പണ്ഡിറ്റ് രാം നാരായണ്‍- സാരംഗിയുടെ പര്യായമാണ് ആ പേര്. ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തെ ലോകത്തിന്റെ വിവിധ കോണുകളിൽ, പ്രത്യേകിച്ചു യൂറോപ്യൻ രാജ്യങ്ങളിൽ പ്രിയങ്കരമാക്കിയവരിൽ പ്രധാനി.. സാരംഗിക്ക് ഒറ്റയ്ക്കുനിന്നു പാടാനുള്ള കെല്പുണ്ടാക്കിയ മുൻനിരക്കാരൻ... ഏഴു പതിറ്റാണ്ടിലേറെനീണ്ട ആ മഹത്തായ സംഗീതയാത്രയ്ക്കു വിരാമമായത് കഴിഞ്ഞ നാളിലാണ്, 96-ാം വയസിൽ...
1927ലെ ക്രിസ്മസ് നാളിൽ ഉദയ്പുരിൽ ജനിച്ച രാം നാരായണ്‍ ചെറുപ്രായത്തിൽതന്നെ സംഗീതത്തിലേക്കു നടന്നു. പൊട്ടിക്കിടന്ന ഒരു സാരംഗി അഞ്ചാം വയസിൽ വായിക്കാൻ ശ്രമിച്ചത് ഒരു മരക്കൊന്പുകൊണ്ടായിരുന്നു. എസ്രാജ് വാദകനായിരുന്ന പിതാവ് ഇതുകണ്ടു. മകനെ എസ്രാജ് പഠിപ്പിക്കാൻ തുടങ്ങി. സ്കൂളിൽപ്പോലും പോകാതെ സംഗീതത്തിനൊപ്പം വിട്ടതിന് പിതാവിനെ ബന്ധുക്കൾ വിമർശിക്കുക പതിവായിരുന്നു. അല്പകാലത്തിനു ശേഷമാണ് എസ്രാജിനു പരിമിതികളുണ്ടെന്ന് രാം നാരായണിനു ബോധ്യമായത്. സാരംഗി പഠിച്ചുതുടങ്ങിയതോടെ ഭാവപ്രകാശനത്തിനും മെലഡികൾ വായിക്കാനും പറ്റിയ ഉപകരണം അതാണെന്ന് അദ്ദേഹം ഉറപ്പിച്ചു. മൈഹാറിലെ മാധവ് പ്രസാദിനു കീഴിൽ പഠനം പുരോഗമിച്ചു. കിരാന ഘരാനയിലെ ഇതിഹാസതുല്യനായ സംഗീതജ്ഞൻ ഉസ്താദ് വഹീദ് ഖാനാണ് രാം നാരായണിലെ സാരംഗി വാദകനെ തേച്ചുമിനുക്കിയത്. പഠനവും നാടുചുറ്റിയുള്ള സംഗീതയാത്രകളും രാം നാരായണ്‍ തുടർന്നു.
പഠിപ്പിക്കേണ്ട!
പന്ത്രണ്ടാം വയസിലാണ് ഉദയ്പുരിലെ കുട്ടികളെ സംഗീതം പഠിപ്പിക്കാനുള്ള അവസരം രാം നാരായണിനെ തേടിയെത്തിയത്. സ്കൂൾ പഠനം നേരാംവണ്ണം പൂർത്തിയാക്കിയിട്ടില്ലാത്തയാളെന്ന നിലയ്ക്ക് അതിനെ രാം നാരായണ്‍ ഒരംഗീകാരമായി കണ്ടെങ്കിലും ഗുരുവിനു കടുത്ത എതിർപ്പായിരുന്നു. അങ്ങനെ അതു വേണ്ടെന്നുവച്ചു. പതിനേഴാം വയസിൽ, 1944ൽ ലഹോറിൽ ഓൾ ഇന്ത്യ റേഡിയോയിൽ അക്കന്പനിസ്റ്റായി ജോലിക്കു കയറി.
വിഭജനകാലത്തു ഡൽഹിയിലേക്കുമാറി. ഇക്കാലമത്രയും കൂടുതൽ പഠിക്കുകയും അനുഭവങ്ങൾ നേടുകയും ചെയ്തെങ്കിലും പിന്നണിവാദകനായി ഒതുങ്ങിപ്പോകുന്നതിലുള്ള അമർഷത്താൽ സിനിമയിൽ അവസരംതേടി 1949ൽ ബോംബെയിലുമെത്തി. നൗഷാദും സലിൽ ചൗധരിയും മദൻ മോഹനും ശങ്കർ ജയ്കിഷനും റോഷനുമടക്കം ഒട്ടേറെ സംഗീതസംവിധായകരുടെ ഈണങ്ങൾ വായിച്ചു. സിനിമ തന്റെ ലക്ഷ്യമല്ലാതിരുന്നതിനാൽ രാം നാരായണ്‍ അവിടെനിന്നു രാഗസഞ്ചാരം തുടർന്നു. സോളോ സാരംഗി വാദകനായി നിലയുറപ്പിച്ചു, പേരെടുത്തു.
ആ വേർപാട്, ശൂന്യത
സഹോദരന്റെ അകാലമരണം രാം നാരായണിനെ ഒരുവേള തകർക്കുകയും നിശബ്ദനാക്കുകയും ചെയ്തു. 1965ലായിരുന്നു അത്. സംഗീതജ്ഞൻകൂടിയായിരുന്ന ആ സഹോദരൻ പണ്ഡിറ്റ് ചതുർലാൽ ആയിരുന്നു രാം നാരായണിന്റെ പ്രചോദനം. തന്റെ ചിന്തകൾ പോലും അദ്ദേഹത്തിന്റെ മരണത്തോടെ നേരെ നിൽക്കാതായെന്ന് ഒരിക്കൽ രാം നാരായണ്‍ ഓർമിച്ചിട്ടുണ്ട്. വിഷാദം മൂടിയ കാലം.
പിതാവിന്റെയും രണ്ടു കുടുംബങ്ങളുടെയും ചുമതല രാം നാരായണിലായി. പരിശീലനം ശരിയായി ചെയ്യാനാവാത്തതിനാൽ സോളോ കച്ചേരികളും മുടങ്ങി. സിനിമയിൽനിന്നുള്ള വരുമാനവും നിലച്ച സമയത്തായിരുന്നു ഇത്. അങ്ങനെ ആകാശവാണിയിലെ സ്റ്റാഫ് ആർട്ടിസ്റ്റിന്റെ ജോലിയിലേക്കു തിരികെപ്പോകാൻ രാം നാരായണ്‍ തീരുമാനിച്ചു. അവിടെനിന്നു കിട്ടിയിരുന്ന എണ്ണൂറോ ആയിരമോ രൂപ വലിയ ആശ്വാസമായി. വൈകാതെ മനോബലം വീണ്ടെടുക്കുകയും രാഗസഞ്ചാരങ്ങൾ തുടരുകയും ചെയ്തു.
സൗരംഗിയിലെ നൂറു നിറങ്ങൾ
സാരംഗിക്കു സൗരംഗി എന്നുകൂടി പേരുണ്ട്. നൂറുനിറങ്ങളുള്ളത് എന്നാണ് അതിന്റെ അർഥം. എന്നുവച്ചാൽ സാരംഗിയിൽ സാധ്യമല്ലാത്തത് ഒന്നുമില്ലെന്നുതന്നെ! ആ പേരിനോടു നീതിപുലർത്താൻ എല്ലാ വാദകർക്കും കഴിയണമെന്നില്ല. പക്ഷേ പണ്ഡിറ്റ് രാം നാരായണിനു സാധിച്ചു.
ഇന്ത്യൻ ശാസ്ത്രീയസംഗീതത്തിലെ എല്ലാ ധാരകളും അദ്ദേഹത്തിന്റെ സാരംഗിയിലൂടെ നിറമണിഞ്ഞു. സവിശേഷമായ ബോവിംഗ് ടെക്നിക്കുകളിലൂടെ ആ സാരംഗി സ്വന്തമായൊരു ഭാഷ സംസാരിച്ചു. പൂർണമായും നാല് ഒക്ടേവുകൾ സാരംഗിയിൽ അദ്ദേഹത്തിനു വഴങ്ങി.
ഇതെല്ലാം സാധ്യമായത് സംഗീതത്തിന്റെ ആധ്യാത്മികത സൂക്ഷിക്കാൻ കഴിഞ്ഞതുകൊണ്ടാണെന്ന് അദ്ദേഹം പറയാറുണ്ട്. സിനിമാഗാനങ്ങളിൽപ്പോലും ആ സ്വരത്തിന് സവിശേഷമായ ബഹുമാനം ലഭിച്ചു.
പുതുതായി രാഗങ്ങളൊന്നും സൃഷ്ടിക്കാൻ കഴിയാതിരുന്നതും തന്റെ നേട്ടമായി അദ്ദേഹം പറഞ്ഞു. നമ്മുടെ സംഗീതം സന്പൂർണമാണെന്നായിരുന്നു അനുബന്ധമായി അദ്ദേഹം പറയാറുള്ളത്. സംഗീതത്തിൽ കുറുക്കുവഴികളില്ല.
അതിലേക്കു സ്വയം സമർപ്പിക്കുക മാത്രമാണ് മുന്നേറാനുള്ള മാർഗമെന്ന് പണ്ഡിറ്റ് രാം നാരായണ്‍ പറഞ്ഞുവച്ചു.., വായിച്ചും ജീവിച്ചും തെളിയിച്ചു. ആ നൂറായിരം നിറങ്ങളുടെ ശോഭ എക്കാലവും തെളിഞ്ഞുനിൽക്കും.. ഒരിക്കൽ അദ്ദേഹം പറഞ്ഞു- ഞാൻ ഇനിയും ഈ ഭൂമിയിൽ ജനിക്കും, നിങ്ങളുടെ മുന്നിൽ സാരംഗിയുമായി വരും...
ഹരിപ്രസാദ്