കോഴിക്കോട്ട് അത്യന്തം അപകടകരമായ റീൽസ് ചിത്രീകരണത്തിനിടെ യുവാവിനു ജീവൻ നഷ്ടമായതു വേദനിപ്പിക്കുന്നതും അതിലുപരി ഒരുപാടു പാഠങ്ങൾ ഉൾക്കൊള്ളേണ്ടതുമാണ്.
അപകടകരമായ രീതിയിൽ, കാർ ചേസിംഗിന്റെ വീഡിയോ റീൽസ് ചിത്രീകരിക്കുന്നതിനിടെയാണ് അപകടം. അപകടകരമായ റീൽസ് ചിത്രീകരണം തുടർക്കഥയാകുന്പോൾ പരിഹാരവും നിയമങ്ങളും എവിടെയാണെന്ന ചോദ്യത്തിനു മാത്രം ഉത്തരമില്ല.
ഇൻസ്റ്റയിലും യുട്യൂബിലും മറ്റു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലും കാണുന്ന വീഡിയോകളും ജീവിതങ്ങളും കണ്ട് നാം അഡിക്റ്റാകാൻ പാടില്ല.‘റിയൽ’ ജീവിതമെന്നത് റീൽസുകളല്ല. ഒരുപാട് നന്മകൾക്കും ജീവിതങ്ങൾക്കും പ്രേരണയുണ്ടെങ്കിൽ പോലും കൂടുതലും സമയംകൊല്ലിയായി മാറുകയും ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു. കൂടുതൽ പേരുടെയും റീൽസുകളിലുള്ള ചിരിയും സന്തോഷവും കാമറക്കണ്ണുകളിൽനിന്നു മാറിനിൽക്കുന്പോൾ ഉണ്ടാവുന്നുണ്ടോ എന്ന് ചിന്തിക്കേണ്ടതുണ്ട്?
പല കാട്ടിക്കൂട്ടലുകളും പണത്തിനും ആരാധകർക്കും പരസ്യങ്ങൾക്കും മാത്രമായി ചുരുങ്ങിപ്പോകുന്നു. യഥാർഥ ജീവിതത്തിലാകട്ടെ നിരാശയും. ഇത്തരക്കാരിൽ മാതാപിതാക്കളെയും ഭാര്യയെയും മക്കളെയും സ്നേഹിക്കാത്തവരും പരിഗണിക്കാത്തവരും ലാളിക്കാത്തവരും ഉണ്ടാകാം. ചിലർ സംസാരിച്ചിട്ടുതന്നെ കുറെ വർഷങ്ങളായെന്നും വരാം.എനിക്കും അങ്ങനെ ചെയ്യണം, എനിക്കും അവർ ധരിച്ച വസ്ത്രങ്ങൾ വേണം, എനിക്കും അവരെ അനുകരിക്കണമെന്ന് പറഞ്ഞു വാശിപിടിക്കുന്നതിനു പകരം സ്വന്തമായ വ്യക്തിത്വം ഉണ്ടാക്കിയെടുക്കാനാണ് നാം ആലോചിക്കേണ്ടത്.
അബ്ദുള്ള ആരിഫ് എ.പി. കളത്തൂർ