യുഎൻ കാലാവസ്ഥാ ഉച്ചകോടി: 30,000 കോടി ഡോളർ അപര്യാപ്തം
Monday, November 25, 2024 2:02 AM IST
ബാക്കു: ആഗോളതാപനത്തിന്റെ പ്രത്യാഘാതങ്ങൾ നേരിടുന്നതിന് ദരിദ്രരാഷ്ട്രങ്ങൾക്ക് 2035 മുതൽ പ്രതിവർഷം 30,000 കോടി ഡോളർ നല്കാൻ സന്പന്നരാജ്യങ്ങൾ സമ്മതിച്ചതോടെ ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ ഉച്ചകോടി സമാപിച്ചു. അതേസമയം, തുക ഒട്ടും പര്യാപ്തമല്ലെന്ന് ദരിദ്രരാജ്യങ്ങളും പരിസ്ഥിതി സംഘടനകളും ആരോപിച്ചു.
അസർബൈജാൻ തലസ്ഥാനമായ ബാക്കുവിൽ വെള്ളിയാഴ്ച അവസാനിക്കേണ്ടിയിരുന്ന ഉച്ചകോടി, ധനസഹായം സംബന്ധിച്ച ചർച്ചകളിൽ തീരുമാനം ഉണ്ടാകാതിരുന്നതിനെത്തുടർന്ന് ഇന്നലവരെ നീളുകയായിരുന്നു.
വികസിതരാജ്യങ്ങൾ വർഷം 1.3 ലക്ഷം കോടി ഡോളർവച്ചു നല്കണമെന്നായിരുന്നു വികസ്വര, അവികസിത രാജ്യങ്ങൾ ആവശ്യപ്പെട്ടത്. കാലാവസ്ഥാവ്യതിയാനത്തിനു കാരണമാകുന്ന ഹരിതവാതകങ്ങൾ ഏറ്റവും കൂടുതൽ പുറംതള്ളുന്ന സന്പന്ന രാജ്യങ്ങൾക്ക് ഇതിനുള്ള ഉത്തരവാദിത്വമുണ്ടെന്ന വാദം ഉച്ചകോടിയിൽ ശക്തമായിരുന്നു. അതേസമയം, ലോകത്തിലെ രണ്ടാമത്തെ വലിയ സന്പദ്വ്യവസ്ഥ നിലനിൽക്കുന്ന ചൈനയും സന്പത്തിൽ മുന്നിലുള്ള ഗൾഫ് രാജ്യങ്ങളും ഇപ്പോഴും വികസ്വര രാജ്യങ്ങളുടെ പട്ടികയിലാണെന്നും ഇവരും സഹായഫണ്ടിലേക്കു വിഹിതം നല്കണമെന്നും യൂറോപ്യൻ രാജ്യങ്ങൾ ആവശ്യപ്പെട്ടു.
ഇപ്പോൾ സമ്മതിച്ചിരിക്കുന്ന മുപ്പതിനായിരം കോടി വളരെ കുറവാണെന്നും തീരുമാനം വൈകിപ്പോയെന്നും ആഫ്രിക്കൻ രാജ്യങ്ങൾ ചൂണ്ടിക്കാട്ടി.
അംഗീകരിക്കാനാവില്ല: ഇന്ത്യ
മുപ്പതിനായിരം കോടി ഡോളർ തുക തീർത്തും അപര്യാപ്തമെന്ന് കാലാവസ്ഥാ ഉച്ചകോടിയിലെ ഇന്ത്യൻ പ്രതിനിധി ചാന്ദ്നി റെയ്ന വ്യക്തമാക്കി. ഇന്ത്യയുടെ നിലനിൽപ്പിനാവശ്യമായ നടപടികൾക്കു തുക പോരെന്നും രാജ്യങ്ങളെ അവഗണിച്ചുകൊണ്ടുള്ള തീരുമാനം അംഗീകരിക്കാനാവില്ലെന്നും അവർ പറഞ്ഞു.
ചാന്ദ്നിയുടെ പ്രതികരണം ആർപ്പുവിളികളോടും കൈയടികളോടും സ്വീകരിക്കപ്പെട്ടു. സഹായധനം സംബന്ധിച്ച ഉച്ചകോടിയുടെ തീരുമാനം അപമാനകരമാണെന്ന് നൈജീരിയ പറഞ്ഞു.
അടുത്തവർഷം ബ്രസീലിലെ ആമസോൺ മഴക്കാടുകളിലാണ് കാലാവസ്ഥാ ഉച്ചകോടി.