ഇന്ത്യക്ക് 28 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ്
Sunday, November 3, 2024 1:35 AM IST
മുംബൈ: രോഹിത്തിനും സംഘത്തിനും ജയം കൈയെത്തും ദൂരത്തുണ്ട്... സന്ദർശകരുടെ രണ്ടാം ഇന്നിംഗ്സിലെ ശേഷിക്കുന്ന ഒരു വിക്കറ്റുകൂടി ഇന്നു രാവിലെ അതിവേഗം വീഴ്ത്തുക, തുടർന്ന് ലക്ഷ്യത്തിലേക്ക് ചാഞ്ചല്യമൊന്നുമില്ലാതെ ശ്രദ്ധയോടെ നീങ്ങുക.
ന്യൂസിലൻഡിനെതിരായ മൂന്നാം ടെസ്റ്റ് ക്രിക്കറ്റിൽ ജയം മുന്നിൽക്കണ്ടാണ് ഇന്ത്യൻ ടീം രണ്ടാം ദിനത്തിലെ കളി അവസാനിപ്പിച്ചത്. അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കിൽ മുംബൈ വാങ്കഡെയിൽ ഇന്ത്യ ഇന്നു ജയം സ്വന്തമാക്കും. പരന്പര കൈവിട്ടെങ്കിലും ഐസിസി ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് ഫൈനൽ സ്വപ്നം സജീവമായി നിലനിർത്താൻ ഇന്ത്യക്ക് അതോടെ സാധിക്കും.
28 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയ ന്യൂസിലൻഡ്, രണ്ടാം ദിനം അവസാനിക്കുന്പോൾ, രണ്ടാം ഇന്നിംഗ്സിൽ ഒന്‍പതു വിക്കറ്റ് നഷ്ടത്തിൽ 171 റണ്‍സ് എന്ന നിലയിലാണ്. ഒരു വിക്കറ്റ് മാത്രം ശേഷിക്കേ 143 റണ്‍സിന്റെ ലീഡാണ് കിവീസിനുള്ളത്. ലീഡ് 150 കടക്കുന്നതിനു മുന്‍പ് കിവീസിനെ പുറത്താക്കി, വിക്കറ്റ് അധികം കളഞ്ഞുകുളിക്കാതെ രോഹിത് ശർമയും സംഘവും ജയം നേടുന്നതിനായാണ് ആരാധകർ ഇന്നു വാങ്കഡെയിലേക്കു നോക്കുക.
പന്തും ഗില്ലും
രണ്ടാം ദിനമായ ഇന്നലെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിക്കാൻ ക്രീസിലെത്തിയത് ശുഭ്മാൻ ഗില്ലും ഋഷഭ് പന്തും. നാലു വിക്കറ്റ് നഷ്ടത്തിൽ 86 റണ്‍സ് എന്ന നിലയിലായിരുന്നു ഒന്നാം ദിനം ഇന്ത്യ ഒന്നാം ഇന്നിംഗ്സ് അവസാനിപ്പിച്ചത്. 31 റണ്‍സുമായി ഗില്ലും ഒരു റണ്ണുമായി ഋഷഭ് പന്തും ക്രീസിലെത്തി. അജാസ് പട്ടേലിനെ നിലംപറ്റെയുള്ള ഷോട്ടിലൂടെ ബൗണ്ടറി കടത്തി ഋഷഭ് പന്ത് തന്റെ മനസിലിരിപ്പു വ്യക്തമാക്കി. ഇരുവരും പതുക്കെ സ്കോറിംഗ് ഉയർത്തി.
ഇന്നിംഗ്സിലെ 27-ാം ഓവറിൽ ഗ്ലെൻ ഫിലിപ്സിന്റെ പന്തിൽ മാർക്ക് ചാപ്മാൻ ഗില്ലിനെ വിട്ടുകളഞ്ഞു. ജീവൻ തിരിച്ചുകിട്ടിയ ഗിൽ ഇഷ് സോധിയുടെ പന്ത് കവറിലൂടെ പറഞ്ഞയച്ച് സിംഗിളിലൂടെ അർധസെഞ്ചുറി തികച്ചു. നേരിട്ട 66-ാം പന്തിലായിരുന്നു ഗില്ലിന്റെ ഹാഫ്. ആക്രമിച്ചു കളിച്ച ഋഷഭ് പന്ത് തൊട്ടുപിന്നാലെ അർധശതകത്തിലെത്തി. നേരിട്ട 36-ാം പന്തിൽ പന്ത് അർധസെഞ്ചുറി തികച്ചു. 33 ഓവറിൽ 163/4 എന്ന നിലയിൽ ഡ്രിങ്ക്സ് ബ്രേക്ക്.
ബ്രേക്കിനുശേഷം തിരിച്ചെത്തിയ ഇന്ത്യക്ക് പന്തിനെ നഷ്ടപ്പെട്ടു. 59 പന്തിൽ രണ്ടു സിക്സും എട്ടു ഫോറും അടക്കം 60 റണ്‍സായിരുന്നു പന്തിന്റെ നേട്ടം. അഞ്ചാം വിക്കറ്റിൽ 96 റണ്‍സ് കൂട്ടുകെട്ട് ഗില്ലിനൊപ്പം സ്ഥാപിച്ച ശേഷമായിരുന്നു പന്ത് പവലിയനിലേക്കു നടന്നത്.
രവീന്ദ്ര ജഡേജ 25 പന്തിൽ 14 റണ്‍സിനു പുറത്ത്. തൊട്ടുപിന്നാലെ സർഫറാസ് ഖാൻ (0) അക്കൗണ്ട് തുറക്കും മുന്‍പ് മടങ്ങി. 90ൽ എത്തിയപ്പോൾ ഗില്ലും കീഴടങ്ങി. 146 പന്തിൽ ഒരു സിക്സും ഏഴു ഫോറും അടക്കമായിരുന്നു ഗിൽ 90 റണ്‍സ് നേടിയത്. അതോടെ നാലു വിക്കറ്റ് നഷ്ടത്തിൽ 180ൽനിന്ന് എട്ടിന് 227ലേക്ക് ഇന്ത്യ വീണു. വാഷിംഗ്ടണ്‍ സുന്ദർ (36 പന്തിൽ 38 നോട്ടൗട്ട്) മാത്രമാണ് വാലറ്റത്ത് ചെറുത്തുനിന്നത്. 28 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡുമായി ഇന്ത്യ ക്രീസ് വിട്ടു. മുംബൈയിൽ ജനിച്ച കിവീസ് സ്പിന്നർ അജാസ് പട്ടേൽ അഞ്ചു വിക്കറ്റ് സ്വന്തമാക്കി.
കറക്കിവീഴ്ത്തി
റാങ്ക് ടേണർ പിച്ചിൽ കുത്തിത്തിരിയുന്ന പന്തുകൾക്കു മുന്നിൽ രണ്ടാം ഇന്നിംഗ്സിൽ ന്യൂസിലൻഡിനു കാര്യമായൊന്നും ചെയ്യാൻ സാധിച്ചില്ല. ഇന്നിംഗ്സിലെ ആദ്യ ഓവറിന്റെ അഞ്ചാം പന്തിൽ ക്യാപ്റ്റൻ ടോം ലാഥത്തിന്റെ (1) വിക്കറ്റ് തെറിപ്പിച്ച് ആകാശ് ദീപാണ് ഇന്ത്യയുടെ കിവി വേട്ടയ്ക്കു തുടക്കമിട്ടത്.
ഡിവോണ്‍ കോണ്‍വെയും (22) വിൽ യംഗും (51) തമ്മിലുള്ള റണ്ടാം വിക്കറ്റ് കൂട്ടുകെട്ട് വാഷിംഗ്ടണ്‍ സുന്ദർ പൊളിച്ചടുക്കി. ഗള്ളിയിൽ ഗില്ലിന്റെ ക്യാച്ചിലൂടെയായിരുന്നു കോണ്‍വെ മടങ്ങിയത്. രചിൻ രവീന്ദ്രയെ (4) പുറത്താക്കി ആർ. അശ്വിനും വിക്കറ്റുവേട്ടയ്ക്കെത്തി. ഡാരെൽ മിച്ചലും (21) യംഗും ചേർന്ന് നാലാം വിക്കറ്റിൽ 50 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. മിച്ചലിനെ അശ്വിന്റെ കൈകളിലെത്തിച്ച് രവീന്ദ്ര ജഡേജയാണ് ഈ കൂട്ടുകെട്ടു പൊളിച്ചത്.
മിഡ് ഓഫിൽനിന്ന് പിന്നോട്ട് ഓടിയായിരുന്നു അശ്വിൻ ക്യാച്ച് എടുത്തതെന്നതും ശ്രദ്ധേയം. അർധസെഞ്ചുറി നേടിയ യംഗിനെ റിട്ടേണ്‍ ക്യാച്ചിലൂടെയും അശ്വിൻ മടക്കി. ഗ്ലെൻ ഫിലിപ്സ് (14 പന്തിൽ 26) സ്കോർ ഉയർത്താൻ ശ്രമിച്ചെങ്കിൽ അധികം ആയുസുണ്ടായിരുന്നില്ല. മാറ്റ് ഹെൻറി (10) ജഡേജയുടെ പന്തിൽ ബൗൾഡായതോടെ രണ്ടാം ദിനത്തിലെ മത്സരം അവസാനിച്ചു.
സ്കോർ ബോർഡ്
ന്യൂസിലൻഡ് ഒന്നാം ഇന്നിംഗ്സ്: 235.
ഇന്ത്യ ഒന്നാം ഇന്നിംഗ്സ്: യശസ്വി ബി അജാസ് 30, രോഹിത് സി ലാഥം ബി ഹെൻറി 18, ഗിൽ സി മിച്ചൽ ബി അജാസ് 90, സിറാജ് എൽബിഡബ്ല്യു ബി അജാസ് 0, കോഹ്ലി റണ്ണൗട്ട് 4, പന്ത് എൽബിഡബ്ല്യു ബി സോധി 60, ജഡേജ സി മിച്ചൽ ബി ഫിലിപ്സ് 14, സർഫറാസ് സി ബ്ലണ്ടെൽ ബി അജാസ് 0, വാഷിംഗ്ടണ്‍ നോട്ടൗട്ട് 38, അശ്വിൻ സി മിച്ചൽ ബി അജാസ് 6, ആകാശ് റണ്ണൗട്ട് 0, എക്സ്ട്രാസ് 3, ആകെ 59.4 ഓവറിൽ 263.
വിക്കറ്റ് വീഴ്ച: 1-25, 2-78, 3-78, 4-84, 5-180, 6-203, 7-204, 8-227, 9-247, 10-263.
ബൗളിംഗ്: ഹെൻറി 8-1-26-1, ഒറോക്ക് 2-1-5-0, അജാസ് 21.4-3-103-5, ഫിലിപ്സ് 20-0-84-1, രചിൻ 1-0-8-0, സോധി 7-0-36-1.
ന്യൂസിലൻഡ് രണ്ടാം ഇന്നിംഗ്സ്: ലാഥം ബി ആകാശ് 1, കോണ്‍വെ സി ഗിൽ ബി വാഷിംഗ്ടണ്‍ 22, യംഗ് സി ആൻഡ് ബി അശ്വിൻ 51, രചിൻ സ്റ്റംപ്ഡ് പന്ത് ബി അശ്വിൻ 4, മിച്ചൽ സി അശ്വിൻ ബി ജഡേജ 21, ബ്ലണ്ടെൽ ബി ജഡേജ 4, ഫിലിപ്സ് ബി അശ്വിൻ 26, സോധി സി കോഹ്ലി ബി ജഡേജ 8, ഹെൻറി ബി ജഡേജ 10, അജാസ് നോട്ടൗട്ട് 7, എക്സ്ട്രാസ് 17, ആകെ 43.3 ഓവറിൽ 171/9.
വിക്കറ്റ് വീഴ്ച: 1-2, 2-39, 3-44, 4-94, 5-100, 6-131, 7-148, 8-150, 9-171.
ബൗളിംഗ്: ആകാശ് 5-0-10-1, വാഷിംഗ്ടണ്‍ 10-0-30-1, അശ്വിൻ 16-0-63-3, ജഡേജ 12.3-2-52-4.