പാക്കിസ്ഥാനിൽ ഗോത്രവിഭാഗങ്ങൾ ഏറ്റുമുട്ടി; 37 പേർ കൊല്ലപ്പെട്ടു
Saturday, November 23, 2024 11:30 PM IST
പെഷവാർ: പാക്കിസ്ഥാനിൽ ഗോത്രവിഭാഗങ്ങൾ തമ്മിലാരംഭിച്ച ഏറ്റുമുട്ടലിൽ 37 പേർ കൊല്ലപ്പെടുകയും 30 പേർക്കു പരിക്കേൽക്കുകയും ചെയ്തു. ഖൈബർ പക്തൂൺഖ്വാ പ്രവിശ്യയിൽ അഫ്ഗാൻ അതിർത്തിയോടു ചേർന്ന ഖുറം ജില്ലയിൽ വെള്ളിയാഴ്ച രാത്രിയാണ് അലിസായ്, ബേഗം ഗോത്രങ്ങൾ തമ്മിൽ ഏറ്റുമുട്ടലാരംഭിച്ചത്. മരണസംഖ്യ ഉയരുമെന്നു പാക് വൃത്തങ്ങൾ പറഞ്ഞു.
വ്യാഴാഴ്ച ഖുറമിൽ സിവിലിയൻ വാഹനങ്ങൾക്കു നേർക്ക് അജ്ഞാതർ നടത്തിയ ആക്രമണത്തിൽ 47 പേർ കൊല്ലപ്പെട്ടതിന്റെ തുടർച്ചയാണിത്. ഈ ആക്രമണത്തിൽ മരിച്ച ഭൂരിഭാഗവും ഷിയാ വിഭാഗക്കാരായിരുന്നു.
ഏറ്റുമുട്ടലിൽ ഭവനങ്ങളും വ്യാപാരസ്ഥാപനങ്ങളും നശിച്ചിട്ടുണ്ട്. വിവിധ ഗ്രാമങ്ങളിലുള്ളവർ സുരക്ഷിത സ്ഥലങ്ങളിലേക്കു പലായനം ചെയ്തു. കർഫ്യൂവിനു സമാനമായ അന്തരീക്ഷത്തിൽ വിദ്യാഭ്യാസസ്ഥാപനങ്ങളടക്കം തുറന്നില്ല.
പ്രവിശ്യയിലെ നിയമമന്ത്രി, ചീഫ് സെക്രട്ടറി, പോലീസ് മേധാവി എന്നിവർ അടിയന്തരമായി ഹെലികോപ്റ്ററിൽ സ്ഥലത്തെത്തി. പതിറ്റാണ്ടുകളായി ഷിയ, സുന്നി വിഭാഗങ്ങൾ തമ്മിൽ സംഘർഷം നടക്കുന്ന സ്ഥലമാണു ഖുറം.
സെപ്റ്റംബറിൽ ഇവിടെ എട്ടു ദിവസം നീണ്ട ഏറ്റുമുട്ടലിൽ അന്‍പതിലധികം പേർ കൊല്ലപ്പെടുകയും 120 പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു.