ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്, രണ്ടു ദിവസങ്ങളിലായി ദീപികയിൽ എഴുതിയ, ‘ഭിന്നശേഷിയിൽ തട്ടിത്തെറിക്കുന്ന അധ്യാപകജീവിതം’ എന്ന ലേഖനം, മനഃസാക്ഷി മരവിക്കാത്ത എല്ലാവരുടെയും കണ്ണ് തുറപ്പിക്കുന്നതായിരുന്നു.
11 മാസത്തെ ശന്പളം കിട്ടാതായപ്പോൾ, എറണാകുളം ട്രാക്കോ കേബിളിലെ പി. ഉണ്ണി എന്ന ജീവനക്കാരന് ആത്മഹത്യ ചെയ്യേണ്ടിവന്നുവെങ്കിൽ, ഏഴും എട്ടും വർഷമായി ഒരു രൂപപോലും ശന്പളം കിട്ടാതെ ജോലി ചെയ്യുന്ന എയിഡഡ് സ്കൂളുകളിലെ പതിനയ്യായിരത്തിലധികം അധ്യാപകരും ആത്മഹത്യയുടെ വക്കിലാണെന്നു പൊതുസമൂഹം തിരിച്ചറിയണം.
കേരളത്തിൽ, ട്രാക്കോ കേബിൾ പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലും എയിഡഡ് സ്കൂളുകളിലും ശന്പളമില്ലാതെ ജോലി ചെയ്യുന്നവരുടെ കൃത്യമായ കണക്ക് സർക്കാർ പുറത്തുവിടണം. ഇല്ലെങ്കിൽ മാധ്യമങ്ങൾ അതു പുറത്തുകൊണ്ടുവരണം. എന്നാൽ മാത്രമേ, കുറേ മനുഷ്യരെ ഒരു രൂപപോലും കൂലി കൊടുക്കാതെ വർഷങ്ങളായി ജോലി ചെയ്യിക്കുന്ന കൊടിയ മനുഷ്യാവകാശലംഘനം പുറത്തു വരൂ.
ഒരു ദിവസത്തെ കൂലിപോലും കൊടുക്കാതിരിക്കുകയോ, വച്ചു താമസിപ്പിക്കുകയോ ചെയ്യുന്നതുപോലും കടുത്ത മനുഷ്യാവകാശ ലംഘനം ആയിരിക്കെയാണ്, ഏഴും എട്ടും വർഷം ജോലി ചെയ്യിച്ചിട്ട് ഒരു രൂപപോലും കൂലി കൊടുക്കാതിരിക്കുന്നത്. അതും, പാടത്തെ ജോലിക്ക് വരന്പത്തു കൂലി എന്ന നയം സ്വീകരിക്കുന്ന തൊഴിലാളി പാർട്ടിയുടെ സർക്കാർ തന്നെയാണ് ഇതു ചെയ്യുന്നത് എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം. ക്ഷേമപെൻഷൻ കിട്ടാത്തതിന്റെ പേരിൽ പിച്ചച്ചട്ടിയുമായി തെരുവിലിറങ്ങിയ മറിയക്കുട്ടിയെപ്പോലെ, ഈ ഹതഭാഗ്യരും പിച്ചച്ചട്ടി എടുക്കണോ?
ജോണ്സണ് പറന്പേട്ട്, വെട്ടിമുകൾ, ഏറ്റുമാനൂർ