അങ്ങനെ മലയാളിയുടെ മനസിലെ സിബിഐ എന്നും സേതുരാമയ്യർ ആയിരുന്നു. കോട്ടയം പുഷ്പനാഥിന്റെയും ബാറ്റണ് ബോസിന്റെയും നോവലുകളേക്കാൾ ഭയങ്കരമാണ് സിബിഐ ഡയറിക്കുറിപ്പുകളെന്നു ജനം കരുതി. നേരറിയാനുള്ള ഒരേയൊരു വഴി സിബിഐ മാത്രമാണെന്നു നമ്മൾ സ്വപ്നം കണ്ടു. ഡയറിക്കുറിപ്പും ഡമ്മിയുമൊക്കെയുണ്ടെങ്കിലും സിനിമയിൽ അല്ലാതെ ഇന്നേവരെ കേരളത്തിലെ ഒരു കേസ് അന്വേഷിച്ച് ഒരു കരയ്ക്ക് എത്തിക്കാൻ സിബിഐക്കു കഴിഞ്ഞിട്ടില്ലെന്നതാണു മറ്റൊരു സത്യം.
പല വാതങ്ങളും ചികിത്സിക്കാൻ ഇറങ്ങിത്തിരിച്ച സിബിഐക്ക് ഇപ്പോൾ കോച്ചുവാതം കൊണ്ടുപിടിച്ചിരിക്കുന്നു എന്നുള്ളതാണ് ഒടുവിലത്തെ വാർത്ത. ഡയറക്ടർ സ്പെഷൽ ഡയറക്ടർക്കെതിരേ അന്വേഷണം നടത്തുന്നു. സ്പെഷൽ ഡയറക്ടർ ഡയറക്ടറുടെ ഇടപാടുകൾ ചികഞ്ഞെടുക്കുന്നു. ഒടുവിൽ എല്ലാവരും ചേർന്നു കേന്ദ്രത്തിന്റെ ഫോണ് ചോർത്തിയെടുക്കുന്നു...
നാട്ടിലുള്ള പലരുടെയും അഴിമതി അന്വേഷിക്കാൻ ഇറങ്ങിപ്പുറപ്പെട്ട സിബിഐ ഇപ്പോൾ സ്വന്തം പാളയത്തിലെ പടയും വെടിയും പുകയും കാരണം കരിപുരണ്ടുനിൽക്കുന്നു. കൂട്ടിലടച്ച തത്തയാണോ സിബിഐ എന്നു സുപ്രീംകോടതി പണ്ടൊന്നു ചോദിച്ചിരുന്നു. ഇപ്പോഴത്തെ സ്ഥിതി കാണുന്പോൾ കൂട്ടിലെ തത്ത എന്നല്ല കുളത്തിലെ തവള എന്നു വിളിക്കുന്നതാണ് കൂടുതൽ നല്ലതെന്നു തോന്നുന്നു.