അനർഹർ സാമൂഹ്യസുരക്ഷാ പെൻഷൻ കൈപ്പറ്റി ഖജനാവ് കൊള്ളയടിച്ചത് തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ വീഴ്ച മൂലം എന്ന ധനവകുപ്പിന്റെ കണ്ടെത്തൽ വാർത്ത കൗതുകകരം എന്നേ പറയാനാകൂ. ഭരണ നിർവഹണത്തിലെ കെടുകാര്യസ്ഥതയ്ക്ക് ദൃഷ്ടാന്തങ്ങളാണ് ഇതും ഇമ്മാതിരി ഏറെ കാര്യങ്ങളും.
ക്ഷേമ പെൻഷൻ സംബന്ധിച്ച തീർപ്പു കല്പിക്കുന്ന പ്രക്രിയയിൽ ഗൗരവതര ഉത്തരവാദിത്വം പഞ്ചായത്തിലെ തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിക്കായിരിക്കെ അവരുടെ നിർദേശത്തിനു വഴിപ്പെട്ട് പ്രവർത്തിച്ച ഉദ്യോഗസ്ഥരിലേക്കു മാത്രം വീഴ്ചയുടെ ഉത്തരവാദിത്വം എത്തിക്കുക എന്നത് ഒരു "അജൻഡ' ആണോ? അങ്ങനെ ആരും കുറ്റക്കാർ അല്ല എന്ന കഥയും ആകും അവസാനം.
അതാത് കാലയളവിൽ ജനപ്രതിനിധികൾ ആയിരുന്നവർ വീഴ്ചയുടെ ഉത്തരവാദിത്വം ഏറ്റ് നഷ്ടപരിഹാരം ഉണ്ടാക്കുന്നതിന് ബാധ്യസ്ഥരാണെന്ന് വരണം; ഒപ്പം നിയമം തെറ്റിച്ച് ആനുകൂല്യം വിതരണം ചെയ്യാൻ തയാറായ ഉദ്യോഗസ്ഥരും. അനർഹമായ ആനുകൂല്യം കൈപ്പറ്റിയവരിൽനിന്നും തിരിച്ചു പിടിക്കലും ഉണ്ടാകണം.
കാലാകാലങ്ങളിൽ തങ്ങൾ ഇറക്കുന്ന ഉത്തരവുകൾ പാലിക്കപ്പെടുന്നു എന്ന് ഉറപ്പു വരുത്തേണ്ട ചുമതലയിൽനിന്ന് ധനവകുപ്പിന് ഒഴിഞ്ഞുമാറാമോ?
ജോസ് ഏബ്രഹാം, കാട്ടിപ്പറമ്പിൽ (വൈക്കം)