എയ്ഡഡ് സ്കൂൾ നിയമന പ്രതിസന്ധിയും നിയമിച്ച അധ്യാപകരുടെ ദുരിതവും വിവരിക്കുന്ന കല്ലറങ്ങാട്ട് പിതാവിന്റെ ലേഖനം കണ്ടു. ആരാണ് ഉത്തരവാദി? ഉത്തരം കണ്ടെത്താൻ അംബേദ്കർ പറഞ്ഞ വാക്കുകൾ ശ്രദ്ധിച്ചാൽ മതി. “ഈ സ്വാതന്ത്ര്യം നമുക്ക് വലിയ ഉത്തരവാദിത്വം തരുന്നു എന്ന് മറക്കരുത്.
ഈ സ്വാതന്ത്ര്യം കിട്ടുന്നതോടുകൂടി, ഇനി എന്തെങ്കിലും മോശമായാൽ ബ്രിട്ടീഷുകാരെ പഴിചാരി രക്ഷപ്പെടാൻ പറ്റില്ല, മറിച്ച് നാം നമ്മളെതന്നെ പഴിചാരേണ്ടിവരും.”
നമ്മുടെ കോടതിയും സർക്കാരും ബ്യൂറോക്രസിയും വേണം ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ. നിർഭാഗ്യമെന്നു പറയട്ടെ ഇവരെല്ലാം ഇപ്പോഴും ഒരു കൊളോണിയൽ മാനസികാവസ്ഥയിലാണ് പ്രവർത്തിക്കുന്നതെന്ന് പറയേണ്ടിവരും.
കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രിയെന്ന രീതിയിലാണ് ഇവയെല്ലാം പ്രവർത്തിക്കുന്നത്. ഇനിയെന്നാണ് ഇവരൊക്കെ ജനങ്ങൾക്കുവേണ്ടി ഭരണം നടത്തുന്നത് എന്നറിയാൻ ജനങ്ങൾക്ക് അവകാശമുണ്ട്. പ്രശ്നപരിഹാരത്തിനല്ലേ ഇവരെയെല്ലാം നികുതിപ്പണം കൊടുത്ത് ജനങ്ങൾ തീറ്റിപ്പോറ്റുന്നത്? എയ്ഡഡ് കോളജുകളുടെയും സ്ഥിതി വ്യത്യസ്തമല്ല.
ഓരോ മേഖലയിലെയും പ്രശ്നപരിഹാരത്തിനായി നീണ്ട കാത്തിരിപ്പ്. ഭരണഘടനാ സ്ഥാപനങ്ങളുടെ മുന്പിലുള്ള യാചനയും ജനങ്ങളുടെ ദുരിതവും കാണുന്പോൾ നാം ഇപ്പോഴും വിദേശഭരണത്തിനു കീഴിലാണോ എന്നു സംശയിച്ചാൽ തെറ്റു പറയാൻ കഴിയില്ല.
ഏതു പ്രശ്നവും പരിഹരിക്കണമെങ്കിൽ അവശ്യം വേണ്ടത് നാം നമുക്കുവേണ്ടിയാണ് ഭരണം നടത്തുന്നതെന്ന് ജനങ്ങളും ഭരണാധികാരികളും തിരിച്ചറിയുകയാണ്. അല്ലാത്തപക്ഷം ഏതു വിഷയമാകട്ടെ, അതിനെക്കുറിച്ച് ഇങ്ങനെ സമരവും പ്രതിഷേധവുമായി ജീവിക്കാൻ വിധിക്കപ്പെട്ടവരായി നാം മാറും. അംബേദ്കർ പറഞ്ഞതുപോലെ നാം നമുക്കു കിട്ടിയ സ്വാതന്ത്ര്യത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടതുണ്ട്. ഇനിയും പഴിചാരാൻ ബ്രിട്ടീഷുകാർ ഇല്ലെന്നോർക്കണം.
പ്രഫ. പി.ജെ. തോമസ് പത്തിൽച്ചിറ, ചങ്ങനാശേരി