സംസ്ഥാനത്തെ നിരത്തുകളിൽ തുടരെത്തുടരെ അശ്രദ്ധയും മത്സര ഓട്ടവും മദ്യവും മയക്കുമരുന്നും ഉപയോഗിച്ചുള്ള ഡ്രൈവിങ്ങും നിരപരാധികളായ നിരവധി ജീവനുകളാണ് അപഹരിച്ചത്. നിരവധി നിയമലംഘനങ്ങൾ ജീവൻ അപഹരിക്കുമ്പോൾ ഉറ്റവർക്കും ഉടയവർക്കും
ഇന്‍ഷ്വറൻസ് കവറേജ് ഉപയോഗപ്പെടുത്തി വൻ തുക വാങ്ങിക്കൊടുക്കുന്നതിൽ ഒതുങ്ങരുത് നിയമ വ്യവസ്ഥകൾ. കുടുംബത്തിന് സഹായം ലഭ്യമാക്കുന്നതോടൊപ്പം ഇത്തരം നിയമലംഘനങ്ങൾ നടത്തി അപകടങ്ങൾ ക്ഷണിച്ചു വരുത്തുന്ന ഡ്രൈവർമാർക്കും വാഹനത്തിന്റെ ഉടമയ്ക്കും കടുത്ത ശിക്ഷണനടപടികൾ സ്വീകരിക്കുകയും അത്തരം വ്യക്തികളുടെ ഡ്രൈവിംഗ് ലൈസൻസ് എന്നെന്നേക്കുമായി റദ്ദാക്കുകയും കൊലക്കൊറ്റത്തിന് കേസെടുക്കുകയും ചെയ്യണം.
മോട്ടോർ വാഹന നിയമങ്ങൾ കാലാനുസൃതമായി പരിഷ്കരിച്ച് ശിക്ഷണ നടപടികൾ കർക്കശമാക്കുകയും ചെയ്യണം. ഒപ്പം മൂന്നുമാസത്തിൽ ഒരിക്കലെങ്കിലും ആർടിഒ ഓഫീസ് കേന്ദ്രീകരിച്ച് കെഎസ്ആര് ടിസി, സ്വകാര്യ വാഹന ഡ്രൈവർമാർക്ക് ബോധവത്കരണവും പരിശീലനവും നൽകണം. ഒപ്പം മൂന്നു മാസത്തിൽ ഒരിക്കൽ അപകടരഹിത ഡ്രൈവിംഗ് നടത്തിയവരെ ഗുഡ് എൻട്രി നൽകി ആദരിക്കണം.
ക്ലാസിൽ പങ്കെടുത്ത ഡ്രൈവർമാരുടെ ഹാജർ രേഖപ്പെടുത്തുകയും ഡ്രൈവിംഗ് ലൈസൻസിൽരേഖപ്പെടുത്തുകയും ചെയ്യണം. തുടർച്ചയായി മൂന്ന് ക്ലാസിൽ പങ്കെടുക്കാത്ത ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യണം. ഇങ്ങനെ മോട്ടോർ വാഹന വകുപ്പും പോലീസും കർക്കശമായ ബോധവത്കരണവും പരിശീലനവും നിയമനടപടികളും സ്വീകരിച്ച് നമ്മുടെ റോഡുകളിലെ അപകടങ്ങൾ പരമാവധി കുറയ്ക്കാൻ അധികൃതർ തയാ റാകണം.
റോയി വർഗീസ്, ഇലവുങ്കൽ മുണ്ടിയപ്പള്ളി.