മംഗളൂരുവിൽ രണ്ടുതലയുള്ള അപൂർവ പശുക്കിടാവ്
Friday, September 20, 2024 1:07 AM IST
കിന്നഗൊളി: കർണാടകയിലെ മംഗളൂരുവിൽ പ്രദേശവാസികൾക്കും മൃഗചികിത്സാവിദദ്ധർക്കും അത്ഭുതമായി രണ്ടുതലയുള്ള പശുക്കിടാവ് പിറന്നു. കിന്നഗൊളിയിലെ ജയറാം ജോഗിയെന്ന കർഷകന്റെ പശു ചൊവ്വാഴ്ചയാണ് ഒരൊറ്റ ഉടലിൽ രണ്ടു തലയുള്ള കിടാവിനു ജന്മം നൽകിയത്.
ഇപ്പോൾ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെങ്കിലും പശുക്കിടാവിന് ഏറെനാൾ ജീവിക്കാൻ സാധ്യമല്ലെന്നാണു നിഗമനം. ഇതുവരെ കിടാവ് പാൽകുടിച്ചുതുടങ്ങിയിട്ടില്ല. ഫീഡിംഗ് ബോട്ടിൽ ഉപയോഗിച്ചു പാൽ നൽകുന്നുണ്ടെന്നും ജയറാം ജോഗി പറഞ്ഞു.
പൊളിസെഫാലി എന്ന അവസ്ഥയാണ് പശുക്കിടാവിന്റേതെന്ന് മൃഗചികിത്സകർ പറയുന്നു. നാല് കണ്ണുകളുണ്ടെങ്കിലും രണ്ടെണ്ണത്തിനുമാത്രമേ കാഴ്ചശക്തിയുള്ളൂ. തലയുടെ ക്രമരഹിതമായ ഭാരം മൂലം നാലു കാലിൽ എഴുന്നേറ്റു നിൽക്കാനോ അമ്മയുടെ പാൽ കുടിക്കാനോ കഴിയാത്ത അവസ്ഥയാണു കിടാവിനുള്ളത്. അതുകൊണ്ടുതന്നെ ദീർഘകാലം ജീവിച്ചിരിക്കുക ദുഷ്കരമാണെന്നാണു വിലയിരുത്തൽ. സമീപ നാടുകളിൽനിന്നുവരെ ഒട്ടേറെപ്പേർ പശുക്കിടാവിനെ കാണാനെത്തുന്നുണ്ട്.