രാജ്യതലസ്ഥാനം ഭരിക്കാൻ വീണ്ടും വനിതാ മുഖ്യമന്ത്രി
Wednesday, September 18, 2024 1:57 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: ആം ആദ്മി പാർട്ടി തലവൻ അരവിന്ദ് കേജരിവാൾ രാജിവച്ചതിനെത്തുടർന്ന് മന്ത്രിയും മുതിർന്ന നേതാവുമായ അതിഷി (43) ഇനി ഡൽഹി മുഖ്യമന്ത്രി. ജയിൽമോചിതനായതിനെത്തുടർന്നു രണ്ടു ദിവസം മുന്പ് മുഖ്യമന്ത്രിസ്ഥാനത്തുനിന്നു രാജി പ്രഖ്യാപിച്ച കേജരിവാൾ തന്നെയാണ് ഇന്നലെ രാവിലെ ചേർന്ന എഎപി നിയമസഭാകക്ഷി യോഗത്തിൽ അതിഷിയെ മുഖ്യമന്ത്രിയായി നിർദേശിച്ചത്.
സുഷമ സ്വരാജിനും ഷീല ദീക്ഷിതിനും ശേഷം ഡൽഹിയുടെ മൂന്നാമത്തേതും ഏറ്റവും പ്രായം കുറഞ്ഞ തുമായ വനിതാ മുഖ്യമന്ത്രിയും മമത ബാനർജിക്ക് ഒപ്പം ഭരണത്തിലുള്ള രണ്ടാമത്തെ വനിതാ മുഖ്യമന്ത്രിയുമാകും അതിഷി.
നിയുക്ത മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിമാരോടൊപ്പം ഇന്നലെ ലഫ്. ഗവർണർ വി.കെ. സക്സേനയെ നേരിൽക്കണ്ടാണു കേജരിവാൾ രാജിക്കത്തു നൽകിയത്. പുതിയ സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ചു കത്തും നൽകി. സത്യപ്രതിജ്ഞ വൈകില്ലെന്നും തീയതി ഉടൻ തീരുമാനിക്കുമെന്നും എഎപി കേന്ദ്രങ്ങൾ അറിയിച്ചു.
കേജരിവാളിന്റെ വസതിയിൽ നടന്ന എംഎൽഎമാരുടെ യോഗത്തിൽ ഏകകണ്ഠമായാണ് അതിഷിയെ നേതാവായി തെരഞ്ഞെടുത്തത്. ധനം, റവന്യു, വിദ്യാഭ്യാസം, പൊതുമരാമത്ത്, ജലം, ഊർജം, നിയമം, വിജിലൻസ്, പ്ലാനിംഗ്, സർവീസസ് അടക്കം നിരവധി പ്രധാന വകുപ്പുകളുടെ കാബിനറ്റ് മന്ത്രിയായി പ്രവർത്തിച്ചുവരുകയായിരുന്നു അതിഷി. എഎപിയുടെ തുടക്കം മുതൽ രാഷ്ട്രീയത്തിൽ സജീവമായിരുന്നു.
നാലു മാസത്തിനകം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പു വരെ മാത്രമാകും താൻ ഡൽഹിയുടെ ഭരണച്ചുമതല നിർവഹിക്കുകയെന്നും തന്റെ"ഗുരു’ ആയ കേജരിവാൾതന്നെയാണു ഡൽഹിയുടെ ഒരേയൊരു മുഖ്യമന്ത്രിയെന്നും അതിഷി പറഞ്ഞു.
തെരഞ്ഞടുപ്പുകളടക്കം എഎപിയുടെ പ്രവർത്തനങ്ങളിൽ ഇനി കൂടുതൽ സജീവമാകുമെന്ന് കേജരിവാൾ പറഞ്ഞു. പാർട്ടിയുടെ പൂർണ പിന്തുണ ഉണ്ടായിരുന്നിട്ടും തെരഞ്ഞെടുപ്പിനു മുന്പായി മുഖ്യമന്ത്രിസ്ഥാനം രാജിവച്ചതിലൂടെ തന്ത്രപരമായ രാഷ്ട്രീയക്കളിയാണു കേജരിവാൾ നടത്തിയത്.
ബിജെപിക്കെതിരേ ദേശീയതലത്തിൽ ഇന്ത്യ സഖ്യത്തിൽ സജീവമാകുന്പോഴും ഡൽഹിയിൽ എഎപി ഒറ്റയ്ക്ക് മത്സരിക്കാനാണു സാധ്യത. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഡൽഹിയിൽ എഎപി- കോണ്ഗ്രസ് സഖ്യം പരാജയപ്പെട്ടിരുന്നു.
അതിഷി മർലേന സിംഗ് 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പു കാലം മുതലാണു പേരിന്റെ വാൽഭാഗം ഒഴിവാക്കി അതിഷി ആക്കിയത്.
ഡൽഹി സർവകലാശാലയിലെ അധ്യാപകരായ പ്രഫ. വിജയ് സിംഗ് തോമറിന്റെയും പ്രഫ. ത്രിപ്ത വഹിയുടെയും മകളായി 1981 ജൂണ് എട്ടിനു ജനിച്ച അതിഷിക്ക് മാർക്സ്, ലെനിൻ എന്നിവരുടെ പേരുകൾ ചേർത്താണ് മർലേന എന്ന മധ്യനാമം നൽകിയത്.
പഞ്ചാബി രാജ്പുട്ട് തോമർ സമുദായക്കാരനായിരുന്ന പിതാവ് തികഞ്ഞ മതേതരവാദിയായിരുന്നു. എന്നാൽ, മർലേന എന്നതു ക്രൈസ്തവ നാമം ആണെന്ന വ്യാജ പ്രചാരണം ബിജെപി കേന്ദ്രങ്ങൾ നടത്തിയതിനെത്തുടർന്ന് പേര് അതിഷി എന്നാക്കുകയായിരുന്നു.
ഡൽഹി സെന്റ് സ്റ്റീഫൻസ് കോളജിൽനിന്നു ചരിത്രത്തിൽ ബിരുദവും ഇംഗ്ലണ്ടിലെ ഓക്സ്ഫഡ് സർവകലാശാലയിൽനിന്ന് ഇംഗ്ലീഷിലും ചരിത്രത്തിലും ബിരുദാനന്തര ബിരുദവും അതിഷി സ്വന്തമാക്കിയിട്ടുണ്ട്.
ഓക്സ്ഫഡിൽ അഭിമാനകരമായ റോഡ്സ്, രാധാകൃഷ്ണൻ-ചെവനിംഗ് സ്കോളർഷിപ്പുകളും നേടി. ഹൈദരാബാദിൽ അധ്യാപികയും പിന്നീട് മധ്യപ്രദേശിൽ സാമൂഹ്യപ്രവർത്തകയുമായിരുന്നു.