മൈക്കും പ്രസംഗവുമൊക്കെ രാഷ്ട്രീയക്കാർക്കു പണ്ടേ വീക്ക്നെസ് ആണ്. രാജ്യങ്ങൾ തമ്മിലുള്ള യുദ്ധം മണ്ണിനു വേണ്ടിയുള്ളതാണെങ്കിൽ പാർട്ടിഅംഗങ്ങൾ തമ്മിലുള്ള യുദ്ധം പലപ്പോഴും മൈക്കിനു വേണ്ടിയുള്ളതാണ്. മൈക്കു കഴിഞ്ഞാൽ പിന്നെ കാമറ.
സ്റ്റേജിലെ പടത്തിൽ ഇടം കിട്ടാൻ എണ്ണയും തിരിയും നേരത്തെ കൈക്കലാക്കുന്ന നേതാക്കൾ ഏതു പാർട്ടിയുടെയും മുത്താണ്. മൈക്കിനു മുന്നിലുള്ള കിക്കുകൾക്കു പാർട്ടിക്കാരുടെ ലൈക്ക് കിട്ടുമെങ്കിലും പക്ഷേ, നാട്ടുകാരുടെ മതിപ്പ് കിട്ടണമെന്നില്ല.
രാഷ്ട്രീയക്കാർ മാത്രമല്ല മൈക്കിൽ പിടിച്ച പോലീസും ഇത്തവണ മൂക്കുംകുത്തി വീണു. ശബരിമലയിൽ ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ പ്രതിഷേധക്കാരുടെ നേതാവിനു മൈക്കും മെഗാഫോണും സമ്മാനിച്ചായിരുന്നു പോലീസിന്റെ ജനമൈത്രി. പോലീസിന്റെ മൈക്കിലൂടെ ഒരു നീണ്ട പ്രസംഗം നടത്തി നേതാവ് അണികളെ കൈയിലെടുത്തു, ആവേശം കൊള്ളിച്ചു.
പക്ഷേ, അതോടെ പോലീസിനു ശരിക്കുംകൊണ്ടു. എന്തായാലും പോലീസും സമരക്കാരും തമ്മിലുള്ള അന്തർധാര ശക്തമാക്കാൻ റാഡിക്കലായ ഈ മാറ്റം ഇനി എല്ലായിടത്തും പരീക്ഷിക്കാവുന്നതാണ്. ഇതു മൈക്കിൽ മാത്രം ഒതുങ്ങേണ്ടതല്ല. ലാത്തിച്ചാർജ് നടത്തേണ്ടി വരുന്പോൾ പോലീസ് ബുദ്ധിമുട്ടേണ്ടതില്ല.
ലാത്തി സമരനേതാക്കളെ ഏല്പിക്കുക. അവർ ആവശ്യാനുസരണം ചാർജ് ചെയ്ത് അണികളെ പിരിച്ചുവിട്ടോളും. ജലപീരങ്കി, കണ്ണീർവാതകം തുടങ്ങിയവയും നേതാക്കളെ ഏല്പിക്കാം. അപ്പോൾ നേതാക്കളും ഹാപ്പി, അണികളും ഹാപ്പി... പോലീസാണെങ്കിൽ ഡബിൾ ഹാപ്പി!