സന്തോഷ് ട്രോഫിയിൽ കേരളത്തിനു ജയത്തുടക്കം
Thursday, November 21, 2024 1:14 AM IST
ബിനു ജോർജ്
കോഴിക്കോട്: ഗോള്‍ പോസ്റ്റിനു തൊട്ടു മുമ്പിലെത്തിയ പല അവസരങ്ങളും ഇരു ടീമുകളും കളഞ്ഞുകുളിച്ചതിനൊടുവില് രണ്ടാം പകുതിയില്‍ നേടിയ ഏകപക്ഷീയമായ ഒരു ഗോളോടെ സന്തോഷ് ട്രോഫി പ്രാഥമിക റൗണ്ടില്‍ കേരളത്തിനു വിജയത്തുടക്കം. ഗോള്‍ മടക്കാനുള്ള റെയില്‍വേസിന്റെ ശ്രമങ്ങളെല്ലാം കേരളത്തിന്റെ ഗോളി ഹജ്മലിന്റെ മിന്നും പ്രകടനത്തിനു മുന്നില്‍ വിഫലമായി.
കോഴിക്കോട് കോര്പറേഷന് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ രണ്ടാം പകുതിയില്‍ മുന്‍നിരയില്‍ മുഹമ്മദ് അജ്സലിനെ പകരക്കാരനായി ഇറക്കിയ കേരള ടീം പരിശീലകന് ബിബി തോമസിന്റെ തീരുമാനമാണു വഴിത്തിരിവായത്.
റെയില്‍വേസ് പ്രതിരോധ താരത്തിന്റെ പിഴവ് മുതലെടുത്തു മുന്നേറിയ നിജോ ഗില്‍ബെര്‍ട്ട് കൈമാറിയ പന്ത് 71-ാം മിനിട്ടില്‍ മുഹമ്മദ് അജ്സല്‍ റെയില്‍വേയുടെ വലയിലേക്കു കോരിയിട്ടതോടെ (1-0) എട്ടാം കിരീടം തേടിയുള്ള കേരളത്തിന്റെ യാത്രയ്ക്ക് ആവേശത്തുടക്കമായി.
കളിയുടെ തുടക്കത്തില്‍ താളം കണ്ടെത്താനാകാതെ മിസിംഗ് പാസുകള്‍ കൊണ്ടുള്ള വിരസമായ നീക്കങ്ങളാണ് ഇരു ടീമും കാഴ്ചവച്ചത്. 15 മിനിറ്റിനുള്ളില്‍ താളം വീണ്ടെടുത്ത കേരളത്തിന്റെ മുന്നേറ്റ താരങ്ങള്‍ റെയില്‍വേസിന്റെ ഗോള്‍ ബോക്സില്‍ പലകുറി ഭീഷണിയുയര്‍ത്തി.
ആദ്യ പകുതിയില്‍ കളിയുടെ നിയന്ത്രണം ഏറ്റെടുത്ത കേരളം റെയില്‍വേസിന്റെ പ്രതിരോധനിരയെ മറികടന്ന് പെനാല്‍റ്റി ബോക്സിലേക്ക് ഇരച്ചുകയറി. ലഭിച്ച നാല് അവസരങ്ങള്‍ സ്കോര്‍ ചെയ്യുന്നതില്‍ കേരളത്തിന്റെ മുന്നേറ്റ താരങ്ങള്‍ക്കു പിഴച്ചു. ഷിജിന്റെയും മധ്യനിരതാരം ക്രിസ്റ്റി ഡേവിസിന്റെയും ഉഗ്രന്‍ ഷോട്ടുകള്‍ പാഴായി.
രണ്ടാം പകുതിയില്‍ ഒരേ പോലെ ആക്രമിച്ചു കളിച്ച ഇരുടീമുകളും എതിരാളികളുടെ ഗോള്‍ മുഖങ്ങളില്‍ നിരന്തരം ഭീഷണിയുയര്‍ത്തി. റെയില്‍വേസ് മുന്നേറ്റതാരങ്ങള്‍ 54-ാം മിനിട്ടില്‍ കേരള ബോക്സില്‍ ഇരച്ചുകയറിയെങ്കിലും ഭാഗ്യം കേരളത്തിനൊപ്പമായിരുന്നു. ഉഗ്രന്‍ ഡൈവിംഗിലൂടെ ഗോള്‍കീപ്പര്‍ ഹജ്മല്‍ പന്ത് കുത്തിയകറ്റി.
64-ാം മിനിറ്റിലുണ്ടായ കൂട്ടപ്പൊരിച്ചിലില്‍ റെയില്‍വേസ് താരം പോസ്റ്റിലേക്കു തട്ടിയിട്ട പന്ത് ഗോള്‍ കീപ്പര്‍ ഹജ്മലിനെ മറികടന്ന് ഗോള്‍ വരയിലേക്കു കടക്കാനൊരുങ്ങവേ ഉഗ്രന്‍ ഗോള്‍ലൈന്‍ സേവിലൂടെ കേരള പ്രതിരോധ താരം മനോജ് രക്ഷകനായി. പ്രതിരോധത്തിലൂന്നി കളിച്ച കേരളം കിട്ടിയ അവസരങ്ങളിലെല്ലാം റെയില്‍വേസിന്റെ ഗോള്‍ മുഖത്തേക്ക് ഇരച്ചുകയറി.
ലോംഗ് ഷോട്ടുകളിലൂടെ പന്ത് കേരളത്തിന്റെ ഗോള്‍ മുഖത്ത് എത്തിച്ച് സമനില നേടാനായിരുന്നു അവസാന മിനിറ്റുകളില്‍ റെയില്‍വേസ് ശ്രമിച്ചത്.
ലക്ഷദ്വീപും കേരളവും തമ്മിലുള്ള അടുത്ത മത്സരം നാളെ കോര്പറേഷന് സ്റ്റേഡിയത്തില്‍ നടക്കും.