ഇച്ഛാശക്തിയും ദിശാബോധവും ഇല്ലാത്ത ഭരണാധികാരികൾ കാരണം പേപ്പട്ടിയെ പേടിച്ചു വഴി നടക്കാൻ കഴിയാത്ത അവസ്ഥ വിപുലപ്പെടുത്തി കാട്ടുപന്നികളും ഈ നാട് കീഴടക്കിത്തുടങ്ങി... നാട്ടിൽനിന്നു കൃഷി എന്നേ അപ്രത്യക്ഷമായി. ഏഴോ എട്ടോ സെന്റില്പോലും കൃഷി ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്...!
പത്തു മൂട് മരച്ചീനി നട്ടാൽപോലും വേര് പിടിക്കുന്നതിനു മുൻപു തന്നെ കാട്ടുപന്നികൾ അതു കുത്തിമറിച്ച് നശിപ്പിക്കുകയാണ്. മുന്പായിരുന്നു കാട്ടുപന്നികൾ എന്ന് വിളിക്കേണ്ടിയിരുന്നത്... ഇന്നിവ നാട്ടുപന്നികളായി മാറിക്കഴിഞ്ഞു!
കാടുപിടിച്ചു കിടക്കുന്ന പ്രദേശത്തു മാത്രമല്ല ഇവയുടെ സാന്നിധ്യം ഇന്നുള്ളത്. പാടത്തു പോലും കൃഷി ഇറക്കാൻ പറ്റാത്ത അവസ്ഥയായി കഴിഞ്ഞു...! നട്ട് ഒരാഴ്ച കഴിയുന്നതിനു മുന്പുതന്നെ നാലഞ്ച് തെങ്ങിൻതൈകൾ കുത്തിമറിച്ച് ചുവട്ടിലുണ്ടായിരുന്ന തേങ്ങയുടെ ചകിരി വരെ ഇളക്കിമാറ്റി.
കൃഷിയില്ലാത്ത ഇടങ്ങളിൽ മണ്ണിരയെ തിന്നാൻപോലും ഇവ ഭൂമി കുത്തി മറിക്കുകയാണ്... ഇവറ്റകളുടെ മുന്നിലെങ്ങാനും പെട്ടുപോയാലത്തെ അവസ്ഥ അതീവ ഭീകരമാണ്...
ഇവയുടെ വിളയാട്ടം മൂലം ബൈക്ക് മറിഞ്ഞ് അപകടത്തിൽപ്പെട്ടവരുടെ അനവധി വാർത്തകൾ പത്രങ്ങളിൽ തന്നെയുണ്ട്...!
വനം വകുപ്പിനോ സർക്കാരിനോ എതിരേ കേസ് കൊടുത്തു വെറുതെ നടക്കാമെന്നല്ലാതെ സാധാരണക്കാരനൊന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്. സ്വന്തം ജീവനും സ്വത്തിനും ഭീഷണി നേരിടുന്ന സന്ദർഭങ്ങളിൽ അവ സംരക്ഷിക്കാൻ മനുഷ്യനെപോലും എതിർക്കാവുന്ന നിയമമുള്ള നാട്ടിലാണ് പന്നിയുടെനേരേ ശബ്ദമുയർത്താൻപോലും പറ്റാതെയിരിക്കുന്നതെന്ന്കൂടി അറിയുക. കോടതിക്ക് ഉത്തരവിടാനല്ലേ പറ്റൂ. ഇറങ്ങി വന്ന് വെടിവയ്ക്കാൻ പറ്റില്ലല്ലോ...!
ജോസ് കെ. തോമസ് തറയിൽ, കുളനട പന്തളം