കായൽ കൃഷി എന്നു കേട്ടാൽ എല്ലാവരുടെയും മനസിൽ ഒാടിയെത്തുന്ന ഒരു പേരുണ്ട്, കായൽ രാജാവ് മുരിക്കൻ... നോക്കെത്താ ദൂരം പരന്നു കിടക്കുന്ന കായലിൽ കുത്തി ഉയർത്തിയ കായൽ നിലങ്ങളിൽ കൃഷിയിറക്കാമെന്നു കാണിച്ചു നാടിനെ അദ്ഭുതപ്പെടുത്തിയ മുരിക്കൻ. എന്നാൽ, മുരിക്കന്റെ വിജയകരമായ കൃഷിക്ക് അന്ത്യം കുറിച്ച് സർക്കാർ ഭൂനിയമംകൊണ്ടുവന്നു.
കായൽനിലങ്ങൾ ഏറ്റെടുത്തു കർഷകർക്കു വീതിച്ചു നൽകി. എന്നാൽ, റാണി, ചിത്തിര തുടങ്ങിയ കായലുകളിലെ നെൽകൃഷി വൈകാതെ നിലച്ചു. സർക്കാരിന്റെ അഭിമാനം സംരക്ഷിക്കാൻ 1990 വരെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഒരു കൃഷി വീതം നടത്തി. നഷ്ടങ്ങളുടെ കഥ വിളഞ്ഞതോടെ പിന്നീട് അതും നിലച്ചു.
കായലിലേക്ക്
എന്നാൽ, തരിശുനിലമായി മാറിയ കായൽനിലങ്ങൾ കണ്ടു മനസ് നൊന്ത ഒരു കർഷകൻ കുട്ടനാട്ടിലുണ്ടായിരുന്നു. രാമങ്കരി മാന്പുഴക്കരി വെങ്ങാന്തറ ജോസ് ജോൺ എന്ന പാരന്പര്യ കർഷകൻ. പലരും മടിച്ചുനിന്ന കായൽ നിലത്തിലേക്ക് ഇറങ്ങാൻ പ്രിയപ്പെട്ടവർ വെങ്ങാന്തറ അച്ചായൻ എന്നു വിളിക്കുന്ന ജോസ് ജോൺ തയാറായി. മുരിക്കൻ അന്നത്തെ കായൽ രാജാവ് ആയിരുന്നെങ്കിൽ ജോസ് ജോൺ ഇന്നിന്റെ കായൽ രാജകുമാരനാവുകയായിരുന്നു.
തരിശുകിടക്കുന്ന കായൽനിലങ്ങളിൽ കൃഷി ഇറക്കാൻ തയാറാണെന്ന് ജോസ് ജോൺ സർക്കാരിനെ അറിയിച്ചു. ജില്ല കൃഷി ഉദ്യോഗസ്ഥർ അകമഴിഞ്ഞ പിന്തുണയുമായി രംഗത്തുവന്നു. 2014ൽ ആയിരുന്നു അദ്ദേഹം കായൽ നിലത്തിലേക്ക് ഇറങ്ങിയത്. ഒറ്റ കൃഷി കഴിയുന്പോൾ കൈപൊള്ളി അച്ചായൻ മടങ്ങുമെന്നായിരുന്നു പലരും കരുതിയത്. എന്നാൽ, 2014ൽ തുടങ്ങിയ കൃഷി തുടർന്നുള്ള അഞ്ചു വർഷങ്ങളിലും അദ്ദേഹം വിജയകരമായി നടത്തി റാണി ചിത്തിര കായലുകളിൽ നൂറുമേനി കൊയ്തു.
കണ്ടം കണ്ടാൽ
രാമങ്കരി, കോയിൽമുക്ക് (ഇപ്പോഴത്തെ എടത്വ) വില്ലേജുകളിൽ 100 ഏക്കറോളം നെൽകൃഷി ഉണ്ടായിരുന്ന വെങ്ങാന്തറ കുടുംബത്തിലാണ് ഇന്ന് 82ൽ എത്തി നില്ക്കുന്ന ജോസേട്ടൻ ജനിച്ചത്. കുടികിടപ്പ് അനുവദിച്ചു നിയമം വന്നപ്പോൾ ആദ്യമായി കല്ലുകെട്ടിയ വീട് കുടികിടപ്പുകാരനു നിർമിച്ചു നൽകിയത് ജോസേട്ടന്റെ പിതാവായിരുന്നു. ആ അനുഭവ സന്പത്തുമായി കായൽ നിലത്തിലേക്ക് ഇറങ്ങുന്പോൾ ഏകദേശം ഒന്നര പതിറ്റാണ്ട് കൃഷി ചെയ്യാതെയും അനധികൃതമായി കക്കാവാരിയും നിലമെന്നു വിളിക്കാൻ പോലും ആവാത്ത അവസ്ഥയിലായിരുന്നു ചിത്തിര, റാണി കായലുകൾ.
1990 മുതൽ കൃഷി ഇല്ലാതെ കിടന്ന ഈ കായലുകളിൽ അനധികൃത വെള്ളക്കക്ക ഖനനം സജീവമായിരുന്നു. ഒരു കാലത്ത് വേമ്പനാട് കായലിന്റെ ഭാഗമായിരുന്ന ചിത്തിരക്കായലിന്റെ അടിത്തട്ടിൽ വലിയ തോതിൽ കക്കാ നിക്ഷേപമുണ്ടായിരുന്നു. വേമ്പനാട് കായലിലെ കക്കാവാരൽ അപകടകരമായതിനാൽ ചെറുവള്ളക്കാർ തകർന്നു കിടന്ന പൊതു ബണ്ടിലൂടെ ചിത്തിര കായലിലെത്തി കക്കാവാരൽ തുടങ്ങി. അതു പിന്നീട് വലിയ ഖനനമായി വളർന്നു. കായൽനിലം മുഴുവൻ വാരവും തോടുമായി മാറി. തുടർന്ന് കാടുകയറി പാമ്പിന്റെയും സാമൂഹ്യവിരുദ്ധരുടെയും താവളമായി. രണ്ടു പതിറ്റാണ്ട് അങ്ങനെ പോയി.
ആരും മടിക്കുന്ന സ്ഥിതി
കുട്ടനാട് പാക്കേജിന്റെ ഭാഗമായി കായൽനിലങ്ങളുടെ പുറംബണ്ട് ബലപ്പെടുത്തിയതോടെയാണ് കായലിൽ കൃഷി ഇറക്കിയാലോ എന്നൊരു ചിന്ത ജോസ് ജോണിന്റെ മനസിലേക്ക് എത്തിയത്. ആദ്യം പലരും നിരുത്സാഹപ്പെടുത്തി. എന്നാൽ, കുട്ടനാട്ടുകാരൻതന്നെയായ ജോസ് ജോസഫ് എന്ന കൃഷി ഉദ്യോഗസ്ഥന്റെ സഹകരണത്തോടെ അന്നത്തെ മുഖ്യമന്ത്രി ആയിരുന്ന ഉമ്മൻ ചാണ്ടിയെ സന്ദർശിച്ചു പ്രോജക്ട് സമർപ്പിച്ചു. അദ്ദേഹം എല്ലാവിധ സഹായങ്ങളും നൽകാൻ വകുപ്പുകളോട് ആവശ്യപ്പെട്ടു. ഇതോടെ ജോസ് ജോണിനു കൂടുതൽ ധൈര്യമായി.
ചിത്തിര കായൽ 716 ഏക്കറും റാണി കായൽ 568 ഏക്കറുമുണ്ട്. ജില്ലാ കളക്ടറുടെയും ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ നേതാക്കളുടെയും സാന്നിധ്യത്തിൽ പലതവണ കായൽ നിലങ്ങൾ സന്ദർശിച്ചു. നിലം ഉടമകളായ 1500ഓളം പേരെ തേടിപ്പിടിച്ച് സമ്മതപത്രം നേടുക എന്നതു വലിയ കടമ്പയായിരുന്നു.
60 എച്ച്പിയുടെ അഞ്ചു വീതം മോട്ടറുകൾ സ്ഥാപിച്ചാണ് രണ്ടു പാടശേഖരങ്ങളിലും വെള്ളം വറ്റിച്ചത്. മോട്ടോറുകൾ വിലയ്ക്കു വാങ്ങി. കാടുംപടലും നിറഞ്ഞ കണ്ടം നിരപ്പാക്കൽ ഒരു കഠിനയജ്ഞം തന്നെയായിരുന്നു. ഒരു വർഷം വേണ്ടി വന്നു കണ്ടം കൃഷിയോഗ്യമാക്കാൻ എന്നു പറയുന്പോൾ എത്ര ശ്രമകരമായിരുന്നു ഈ ജോലിയെന്നു മനസിലാകും.
ലക്ഷങ്ങൾ മുടക്കി നിലം ഒരുക്കൽ നടത്തുമ്പോഴും വെള്ളം വറ്റിക്കുന്ന മോട്ടറുകൾക്കു മുന്നിൽ മടവല സ്ഥാപിച്ചതിനു കിട്ടിയ തുക നിലം ഉടമകൾക്ക് കൃഷി തുടങ്ങുന്നതിനു മുമ്പേ തന്നെ വീതിച്ചു നൽകിയത് പലർക്കും അപ്രതീക്ഷിതമായിരുന്നു. ഉടമകൾക്ക് ഏറെക്കാലത്തിനു ശേഷം നിലത്തിന്റെ പേരിൽ കിട്ടിയ പ്രതിഫലമായിരുന്നു അത്. ആദ്യ വർഷംതന്നെ ചിത്തിര കായലിൽ 250 ഏക്കർ കൃഷി ഇറക്കി വിളവെടുത്തു.
പ്രാർഥനയോടെ തുടക്കം
കായലിൽ എത്തുമ്പോഴെല്ലാം മുരിക്കൻ സ്ഥാപിച്ച ചിത്തിരപ്പള്ളിയുടെ തീരത്തെത്തി പ്രാർഥിച്ചു തുടങ്ങിയിരുന്ന അച്ചായനു നിരാശയോടെ മടങ്ങേണ്ടി വന്നില്ല. അടുത്ത വർഷം ചിത്തിര കായലിൽ 439 ഏക്കറും റാണിക്കായലിൽ 464 ഏക്കറും നിലം കൃഷി ഇറക്കി വിളവെടുത്തു. ഒാരോ വർഷവും നേട്ടങ്ങളിലേക്കാണ് കൃഷി പോയത്. അതിനനുസരിച്ച് ഉടമകൾക്കു വിഹിതവും നൽകി.
കൃഷിമന്ത്രിയായിരുന്ന എസ്. സുനിൽകുമാർ, ആലപ്പുഴ ജില്ലാ കളക്ടർ എ.പത്മകുമാർ എന്നിവരെയും ആര്യാട്, പുന്നമട, കുപ്പപ്പുറം പ്രദേശങ്ങളിലെ തൊഴിലാളികളെയും യന്ത്രസഹായം നൽകിയവരെയുമെല്ലാം അദ്ദേഹം നന്ദിയോടെ ഒാർക്കുന്നു. ഉപേക്ഷിക്കപ്പെട്ട നിലങ്ങൾ കൃഷിയോഗ്യമാക്കി കൈമാറാനായെന്നത് ഒരു വലിയ നിയോഗമായിരുന്നെന്ന് അദ്ദേഹം കരുതുന്നു. നിലം കൃഷിയോഗ്യമായതോടെ അഞ്ചു വർഷങ്ങൾക്കു ശേഷം പാടശേഖര സമിതി സജീവമാവുകയും അവർ കൃഷി ഏറ്റെടുക്കുകയും ചെയ്തു.
വേമ്പനാട്ട് കായലിലെ കൃഷിയോഗ്യമായ കായൽ നിലങ്ങളെല്ലാം വിത്ത് ഉത്പാദന കേന്ദ്രങ്ങളായി രൂപപ്പെടുത്തണമെന്നാണ് അദ്ദേഹം പറയുന്നത്. ചുറ്റുവട്ടം മുഴുവൻ വെള്ളം ആയതിനാൽ വിതയ്ക്കുന്ന വിത്തിനം യാതൊരു കലർപ്പും കൂടാതെ ഉത്പാദിപ്പിക്കാൻ കഴിയും. അതിനു കഴിഞ്ഞാൽ 10 രൂപ വരെ കുറച്ചു കുട്ടനാട്ടിൽ വിത്ത് വിതരണം ചെയ്യാൻ കഴിയുമെന്ന് ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു. എന്നാൽ, ചില തത്പരകക്ഷികൾ ഇതിനെ തടയുകയാണ്.
എൺപത്തിരണ്ടിലും വിശ്രമമില്ലാതെ കൃഷിയും സാമൂഹ്യപ്രവർത്തനവുമായി മുന്നേറുന്ന ജോസ് ജോൺ കത്തോലിക്ക കോൺഗ്രസ് ചങ്ങനാശേരി അതിരൂപത ട്രഷറർ കൂടിയാണ്. ഇനിയും ഒരു ആയിരം ഏക്കർ കൃഷി ചെയ്യാൻ സാഹചര്യം കിട്ടിയാൽ ഒരുക്കമാണെന്ന് ഈ കായൽ രാജകുമാരൻ പറയുന്നു.
മാമ്പുഴക്കരി വെങ്ങാന്തറ വീട്ടിൽ ചിന്നാച്ചൻ - മറിയക്കുട്ടി എന്നിവരായിരുന്നു മാതാപിതാക്കൾ. ഭാര്യ: മണലാടിയിൽ കാപ്പിൽ പുതുശേരി വീട്ടിൽ റോസമ്മ. റോയി, റെജി, റെന്നി, റോണി, റിയ, റോബിൻ എന്നിവരാണ് മക്കൾ. മക്കളിൽ രണ്ടു പേർ ചെന്നൈയിലും നാലുപേർ വിദേശത്തുമാണ്. ഈ സ്നേഹത്തണലിൽ 13 കൊച്ചുമക്കളുമുണ്ട്.
ആന്റണി ആറിൽചിറ ചമ്പക്കുളം