രണ്ടായിരാമാണ്ടിൽ എല്ലാവർക്കും അരോഗ്യം എന്ന ലോകാരോഗ്യ സംഘടനയുടെ ആഹ്വാനം കേട്ടും പഠിച്ചും വളർന്ന ഒരു തലമുറ ഉണ്ടായിരുന്നു. എല്ലാം ശുഭമാകും എന്നു പ്രതീക്ഷിച്ച ഒരു കാലം. പക്ഷേ അതുണ്ടായില്ല. ഇനിയും മനസിലാകാത്ത രോഗങ്ങളെക്കുറിച്ചും പിടിപെട്ട രോഗങ്ങളുണ്ടാക്കുന്ന തീരാത്ത അസ്വസ്ഥതകളെക്കുറിച്ചും വ്യാകുലരായ തലമുറയാണ് നമ്മുടേത്.
ആരാണ് ഇതിന് ഉത്തരവാദികൾ? മാറിമാറി വന്ന ഭരണാധികാരികൾ തന്നെയെന്നതിൽ സംശയം വേണ്ട. കൊച്ചുകേരളത്തിൽ ഇത്രയധികം രോഗങ്ങളും ആശുപത്രികളും 25 വർഷംകൊണ്ട് ഉണ്ടായതാണ്. പണത്തിനോട് മനുഷ്യന്റെ ആർത്തി വർധിച്ചപ്പോൾ നിത്യവും ഉപയോഗിക്കുന്ന ആഹാര അസംസ്കൃത വസ്തുക്കളിൽ മായം ചേർക്കാൻ തുടങ്ങി. അവയിൽ പലതും ജീവഹാനി വരെ ഉണ്ടാക്കുന്ന രാസവസ്തുക്കൾതന്നെ.
മായം ചേർക്കുന്നതിന് ഇന്ത്യൻ ശിക്ഷാനിയമം വളരെ കടുത്ത ശിക്ഷ പറയുന്നുണ്ടെങ്കിലും നടപ്പാക്കാനോ നടപടി സ്വീകരിക്കാനോ കഴിയുന്നില്ല. കാരണം, ഇത്തരം ലോബികളുമായി ഭരണാധികാരികൾ ചങ്ങാത്തത്തിലാണ്. രണ്ടുമൂന്നു തലമുറ ഈ വിഷപദാർഥങ്ങളുടെ ഉപയോഗത്താൽ നിത്യരോഗികളായി മാറിക്കഴിഞ്ഞു എന്നുള്ളതാണ് യാഥാർഥ്യം.
45 വർഷമായി ആരോഗ്യ സാക്ഷരതാരംഗത്ത് ആരോഗ്യ ബോധവത്കരണ മാജിക്ഷോ നടത്തിവരികയാണ് ലേഖകൻ. കേരളത്തിലെ മാർക്കറ്റിൽ വിൽക്കാൻ പാടില്ലാത്ത നൂറുകണക്കിന് ഉത്പന്നങ്ങൾ ഉണ്ടെന്നത് യാഥാർഥ്യമാണ്.
അത്തരം ഉത്പന്നങ്ങളും ഉത്പാദകരെയും കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കാൻ കഴിയാത്തതാണ് ഇവ പെരുകാൻ കാരണം. നമ്മുടെ സിനിമാതാരങ്ങളടക്കം മോഡലുകൾ പരസ്യങ്ങളിലൂടെ നമ്മോട് പറയുന്ന ഗുണങ്ങൾ യാഥാർഥ്യമാണോ എന്ന് അവർക്ക് ഉറപ്പുപറയുവാൻ കഴിയുമോ? അതിന്റെ ഉത്തരവാദിത്വവും അവർ ഏറ്റെടുക്കുമോ? ഇത്തരത്തിലുള്ള ബോധവത്കരണം നിയമം കൈകാര്യം ചെയ്യുന്നവരുടെ ഭാഗത്തുനിന്നു തുടങ്ങിയിട്ടുണ്ടെന്നതിൽ സന്തോഷം.
മാർക്കറ്റിലുള്ള ഭക്ഷ്യവസ്തുക്കൾ പരിശോധിച്ച് ഗുണനിലവാരം ഉറപ്പു വരുത്തുകയെന്നത് ആരോഗ്യവകുപ്പിന്റെ ചുമതലയാണ്. ഗുണനിലവാരമില്ലാത്ത നൂറുകണക്കിന് ഉത്പന്നങ്ങൾ നിരോധിച്ചാൽ മലയാളി വിഷം തിന്നുന്നതിൽനിന്ന് മോചനം ലഭിക്കും. ഇതാണു ഭക്ഷ്യമന്ത്രിയോട് അഭ്യർഥിക്കാനുള്ളത്.
മജീഷ്യൻ നാഥ്