സംസ്ഥാന സ്കൂൾ കലോത്സവം : വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തിയെന്നു മന്ത്രി
1490842
Sunday, December 29, 2024 6:50 AM IST
തിരുവനന്തപുരം: ജനുവരി നാലു മുതൽ എട്ടുവരെ തിരുവനന്തപുരത്തു നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവം മികച്ച രീതിയിൽ സംഘടിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ച് കഴിഞ്ഞതായി മന്ത്രി വി. ശിവൻകുട്ടി.
63 -ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി ശിക്ഷക് സദനിൽ ചേർന്ന സംഘാടക സമിതി കൺവീനർമാരുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. മേളയുടെ ഉദ്ഘാടനം ജനുവരി നാലിനു രാവിലെ 10ന് സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്തി പിണറായി വിജയൻ നിർവഹിക്കും.
ഒൻപതര മിനിറ്റ് ദൈർഘ്യമുള്ള കലോത്സവ സ്വാഗതഗാനത്തോടൊപ്പം കലാമണ്ഡലം ചിട്ടപ്പെടുത്തിയ നൃത്താവിഷ്്കാരം വേദിയിൽ അവതരിപ്പിക്കും. ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് വയനാട്, വെള്ളാർമല സ്കൂളിലെ വിദ്യാർഥികൾ നൃത്ത ശിൽപ്പമൊരുക്കും.
നഗരത്തിലെ 25 വേദികളിലായി 249 ഇനങ്ങളിലാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. പതിനയ്യായിരം കലാപ്രതിഭകൾ മേളയിൽ മാറ്റുരയ്ക്കും. ഉദ്ഘാടന, സമാപന ചടങ്ങുകൾക്ക് 10,000 വിദ്യാർഥികൾ പങ്കെടുക്കും.
മത്സരം നടക്കുന്ന 25 വേദികളിലും കായിക മേളയ്ക്ക് സമാനമായി ജനനേതാക്കളെ പങ്കെടുപ്പിച്ചു സംഘാടകസമിതി രൂപീകരിക്കും. പ്രചാരണത്തിന്റെ ഭാഗമായി എല്ലാ സ്കൂളുകളിലും കലോത്സവത്തിന്റെ പോസ്റ്ററുകൾ, ബാനർ എന്നിവ പ്രദർശിപ്പിക്കണമെന്നും മന്ത്രി നിർദേശിച്ചു.
സ്വർണക്കപ്പ് കാസർഗോഡ് നിന്നും പുറപ്പെട്ടു തിരുവനന്തപുരം നഗരാതിർത്തിയിൽ പ്രവേശിക്കുമ്പോൾ പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിനു മുന്നിൽ സ്വീകരണം ഒരുക്കും.
ഡിസംബർ 30, 31 തീയതികളിൽ സ്കൂൾ തലത്തിൽ കലോത്സവത്തിന് വേണ്ടിയുള്ള ഭക്ഷ്യ വസ്തുക്കൾ ശേഖരിക്കും.
ജനുവരി ഒന്നിന് വിവിധ സ്കൂളുകളിൽ നിന്നും ശേഖരിച്ച ഭക്ഷ്യവസ്തുക്കൾ എംഎൽഎ മാരുടെ സാന്നിദ്ധ്യത്തിൽ ഏറ്റുവാങ്ങും.