മാക്സ് വെര്സ്റ്റപ്പന് എഫ് വൺ ലോകചാന്പ്യൻ
Monday, November 25, 2024 2:23 AM IST
ലാസ്വേഗസ്: 2024 ഫോർമുല വണ്‍ ഡ്രൈവേഴ്സ് ചാമ്പ്യന്‍ഷിപ്പ് റെഡ് ബുള്ളിന്റെ ഡച്ച് ഡ്രൈവർ മാക്സ് വെര്സ്റ്റപ്പന് സ്വന്തമാക്കി. ഇതോടെ നാലുതവണ ലോക ചാന്പ്യൻഷിപ്പ് നേടുന്ന ഫോർമുല വൺ ചരിത്രത്തിലെ ആറാമത്തെ ആളായിമാറി വെര്സ്റ്റപ്പന്. 2024 സീസണില്‍ രണ്ട് ഗ്രാന്‍ഡ് പ്രീ പോരാട്ടങ്ങള്‍കൂടി ശേഷിക്കേയാണ് ഇന്നലെ (ലാസ്വേഗസിൽ ശനിയാഴ്ച നൈറ്റ്റേസ്) മാക്സ് വെര്സ്റ്റപ്പന് ചാമ്പ്യന്‍ഷിപ്പ് ഉറപ്പിച്ചത്. ഡിസംബർ ഒന്നിന് ഖത്തറിലും എട്ടിന് അബുദാബിയിലുമാണ് ഇനി പോരാട്ടങ്ങൾ ബാക്കിയുള്ളത്.
2021 ചാമ്പ്യന്‍ഷിപ്പിലായിരുന്നു മാക്സ് വെര്സ്റ്റപ്പന് ആദ്യമായി കിരീടത്തിൽ ചുംബിച്ചത്. തുടർന്നുള്ള സീസണുകളിൽ തുടരെ കിരീടം നേടി.
ഇന്നലെ നടന്ന ലാസ് വേഗാസ് ഗ്രാൻഡ് പ്രീയോടെ ഡ്രൈവേഴ്സ് ചാമ്പ്യന്‍ഷിപ്പ് നേടിയ വെര്സ്റ്റപ്പന് 403 ഉം മാക്ലാറന്റെ ലാൻഡോ നോറിസിന് 340 ഉം ചാള്‍സ് ലക്ലര്കിന് 319 ഉം പോയിന്റ് വീതമായി.
ലാസ് വേഗസിൽ വേഗരാജാവ് റസൽ
ഇന്നലെ 50 ലാപ്പുകളിലായി നടന്ന ലാസ് വേഗസ് ഗ്രാൻഡ് പ്രീയിൽ അഞ്ചാംസ്ഥാനത്താണ് വെര്സ്റ്റപ്പൻ ഫിനിഷ് ചെയ്തത്. ആറാംസ്ഥാനത്തുള്ള ലാൻഡോ നോറിസിനേക്കാൾ കൂടുതൽ പോയിന്റുകൾ നേടുക എന്നതുമാത്രം മതിയായിരുന്നു മാക്സ് വെര്സ്റ്റപ്പന് ലോകചാന്പ്യൻഷിപ്പ് നേട്ടം കരസ്ഥമാക്കാൻ. മെഴ്സിഡസ് ടീം ഒന്ന്, രണ്ട് സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്ത മത്സരത്തിൽ ജോർജ് റസൽ ഒന്നാംസ്ഥാനവും പത്താംസ്ഥാനത്തുനിന്നു മത്സരമാരംഭിച്ച് മികച്ച പോരാട്ടം കാഴ്ചവച്ച ലൂയി ഹാമിൽട്ടൺ രണ്ടാംസ്ഥാനവും നേടി.