ്മേളനത്തിൽ സ്റ്റാറേ പറഞ്ഞു.
കഴിഞ്ഞ സീസണുകളിൽ നിന്ന് വ്യത്യസ്തമായി ചെന്നൈയിൻ മികച്ച കളികളാണ് കാഴ്ചവച്ചിരിക്കുന്നത്. ഗോളടിക്കുന്നതിൽ ഉൾപ്പെടെ മികവ് കാട്ടുന്ന ടീമിന്റെ പ്രതിരോധവും ശക്തമാണ്. എട്ടു കളിയിൽ 12 പോയിന്റുമായി പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്താണ് അവർ.
ഇന്ന് ജയിച്ചാൽ ചെന്നൈയിന് പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്ത് ഇരിപ്പുറപ്പിക്കാം. ബ്ലാസ്റ്റേഴ്സിനെതിരെയുള്ള ഇന്നത്തെ മത്സരം കടുപ്പമാകുമെങ്കിലും ജയിക്കാനാവുമെന്ന പ്രതീക്ഷയാണ് ചെന്നൈയിൻ ഹെഡ് കോച്ച്് ഓവൻ കോയ്ലിന്.