കേരള സ്കൂള്‍ കായികമേളയ്ക്ക് ഇന്ന് തിരിതെളിയും
Monday, November 4, 2024 1:04 AM IST
കൊച്ചി: ഒളിമ്പിക്സ് മാതൃകയില്‍ നടത്തുന്ന പ്രഥമ കേരള സ്കൂള്‍ കായികമേളയ്ക്ക് ഇന്ന് തിരി തെളിയും. വൈകുന്നേരം നാലിന് എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ മന്ത്രിയും കായികമേള ബ്രാന്‍ഡ് അംബാസഡര്‍ ഒളിമ്പ്യന്‍ പി.ആര്. ശ്രീജേഷും ചേര്‍ന്നു ദീപശിഖയില് തിരികൊളുത്തും. സാംസ്കാരിക പരിപാടിയുടെ ഉദ്ഘാടനം നടന് മമ്മൂട്ടിയും നിര്‍വഹിക്കും.
മന്ത്രി പി. രാജീവ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മന്ത്രിമാരായ കെ. രാജന്, റോഷി അഗസ്റ്റിന്, കെ. കൃഷ്ണന്‍കുട്ടി, എ. അബ്ദുറഹ്മാന്, ആര്. ബിന്ദു, ജി.ആര്. അനില്‍, എം.ബി. രാജേഷ്, പി.എ. മുഹമ്മദ് റിയാസ്, ഒ.ആര്. കേളു, പ്രതിപക്ഷനേതാവ് വി.ഡി. സതീശന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജീവന് ബാബു, പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുക്കും.
3500 വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന മാര്‍ച്ച് പാസ്റ്റും ആലുവ മുതല്‍ ഫോര്‍ട്ട് കൊച്ചി വരെയുള്ള 32 സ്കൂളുകളില്‍നിന്നുള്ള 4,000 വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന സാംസ്കാരിക പരിപാടിയും ഉദ്ഘാടനത്തിന്റെ ഭാഗമായി ഉണ്ടാകും.
ഉദ്ഘാടനച്ചടങ്ങിനുശേഷം ബാന്‍ഡ് മാര്‍ച്ച്. തുടര്‍ന്ന് കൊച്ചിയെ പ്രതിനിധാനം ചെയ്ത് ക്വീനും ഫ്ലവര്‍ ഗേള്‍സും മാര്‍ച്ച് ചെയ്യും. 100 മുത്തുക്കുടകള്‍ അകമ്പടിയാകും. പിന്നാലെ ആയിരം പേര് അണിനിരക്കുന്ന സൂംബ. അതിനുശേഷം ആയിരം പേര് അണിനിരക്കുന്ന ഫ്രീ ഹാന്‍ഡ് എക്സര്‍സൈസ്. "ക്യൂന്‍ ഓഫ് അറേബ്യന്‍ സീ' സാംസ്കാരിക പരിപാടി, കൊച്ചിന് കാര്‍ണിവല്‍, അത്തച്ചമയം എന്നിങ്ങനെ രണ്ടു വിഭാഗമായിട്ടുള്ള കലാപരിപാടിയും ഉണ്ടാകും. ഇന്ന് ഉദ്ഘാടനച്ചടങ്ങുകള്‍ മാത്രമേ ഉണ്ടാകു. നാളെയാണു മത്സരങ്ങള്‍ ആരംഭിക്കുക.