ഏതാനും ആഴ്ചകള്‍ക്കു മുമ്പാണ്. പ്രശസ്ത ടിവി ടാലന്റ് ഷോ അമേരിക്കാസ് ഗോട്ട് ടാലന്റിലേക്കുള്ള ഓഡിഷന് വേദി. നിറഞ്ഞ പുഞ്ചിരിയോടെ ഒരു പെണ്‍കുട്ടി ഗിറ്റാറുമായി വരുന്നു. അല്പം പരിഭ്രമമുണ്ട് മുഖത്ത്. വിധികര്‍ത്താക്കളിലൊരാള്‍ അവളോടു സ്വയം പരിചയപ്പെടുത്താന്‍ പറയുന്നു.
ചിരിയോടെതന്നെ അവള് പറഞ്ഞുതുടങ്ങി:
എന്റെ പേര് മായ എന്നാണ്. ഞാനൊരു പത്തു വയസുകാരിയാണ് (അതു കേട്ടപ്പോള്‍ അവളുടെ ഉയരംവച്ച് താരതമ്യം ചെയ്ത ജഡ്ജസിന് അദ്ഭുതം). ഞാന്‍ ഇന്ത്യയിലെ ചെന്നൈയില്‍നിന്നാണ് വരുന്നത് (ഇന്ത്യയ്ക്ക് കാണികളില്‍നിന്നു നിറഞ്ഞ കൈയടി.
ചുവപ്പുനിറമുള്ള ഇന്ത്യന്‍ ഗാഗ്രയാണ് മായയുടെ വേഷം). എത്രനാളായി ഗിറ്റാര്‍ പഠിക്കുന്നുവെന്നു വിധികര്‍ത്താവിന്റെ ചോദ്യം. ഞാന്‍ ആറു വയസുമുതല്‍ ഗിറ്റാര്‍ വായിച്ചുതുടങ്ങിയെന്ന് ഉത്തരം. എന്തുകൊണ്ട് ഗിറ്റാര്‍ തെരഞ്ഞെടുത്തു, വീട്ടില്‍ ആരെങ്കിലും ഇതു വായിക്കുന്നവര്‍ ഉണ്ടോ എന്ന് വീണ്ടും ചോദ്യം. സംഗീതജ്ഞന് അല്ലെങ്കിലും എന്റെ പിതാവിന് ഗിറ്റാര്‍ വായന ഹോബിയാണ്.
എന്നോട് തനിയെ ഗിറ്റാര്‍ പഠിക്കാന്‍ പറഞ്ഞത് അദ്ദേഹമാണ്. യുട്യൂബില്നിന്നാണ് കൂടുതലും പഠിച്ചത് (വീണ്ടും കൈയടികള്‍).നിനക്കും ഇതു ഹോബിയാണോ അതോ എവിടെയെങ്കിലും പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ടോ?ഇല്ല, ഞാന്‍ ഒരു സ്റ്റേജില്‍ കയറുന്നത് ഇതാദ്യമായാണ്.
നിനക്ക് പരിഭ്രമമുണ്ടോ?ചെറുതായിട്ടുണ്ട്!
പരിഭ്രമിക്കേണ്ട, മുന്നോട്ടുപോകൂ എന്നു വിധികര്‍ത്താക്കള്‍.തുടര്‍ന്നങ്ങോട്ട് കഷ്ടിച്ചു രണ്ടു മിനിറ്റു സമയംകൊണ്ട് അവളൊരു സംഗീതശകലം വായിക്കുന്നു. നഠഭൈരവി രാഗത്തില്‍ തുടങ്ങി പാപ്പ റോച്ചിന്റെ ലാസ്റ്റ് റിസോര്‍ട്ടിലെ ഗിറ്റാര്‍ ഭാഗംവരെ കൃത്യം ഒരു മിനിറ്റ് 41 സെക്കന്‍ഡ്! ഒരു രാഗാധിഷ്ഠിത റോക്ക് റിഫ്!! വിധികര്‍ത്താക്കളും കാണികളും അത്ഭുതത്തില്‍ ആറാടുന്നു, എഴുന്നേറ്റുനിന്ന് കൈയടിക്കുന്നു... ഒടുവില്‍ ജഡ്ജസിലൊരാള് അവളോടു ചോദിക്കുന്നുണ്ട്- നിനക്കു പത്തു വയസേയുള്ളൂ എന്നത് ഉറപ്പാണോ എന്ന്. അതെയെന്നു മായയുടെ മറുപടി.
കുട്ടീ, നീ ആരാണ്!
യു ട്യൂബ് വീഡിയോയ്ക്കു ചുവടെ ഒരാള്‍ കമന്റില്‍ ഇങ്ങനെ എഴുതുന്നു- പത്തുവയസേയുള്ളൂവെങ്കിലും അമ്പതു വയസുള്ള പരിചയസമ്പന്നനായ ഗിറ്റാറിസ്റ്റിന്റെ മികവ്.
ചെന്നൈ എംആര്‍സി നഗറില്‍നിന്നുള്ള മായ നീലകണ്ഠന് എന്ന ഈ ഗിറ്റാര്‍ അദ്ഭുതത്തെ അറിയാന്‍ നമ്മളാണ് വൈകിയത്. ലോകം ആരാധിക്കുന്ന ഗിറ്റാറിസ്റ്റുകള്‍ക്ക് അവളെ മുമ്പേ അറിയാം. ആഡം ജോണ്‍സിനെയും ഗാരി ഹോള്ട്ടിനെയും പോലുള്ളവര്‍ സ്വന്തം ഗിറ്റാറുകള്‍ ഒപ്പിട്ട് സമ്മാനമായി കൊടുക്കണമെങ്കില്‍ അവള് ആരായിരിക്കണം!
ഇന്ത്യന്‍ വ്യവസായപ്രമുഖന് ആനന്ദ് മഹീന്ദ്ര മായയുടെ പ്രകടനത്തിന്റെ വീഡിയോ പങ്കുവച്ച് ട്വിറ്ററില്‍ തന്റെ അദ്ഭുതം പങ്കുവച്ചിട്ടുണ്ട്. ദേവതകളുടെ നാട്ടില്‍നിന്നുള്ള റോക്ക് ദേവതയായാണ് അദ്ദേഹം മായയെ വിശേഷിപ്പിക്കുന്നത്.
മിന്നല്‍വേഗത്തില്‍ ലോകപ്രശസ്തയായപ്പോഴും ഇതെല്ലാം കേട്ടു മുഖത്തെ ചിരി മായാതെ മായ നില്ക്കുന്നു. കര്‍ണാടക സംഗീതത്തെ ഹെവി മെറ്റലുമായി കൂട്ടിയിണക്കിയുള്ള എന്റെ വേര്‍ഷന്‍ ആളുകള്‍ ആസ്വദിക്കുന്നു എന്നതില്‍ വലിയ സന്തോഷം. എനിക്കീ രണ്ടു ധാരകളും ഇഷ്ടമാണ്.
എല്ലാവരുടെയും പിന്തുണയ്ക്കു നന്ദി. ഇതെനിക്ക് ഒരുപാടു വലിയ കാര്യമാണ്- മായ പറയുന്നു.
ചെന്നൈയില്‍ ഐടി കമ്പനി നടത്തുകയാണ് മായയുടെ പിതാവ് നീലകണ്ഠന്. ഓസ്ട്രേലിയക്കാരിയായ ലൊറീനയാണ് അമ്മ.
സ്വന്തം സംഗീതധാര!
എനിക്കു സ്വന്തമായി ഒരു സംഗീതധാര സൃഷ്ടിക്കണം. എന്റെ എല്ലാ ഇഷ്ടങ്ങളും കൂടിച്ചേരുന്നതാവണം അത്. ഹെവി മെറ്റലിന്റെ അത്യുഗ്രന്‍ പൊരിച്ചിലും കര്‍ണാടക സംഗീതത്തിന്റെ തനിമയും ഇണങ്ങുന്നതാവും അത്- മായയുടെ വാക്കുകളില്‍ ആത്മവിശ്വാസം വേണ്ടുവോളം.
അമേരിക്കന്‍ ഹെവി മെറ്റല്‍ ബാന്‍ഡായ ടൂളിന്റെ സൃഷ്ടികളാണ് മായയ്ക്കു പ്രചോദനം. ഗണിതശാസ്ത്ര സമവാക്യങ്ങള്പോലെ സങ്കീര്‍ണമായ ഗിറ്റാര്‍ റിഫുകളാണ് ടൂളിന്റെ ഒരു സവിശേഷത.
എഴുപതുകളിലെ മാസ്റ്റര്‍പീസുകള്‍ സ്വന്തം ഗിറ്റാറില്‍ വായിച്ച് ഇന്‍സ്റ്റ റീലുകള്‍ ഒരുക്കുന്നതാണ് മായയുടെ ഹോബി. ഇപ്പോള്‍ റീലുകള്‍ കാണുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. അല്ലാതെ വേറെ മാറ്റമൊന്നും തനിക്കില്ലെന്ന് അവള് പറയും. അതല്ല യാഥാര്‍ഥ്യമെങ്കിലും!
ടാലന്റ് ഷോയ്ക്കു വേണ്ടി അമേരിക്കയിലായിരുന്നപ്പോള്‍ അലക്സ് സ്കോള്‍നിക്, എറിക് പീറ്റേഴ്സണ്, ഗാരി ഹോള്‍ട്ട് തുടങ്ങിയ ഗിറ്റാര്‍ മാന്ത്രികരെ നേരിട്ടുകാണാന്‍ കഴിഞ്ഞു. ഹോള്ട്ടിനൊപ്പം ജാമിംഗ് സെഷനും ചെയ്തു.
പീറ്റേഴ്സണെയും ഹോള്ട്ടിനെയുംപോലുള്ള വിദഗ്ധര്‍ ചെയ്യുന്ന ട്രിക്കുകളും മായയ്ക്കു സുപരിചിതം. ടോണിന് സൂക്ഷ്മമായ വ്യതിയാനം നല്കുന്ന പിഞ്ച് ഹാര്‍മണിക് എന്ന വിദ്യ ഒരുദാഹരണം. പിക് ചെയ്യുന്ന സ്ട്രിംഗിനെ വീണ്ടും പിഞ്ച് ചെയ്ത് ഒട്ടു നിശബ്ദമാക്കുന്ന സൂത്രമാണത്രേ അത്.
കഴിവും സമര്‍പ്പണവും!
ത്രാഷ് മെറ്റല്‍ പകരുന്ന ഊര്‍ജം തീരെ ചെറിയപ്രായത്തില്‍ത്തന്നെ മായയ്ക്കു പ്രിയങ്കരമായി. രണ്ടാം വയസുമുതല്‍ സ്ലേയര്‍, മെറ്റാലിക്ക, സ്ലിപ്നോട്ട് തുടങ്ങിയവയെ കേള്‍ക്കുന്നു. ഇതെല്ലാം കേട്ട് തുള്ളിച്ചാടിയ ഓര്‍മകള്‍ അവള്‍ക്കുണ്ട്.
മെറ്റാലിക്കയുടെ ഫോര്‍ ഹും ദ ബെല്‍ ടോള്‍സ് ആണ് ആദ്യം പഠിച്ചത്. ഒമ്പതാം വയസില്‍ ടൂളിന്റെ 15 മിനിറ്റ് ദൈര്‍ഘ്യമുള്ള 7എംപെസ്റ്റ് കവര്‍ പതിപ്പായി ചെയ്തതു വഴിത്തിരിവായി. ഗിറ്റാര്‍ മാഗസിനുകളില്‍ മായയെക്കുറിച്ച് ലേഖനങ്ങള്‍ വന്നു. എജിടിയിലേക്കുള്ള ക്ഷണം ലഭിക്കാനും ഇതെല്ലാം വഴിയൊരുക്കി.
ഗിറ്റാറില്‍ കര്‍ണാട സംഗീതം വായിച്ചുതുടങ്ങിയവരില് മുന്‍നിരക്കാരനായ ഗിറ്റാര്‍ പ്രസന്നയില്നിന്നു പഠിക്കാനും മായയ്ക്ക് അവസരംകിട്ടി. ജീവിതം ഇപ്പോള്‍ ഗിറ്റാറിനുവേണ്ടി മാറ്റിവച്ചതുപോലെയാണ്. സ്കൂളില്‍ പോകുന്നില്ല. ഓണ്‍ലൈനിലൂടെയാണ് പഠനം. ആറു മുതല്‍ ഏഴു മണിക്കൂര്‍ വരെ ഗിറ്റാര്‍ പരിശീലിക്കും.
അനിയനോടൊപ്പം ഗ്രൗണ്ടില്‍ പോയി കളിക്കാന്‍ എനിക്കും ഇഷ്ടമൊക്കെയാണ്. എന്നാല്‍, എനിക്കു കിട്ടിയ അവസരങ്ങള്‍ എല്ലാവര്ക്കും എളുപ്പത്തില്‍ കിട്ടുന്നതല്ല. അതുകൊണ്ട് അതിനെ ഗൗരവത്തോടെ കാണുന്നു, ബഹുമാനിക്കുന്നു. ഗിറ്റാറിനോടുള്ള സ്നേഹം ഒരിക്കലും നഷ്ടപ്പെടുത്തില്ല- മായ പറയുന്നു.
ഹരിപ്രസാദ്