സഹകരണ ബാങ്കുകളിലെ ക്വട്ടേഷൻ ഭരണം എന്ന ശീർഷകത്തിൽ ദീപികയിൽ വന്ന മുഖപ്രസംഗം സഹകാരികളുടെ വികാരം പ്രതിഫലിപ്പിക്കുന്നതായിരുന്നു. ക്രമക്കേട് കണ്ടെത്തിയ സഹകരണ സംഘങ്ങളുടെ എണ്ണം 2019ൽ 121 ആയിരുന്നെങ്കിൽ 2024ൽ അത് 272 ആയി വർധിച്ചു. ബാങ്ക് ജീവനക്കാരും രാഷ്്ട്രീയക്കാരായ ബാങ്ക് ഭാരവാഹികളും തങ്ങളുടെ സ്വന്തക്കാർക്കും പാർട്ടിക്കാർക്കും മതിയായ ഈടില്ലാതെ നൽകിയ വൻകിട വായ്പകൾ തിരിച്ചടയ്ക്കാതെ വന്നതാണ് സഹകരണ മേഖലയിലെ പ്രതിസന്ധിക്ക് മുഖ്യകാരണം.
അംഗത്വം നൽകുന്നതിലും കെവൈസി രേഖപ്പെടുത്തുന്നതിലും പോലും ക്രമക്കേടുണ്ട്.
ഇതെല്ലാം ചൂണ്ടിക്കാട്ടി എൻഫോഴ്സ്മെന്റ് ഡയറക്്ടറേറ്റും സഹകരണ രജിസ്ട്രാറും സർക്കാരിന് റിപ്പോർട്ട് നൽകിയിട്ടും ഒരു നടപടിയുമുണ്ടായില്ല. ക്രമക്കേട് റിപ്പോർട്ട് ചെയ്ത ഓഡിറ്ററെ സസ്പെൻഡ് ചെയ്ത സംഭവം പോലും ഉണ്ടായിട്ടുണ്ട്. കുറ്റക്കാരെ സംരക്ഷിക്കുന്ന സമീപനമാണ് സർക്കാരിന്റെത്.
അടുത്ത കാലത്ത് സർക്കാർ കൊണ്ടുവന്ന സഹകരണ നിയമ ഭേദഗതിയും പരാജയമാണെന്ന് തെളിഞ്ഞിരിക്കുന്നു. വിശ്വാസ്യത തകർന്നാൽ സഹകരണ മേഖലയുടെ അടിത്തറ തകരും. മുഖപ്രസംഗത്തിൽ നിർദേശിക്കുന്നതു പോലെ അഴിമതിക്കാരായ രാഷ്്ട്രീയക്കാരെ പുറത്താക്കി സഹകരണ സംഘങ്ങൾ പ്രഫഷണലുകളെ ഏല്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
സെബാസ്റ്റ്യൻ പാതാന്പുഴ, തൊടുപുഴ