മണിപ്പുരിൽ കലാപം രൂക്ഷം: അഞ്ച് മരണം
Sunday, September 8, 2024 2:25 AM IST
ഇംഫാൽ: മണിപ്പുരിൽ കലാപം വീണ്ടും രൂക്ഷമാകുന്നു. ജിരിബാം ജില്ലയിൽ ഇന്നലെ വീട്ടിൽ ഉറങ്ങിക്കിടന്നയാളെയും ഗ്രാമീണ പ്രതിരോധസേനാ അംഗത്തെയും കലാപകാരികൾ വെടിവച്ചുകൊന്നു.
ഇതേത്തുടർന്നു പ്രതിരോധസേനാംഗങ്ങൾ ഒത്തുചേർന്നുള്ള പ്രത്യാക്രമണത്തിൽ മൂന്നു കലാപകാരികൾ കൊല്ലപ്പെട്ടു. സമീപദിവസങ്ങളിൽ ഇരുവിഭാഗങ്ങളും നടത്തിയ പോരാട്ടത്തിൽ അഞ്ചു പേർക്കു ജീവൻ നഷ്ടമായി. രണ്ട് പെൺകുട്ടികൾ ഉൾപ്പെടെ 16 പേർക്കു പരിക്കേൽക്കുകയും ചെയ്തു. പ്രത്യാക്രമണത്തിന് ഇരു വിഭാഗവും കോപ്പുകൂട്ടുകയാണ്.
ജിരിബാമിലെ നുങ്ചാബിയിൽ വീട്ടിൽ ഉറങ്ങിക്കിടന്ന 63 കാരനായ കുലേന്ദ്ര സിംഹയെയാണ് ഒരു സംഘം വെടിവച്ചുകൊന്നത്. ഇതിനുശേഷം റാഷിദ്പുരിലേക്കു നീങ്ങിയ കലാപകാരികളുടെ വെടിവയ്പിൽ പ്രതിരോധസേനാംഗമായ ബി. ലഖ്ഹികാന്ത ശർമയും മരിച്ചു. തുടർന്നായിരുന്നു ഇരുവിഭാഗവും ഏറ്റുമുട്ടിയത്.
സൈനികവേഷത്തിൽ എത്തിയ മൂന്നു കലാപകാരികളുടെ മൃതദേഹം വെടിയേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന് ജിരിബാം എസ്പി അറിയിച്ചു.
വെള്ളിയാഴ്ച രാത്രി ഇംഫാലിലും ഖബിസോയിയിലുമുള്ള മണിപ്പുർ റൈഫിൾസിന്റെ ആയുധസംഭരണകേന്ദ്രങ്ങൾ കൊള്ളയടിക്കാനും ശ്രമമുണ്ടായി. സംയുക്തസേന ഇവരെ പിരിച്ചുവിട്ടു. കലാപകാരികൾ നടത്തിയ വെടിവയ്പിൽ രണ്ടു പോലീസുകാർക്കു പരിക്കേറ്റു.
അന്നുതന്നെ മുൻ മുഖ്യമന്ത്രിയുടെ ബിഷ്ണുപുരിലെ വീടിനുനേരേ ഉൾപ്പെടെയുണ്ടായ റോക്കറ്റാക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും നാലു പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണു ജിരിബാമിൽ കലാപം രൂക്ഷമായത്. സമീപദിവസങ്ങളിൽ കലാപകാരികൾ ഡ്രോണുകളും റോക്കറ്റുകളുമടക്കം ഉപയോഗിച്ചാണ് ആക്രമണം നടത്തുന്നത്.
അതിനിടെ ജനങ്ങൾക്കു നേരേയുള്ള ആക്രമണത്തെ ചെറുക്കാൻ ഡ്രോൺ പ്രതിരോധ സംവിധാനം വിന്യസിച്ചതായി മണിപ്പുർ പോലീസ് അറിയിച്ചു. കൂടുതൽ ആയുധങ്ങൾ വാങ്ങാനും നടപടി തുടങ്ങിയതായി രഹസ്യാന്വേഷണവിഭാഗം ഐജി കെ. കബീബ് പറഞ്ഞു.
കരസേന ഹെലികോപ്റ്ററിന്റെ നിരീക്ഷണവും ഇതോടൊപ്പം തുടങ്ങി. പ്രശ്നബാധിത മേഖലയിൽ കൂടുതൽ സുരക്ഷാസേനാംഗങ്ങളെ വിന്യസിക്കുകയും ചെയ്തു. മലയോര മേഖലയിലും താഴ്വരയിലും പരിശോധനയും കർക്കശമാക്കിയെന്ന് അദ്ദേഹം പറഞ്ഞു.
എംഎൽഎമാരുടെ അടിയന്തരയോഗം
ഇംഫാൽ: കലാപം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ മുഖ്യമന്ത്രി എൻ. ബിരേൻ സിംഗ് ഭരണകക്ഷി എംഎൽഎമാരുടെ യോഗം വിളിച്ച് സ്ഥിതിഗതികൾ ചർച്ച ചെയ്തു. ബിജെപിയും നാഗ പീപ്പിൾസ് ഫ്രണ്ടും നാഷണൽ പീപ്പിൾസ് പാർട്ടിയും (എൻപിപി) അടങ്ങുന്നതാണ് ഭരണസഖ്യം.
ക്രമസമാധാനനില ചർച്ച ചെയ്യാനാണ് യോഗം വിളിച്ചത്. മുഖ്യമന്ത്രിയുടെ വസതിയിൽ ചേർന്ന യോഗത്തിൽ ജനവാസമേഖലയിലേക്കു നടക്കുന്ന ആക്രമണം ഉൾപ്പെടെ ചർച്ചചെയ്തു. ഇതിനുശേഷം എംഎൽഎമാർക്കൊപ്പം മുഖ്യമന്ത്രി ഗവർണറെ സന്ദർശിച്ചു.