പ്രാഥമിക സഹകരണ സംഘങ്ങളിൽനിന്നെടുക്കുന്ന വായ്പകൾ ഒറ്റത്തവണ തീർപ്പാക്കൽ ആനുകൂല്യത്തോടെ അടച്ചുതീർക്കുന്നവർക്ക് രണ്ടു വർഷത്തേക്കു പുതിയ വായ്പ നൽകേണ്ടതില്ലെന്ന സഹകരണ രജിസ്ട്രാറുടെ നിർദേശം നീതിക്കു നിരക്കാത്തതും പ്രതിഷേധാർഹവുമാണ്.
നവകേരളം കുടിശിക നിവാരണവുമായി ബന്ധപ്പെട്ട സഹകരണ രജിസ്ട്രാറുടെ ഉത്തരവിലാണ് ഇത്തരമൊരു നിർദേശമുള്ളത്. സാധാരണക്കാർക്ക്, പ്രത്യേകിച്ച് കർഷകർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നതാണിത്. വായ്പക്കാരനു മാത്രമല്ല, കുടുംബാംഗങ്ങൾക്കും ഈ നിബന്ധന ബാധകമാക്കിയിരിക്കുകയാണ്.
വലിയ തുക വായ്പയെടുത്ത ശേഷം തിരിച്ചടയ്ക്കുന്നതിൽ വീഴ്ചവരുത്തുകയും പിന്നീട് ഒറ്റത്തവണ തീർപ്പാക്കലിലൂടെ പിഴപ്പലിശ ഒഴിവാക്കി തീർപ്പാക്കുകയും ചെയ്യുന്നത് സാധാരണമായ സാഹചര്യത്തിലാണ് ഇത്തരമൊരു നിർദേശം നൽകിയിട്ടുള്ളത്.
എന്നാൽ, ഈ നിർദേശം ഏറെയും പ്രതികൂലമായി ബാധിക്കുക സാധാരണക്കാരെയാണ്. ചെറിയ സംഖ്യ വായ്പ വേണ്ടവർക്കുപോലും അത് യഥാസമയം ലഭിക്കാതെ വരും.
സാധാരണക്കാരും ചെറുകിട കർഷകരും വായ്പക്ക് കൂടുതലും സമീപിക്കുന്നത് സഹകരണ സംഘങ്ങളെയാണ്. ഒരിക്കലെടുത്ത വായ്പ അടച്ചുതീർത്താൽ താമസിയാതെതന്നെ പുതിയ വായ്പ വേണ്ട സാഹചര്യം പലർക്കും ഉണ്ടായെന്നിരിക്കും.
ചെറിയ തുക വായ്പയെടുക്കുന്നവരെ ഈ നിബന്ധനയിൽനിന്ന് ഒഴിവാക്കേണ്ടതാണ്. ഇക്കാര്യത്തിൽ സഹകരണ വകുപ്പിന്റെ സജീവ ഇടപെടൽ ആവശ്യപ്പെടുന്നു.
മുരളിമോഹൻ, മഞ്ചേരി, മലപ്പുറം