ബിഹാറിൽ നഴ്സിനെ കൂട്ടബലാത്സംഗം ചെയ്യാൻ ശ്രമം, ഡോക്ടറടക്കം മൂന്നുപേർ അറസ്റ്റിൽ
Saturday, September 14, 2024 2:22 AM IST
പാറ്റ്ന: കോൽക്കത്തയിൽ വനിതാഡോക്ടെറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയതിന്റെ നടുക്കം വിട്ടുമാറുംമുന്പ് ബിഹാറിൽ സ്വകാര്യ ആശുപത്രിയിൽ നഴ്സിനെ കൂട്ടബലാത്സംഗം ചെയ്യാൻ ശ്രമം. സമസ്തിപുർ ജില്ലയിലെ മുഷ്രിഗരാരി ആർബിഎസ് ഹെൽത്ത് കെയർ സെന്ററിൽ കഴിഞ്ഞ ബുധനാഴ്ച രാത്രിയിലായിരുന്നു സംഭവം.
സംഭവവുമായി ബന്ധപ്പെട്ട് ആശുപത്രിയുടെ അഡ്മിനിസ്ട്രേറ്റർകൂടിയായ സഞ്ജയ്കുമാർ സഞ്ജു, ജീവനക്കാരായ സുനിൽ ഗുപ്ത, അവധേഷ് കുമാർ എന്നിവരെ അറസ്റ്റ് ചെയ്തു.
ജോലി കഴിഞ്ഞശേഷം മടങ്ങാനിരുന്ന നഴ്സിനെ ഡോ.സഞ്ജയ്കുമാർ സഞ്ജുവും കൂട്ടുപ്രതികളും കടന്നുപിടിക്കുകയായിരുന്നു. ഇതിനെ ചെറുത്ത നഴ്സ് ഡോക്ടറുടെ സ്വകാര്യഭാഗത്ത് സർജിക്കൽ ബ്ലേഡുകൊണ്ട് മുറിവേൽപ്പിച്ചശേഷം ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
രക്ഷപ്പെട്ടു പുറത്തേക്ക് ഓടിയെ നഴ്സിനെ അവധേഷും സുനിലും പിന്തുടർന്നെങ്കിലും കണ്ടെത്താനായില്ല. ഇതിനിടെ എമർജൻസി നന്പറിൽ പോലീസിനെ വിളിച്ച് നഴ്സ് വിവരം പറഞ്ഞതോടെ പോലീസ് സ്ഥലത്തെത്തി മൂന്നു പ്രതികളെയും പിടികൂടുകയായിരുന്നു.
പ്രതികൾ മദ്യലഹരിയിലായിരുന്നുവെന്നും സംഭവസ്ഥലത്തുനിന്ന് മദ്യക്കുപ്പിയും രക്തംപുരണ്ട ബെഡ്ഷീറ്റും മൂന്നു മൊബൈൽഫോണുകളും കണ്ടെടുത്തതായും പോലീസ് അറിയിച്ചു.