കായികോത്സവത്തിനു കൊടിയേറി
Tuesday, November 5, 2024 2:48 AM IST
കൊച്ചി: ഒളിമ്പിക്സ് വേദിയോളം ഉയരുന്ന പ്രതീക്ഷകളും സ്വപ്നങ്ങളുമായി പ്രഥമ കേരള സ്കൂള്‍ കായികമേളയ്ക്ക് ആവേശോജ്വല തുടക്കം. പ്രധാന വേദിയായ മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ 3500ഓളം വിദ്യാര്‍ഥികള്‍ അണിനിരന്ന മാര്‍ച്ച് പാസ്റ്റോടെയാണു ഉദ്ഘാടനച്ചടങ്ങുകള്‍ ആരംഭിച്ചത്.
തുടര്‍ന്ന് മേളയുടെ ബ്രാന്‍ഡ് അംബാസഡര്‍ പി.ആര്. ശ്രീജേഷും വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയും ഫോര്‍ട്ട്കൊച്ചി വെളി സ്കൂളിലെ ആറാം ക്ലാസുകാരി ശ്രീലക്ഷ്മിയും ചേര്‍ന്ന് ദീപശിഖ തെളിച്ചു.
എറണാകുളം മഹാരാജാസ് സ്റ്റേഡിയത്തിലെ സദസിനെ സാക്ഷി നിര്‍ത്തി കായികമേളയുടെ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിച്ചു. ടി.ജെ. വിനോദ് എംഎല്‍എ അധ്യക്ഷത വഹിച്ചു. സാംസ്കാരിക പരിപാടിയുടെ ഉദ്ഘാടനം നടന് മമ്മൂട്ടി നിര്‍വഹിച്ചു.
ഹൈബി ഈഡന് എംപി, എംഎല്‍എമാരായ എല്‍ദോസ് കുന്നപ്പിള്ളി, പി.വി. ശ്രീനിജന്, കെ.എന്‍. ഉണ്ണിക്കൃഷ്ണന്, ഉമ തോമസ്, കെ.ജെ. മാക്സി, മേയര്‍ എം. അനില്‍കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന്, കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഉദ്ഘാടനച്ചടങ്ങിനു മുന്നോടിയായി ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ ദീപശിഖാ പ്രയാണത്തിനും ഭാഗ്യചിഹ്നമായ ‘തക്കുടു’വിനും ജേതാക്കള്‍ക്കുള്ള മുഖ്യമന്ത്രിയുടെ പേരിലുള്ള ട്രോഫിക്കും ആവേശോജ്വലമായ സ്വീകരണം നല്കി.
ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍നിന്ന് എവർ റോളിംഗ് ട്രോഫിയും ദീപശിഖയും വഹിച്ചുള്ള പ്രയാണം നഗരം ചുറ്റി പ്രധാന വേദിയായ മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ എത്തിച്ചേര്‍ന്നു. തുടര്‍ന്ന് വിദ്യാഭ്യാസ ഡയറക്ടറുടെ ചുമതല വഹിക്കുന്ന ജീവന് ബാബു പതാക ഉയര്‍ത്തി.
ദീപശിഖ തെളിക്കാൻ ശ്രീലക്ഷ്മിയും
കൊച്ചി: ദീപശിഖ തെളിക്കാൻ ബ്രാന്‍ഡ് അംബാസഡര്‍ പി.ആര്. ശ്രീജേഷിനും വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിക്കുമൊപ്പം എത്തിയത് ഫോര്‍ട്ട്കൊച്ചി വെളി സ്കൂളിലെ ആറാം ക്ലാസുകാരി ശ്രീലക്ഷ്മി. ദീപശിഖ കൊളുത്താന്‍ ക്ഷണിച്ചപ്പോള്‍ ഭിന്നശേഷിക്കാരിയായ ശ്രീലക്ഷ്മി ആദ്യം ഒന്നു മടിച്ചു, ഫോട്ടോയെടുക്കാമെന്നു പറഞ്ഞതോടെ സമ്മതിച്ചു.
അങ്കണവാടി ഹെല്‍പ്പറായ രാജിയുടെയും കൂലിപ്പണിക്കാരനായ രാജേഷിന്റെയും മകളാണ്. തമിഴ്നാട് സ്വദേശികളായ ഇവര്‍ വര്‍ഷങ്ങളായി ഫോര്‍ട്ട്കൊച്ചിയിലാണ് താമസം. ഇന്ന് സേക്രഡ് ഹാര്‍ട്ട് എച്ച്എസ്എസില്‍ നടക്കുന്ന പെണ്‍കുട്ടികള്‍ക്കുള്ള ഹാന്‍ഡ്ബോള്‍ മത്സരത്തില്‍ ശ്രീലക്ഷ്മി ഉള്‍പ്പെടുന്ന ടീം മത്സരിക്കുന്നുണ്ട്.