കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങി കൂടിയ ചാർജ് നൽകാൻ ഉപഭോക്താക്കൾ ബാധ്യസ്ഥരാണ്. എന്നാൽ, വൈദ്യുതി പ്രസരണത്തിലുണ്ടാകുന്ന നഷ്ടത്തിനും പകൽ മുഴുവൻ തെരുവുകൾ പ്രകാശിപ്പിച്ചു ഉണ്ടാകുന്ന വൈദ്യുതിച്ചെലവിന്റെ പണവും ഉപഭോക്താക്കളിൽനിന്ന് ഈടാക്കുന്നത് അവസാനിപ്പിക്കണം.
അതുപോലെ വൈദ്യുതി മോഷണം, സർക്കാരിന്റെ വിവിധ വകുപ്പുകളിൽനിന്ന് ലഭിക്കാത്ത വൈദ്യുതി ചാർജുകൾ ഇതെല്ലാം കൂടി ഉപഭോക്താവിന്റെമേൽ ചുമത്തിയുള്ള വൈദ്യുതി ചാർജ് വർധന ഒഴിവാക്കണം.
വൈദ്യുതി ഭവനുകളിലും ഓഫീസുകളിലും കർശന വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുകയും ചെലവ് ചുരുക്കുകയും വേണം. അതോടൊപ്പം തന്നെ ജീവനക്കാർ ഉൗർജസ്വലതയോടെ വൈദ്യുതി പാഴാക്കാതിരിക്കാൻ ഉണർന്നു പ്രവർത്തിക്കേണ്ടിയിരിക്കുന്നു.
പാവപ്പെട്ട ഉപഭോക്താക്കളുടെമേൽ അധിക വൈദ്യുതി ചാർജ് ചുമത്താൻ ശ്രമിക്കരുത്. ഇടയ്ക്കിടെ മീറ്റർ ചാർജും ഡിപ്പോസിറ്റും വർധിപ്പിച്ച് ഉപഭോക്താക്കളെ കൊള്ളയടിക്കരുത്. വൈദ്യുതി ബോർഡ് ജീവനക്കാരുടെ ശന്പളപരിഷ്കരണത്തിലും സർക്കാരിന്റെ നിയന്ത്രണം ഉണ്ടാകണം. ഉപഭോക്താക്കളെ ഏറെ ദ്രോഹിക്കുന്ന വിധം ആകരുത് വൈദ്യുതി ചാർജ് വർധന. ഇക്കാര്യത്തിൽ വൈദ്യുതിമന്ത്രിയുടെ അടിയന്തരശ്രദ്ധയും ഇടപെടലും വേണം.
റോയി വർഗീസ് ഇലവുങ്കൽ, മുണ്ടിയപ്പള്ളി