വിലയേറിയ താരം പന്ത്
Monday, November 25, 2024 2:23 AM IST
ജിദ്ദ: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമെന്ന റിക്കാർഡ് ഇനി ഋഷഭ് പന്തിനു സ്വന്തം. 27 കോടി രൂപയ്ക്കു പന്തിനെ ലക്നോ സൂപ്പർ ജയന്റ്സ് സ്വന്തമാക്കി. വിലയേറിയ താരമെന്ന റിക്കാർഡ് മിനിറ്റുകൾ മാത്രം കൈവശം വച്ച് ശ്രേയസ് അയ്യറെയാണ് പന്ത് മറികടന്നത്.
ജിദ്ദയിൽ നടക്കുന്ന ഐപിഎൽ താരലേലത്തിൽ വാശിയേറിയ ലേലത്തിനൊടുവിൽ 26.75 കോടി രൂപയ്ക്ക് പഞ്ചാബ് കിംഗ്സ് ശ്രേയസ് അയ്യരെ സ്വന്തമാക്കിയതോടെയാണ്, ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമായി അദ്ദേഹം മാറിയത്. 18 കോടി രൂപയ്ക്ക് പഞ്ചാബ് കിംഗ്സിലെത്തിയ യുസ്വേന്ദ്ര ചാഹൽ ഏറ്റവും കൂടുതൽ വിലയുള്ള ഇന്ത്യൻ സ്പിന്നറെന്ന റിക്കാർഡ് സ്വന്തമാക്കി. ആർടിഎമ്മിലൂടെ വെങ്കിടേഷ് അയ്യരെ 23.75 കോടി രൂപയ്ക്ക് കോൽക്കത്ത നൈറ്റ് റൈഡേഴ്സ് തിരിച്ചെത്തിച്ചു.
കഴിഞ്ഞ സീസണിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സ് 24.75 കോടി രൂപയ്ക്ക് സ്വന്തമാക്കിയ ഓസ്ട്രേലിയൻ താരം മിച്ചൽ സ്റ്റാർക്കിന്റെ റിക്കാർഡാണ് അയ്യർ തകർത്തത്. അവസാന നിമിഷം വരെ താരത്തെ ടീമിലെത്തിക്കാൻ വാശിയോടെ പൊരുതിയ ഡൽഹി ക്യാപിറ്റൽസിനെ പിന്തള്ളിയാണ് അയ്യരെ പഞ്ചാബ് സ്വന്തമാക്കിയത്. കഴിഞ്ഞ സീസണിൽ 24.75 കോടിയുമായി റിക്കാർഡിട്ട സ്റ്റാർക്ക്, ഇത്തവണ 11.75 കോടിക്ക് ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കി.
ശ്രേയസ് അയ്യരുടെ റിക്കാർഡിന് മിനിറ്റുകളുടെ ആയുസേ ഉണ്ടായിരുന്നുള്ളൂ. പന്തിനായുള്ള താരലേലം ആരംഭിച്ചതോടെ ലേലം വിളി വീണ്ടും മുറുകി. പന്തിനായി ഡൽഹി ക്യാപിറ്റൽസും ലക്നൗ സൂപ്പർ ജയന്റ്സും വാശിയോടെ പൊരുതിയതോടെ താരത്തിന്റെ വില 20 കോടി കടന്നു. താരത്തെ ആർടിഎമ്മിലൂടെ നിലനിർത്താൻ ഡൽഹി ക്യാപിറ്റൽസ് ശ്രമിച്ചതോടെ വീണ്ടും കളമുണർന്നു.
ഇതോടെ പന്തിന്റെ മൂല്യം ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവം ഉയർന്ന തുകയിലേക്ക് ഉയർത്തി ലക്നൗ സൂപ്പർ ജയന്റ്സ് ഡൽഹിയെ ഞെട്ടിച്ചു. 27 കോടി രൂപ പന്തിന് വിലയിടുന്നതായി ലക്നൗ ഉടമ സഞ്ജീവ് ഗോയങ്ക അറിയിച്ചതോടെ, ഡൽഹി പിന്മാറി.
ആർടിഎമ്മിലൂടെ വെങ്കിടേഷ് അയ്യരെ 23.75 കോടി രൂപയ്ക്ക് കോൽക്കത്ത നൈറ്റ് റൈഡേഴ്സ് നിലനിർത്തി. ഇതേ പ്രകാരം തന്നെ പഞ്ചാബ് കിംഗ്സ് അർഷ്ദീപ് സിംഗിനെ 18 കോടി രൂപയ്ക്ക് സ്വന്തമാക്കി. ഇതേ വില ലഭിച്ച യുസ്്വേന്ദ്ര ചാഹൽ ഏറ്റവും കൂടുതൽ വിലയുള്ള ഇന്ത്യൻ സ്പിന്നറെന്ന റിക്കാർഡിലെത്തി. കെ.എൽ. രാഹുലിനെ (14 കോടി രൂപ) ഡൽഹി ക്യാപിറ്റൽസും മുഹമ്മദ് സിറാജിനെ ( 12.25 കോടി രൂപ) ഗുജറാത്ത് ടൈറ്റൻസും സ്വന്തമാക്കി. പത്ത് കോടി രൂപയുടെ വിലയ്ക്ക് മുഹമ്മദ് ഷമി സണ്റൈസേഴ്സ് ഹൈദരാബാദിലെത്തി.