കണക്കുകൾ പ്രകാരം മലയാളത്തിലെ 120-ാമത് സിനിമയാണ് 1964 ഏപ്രിലിൽ ഇറങ്ങിയ "മണവാട്ടി.' "ഇടയകന്യകേ പോവുക നീ, ഈ അനന്തമാം ജീവിതവീഥിയിൽ', "അഷ്ടമുടിക്കായയിലെ അന്നനടത്തോണിയിലെ ചിന്നക്കിളി ചിങ്കാരക്കിളി' തുടങ്ങിയ നിത്യഹരിത സൂപ്പർ ഹിറ്റ് ഗാനങ്ങളിലൂടെ അറുപതു വർഷങ്ങൾക്കിപ്പുറവും മലയാളിമനസിൽ മണവാട്ടിക്ക് ഇടമുണ്ട്. എന്നാൽ, ഈ ഗാനങ്ങൾ മാത്രമല്ല, മറ്റൊരു ചരിത്രപരമായ പ്രത്യേകതകൂടി ഈ സിനിമ മലയാളികൾക്കു സമ്മാനിച്ചു. മലയാള സിനിമയ്ക്കായി ഒരു വനിത ആദ്യമായി തിരക്കഥ രചിച്ച സിനിമകൂടിയാണ് മണവാട്ടി. മണവാട്ടിയിലൂടെ അശ്വതി മാത്തൻ എന്ന പെൺതിരക്കഥാകൃത്ത് രംഗപ്രവേശം ചെയ്തു.
അശ്വതി മാത്തൻ
കോട്ടയം പള്ളത്തെ പ്രശസ്തമായ കല്ലൂപ്പറമ്പിൽ കുടുംബത്തിൽ 1930 ഒക്ടോബർ എട്ടിനു ജനനം. തിരുവല്ല ബാലികാമഠത്തിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. തുടർന്ന് മദ്രാസ് വിമൺസ് കോളജിൽ ചേർന്നു. അക്കാലത്തു തിരുവിതാംകൂറിലെ പ്രമുഖ വ്യവസായി സി.പി. മാത്തന്റെ മകൻ രാജു എം.മാത്തനുമായി പ്രണയത്തിലായി. രാജു മദ്രാസ് ലെയോള കോളജിൽ പഠിക്കുകയായിരുന്നു. ഇരുവരുടെയും വിവാഹം 1951 മേയ് മൂന്നിന് നടന്നു.
രാജുവിന്റെ സിനിമ,
അശ്വതിയുടെ കഥ
രാജു എം. മാത്തൻ 1963ൽ ഒരു സിനിമ നിർമിക്കണമെന്ന ആഗ്രഹം അശ്വതിയുമായി പങ്കുവച്ചു. രാജുവിന്റെ എല്ലാ ബിസിനസുകൾക്കും പൂർണ പിന്തുണ നൽകിയിരുന്ന അശ്വതി പക്ഷേ ഇത്തവണ ഒരു ഉപാധിവച്ചു; താൻ എഴുതുന്ന കഥ പരിഗണിക്കണം. രാജുവിനു പൂർണ സമ്മതം. ഏതാനും മാസങ്ങൾകൊണ്ട് അശ്വതി മണവാട്ടിയുടെ തിരക്കഥ എഴുതി പൂർത്തിയാക്കി.
മൂത്തമകൾ തങ്കത്തിന്റെ പേരിൽ പടുത്തുയർത്തിയ തങ്കം ഫിലിംസിന്റെ ബാനറിലാണ് മണവാട്ടി നിർമിച്ചത്. മദ്രാസിലെ ന്യൂട്ടൺ സ്റ്റുഡിയോയിലും കൊല്ലം അഷ്ടമുടിക്കായലിന്റെ പരിസരത്തുമായി ചിത്രീകരണം പൂർത്തിയാക്കി. കെ.എസ്. സേതുമാധവൻ സംവിധാനം ചെയ്ത ഈ സിനിമ ബോക്സോഫീസിൽ വൻ വിജയം നേടി. സത്യൻ, മധു, എസ്.പി. പിള്ള, ബഹദൂർ, രാഗിണി, കെ.ആർ. വിജയ, ആറന്മുള പൊന്നമ്മ, അടൂർ പങ്കജം, ബേബി, വിനോദിനി, ഭാരതി, ഗോപിനാഥ് എന്നിവരായിരുന്നു അഭിനേതാക്കൾ.
മണവാട്ടിയുടെ കഥ
ആദ്യം ചേട്ടന്റെയും പിന്നീട് അനുജന്റെയും കാമുകിയാകേണ്ടി വന്ന സൂസി എന്ന യുവതിയുടെ പ്രണയ സംഘർഷങ്ങളാണ് മണവാട്ടിയുടെ പ്രമേയം. ഹൃദ്രോഗിയായ ബാബുവിനെ പരിചരിക്കാനാണ് കോൺവെന്റിൽ കഴിഞ്ഞിരുന്ന സൂസി അയാളുടെ വീട്ടിൽ എത്തുന്നത്. ഏതാനും ദിവസത്തെ പരിചരണംകൊണ്ട് ബാബുവിന്റെ അസുഖം ഭേദമാകുന്നു. എന്നാൽ, അതോടൊപ്പം സൂസി ബാബുവിന്റെ ഹൃദയത്തിൽ ചേക്കേറി.
ഇതിനിടെ, ആ വീട്ടിൽ യാദൃച്ഛികമായി ജോസിനെ സൂസി കണ്ടുമുട്ടുന്നു. താൻ പരിചരിക്കുന്ന ബാബുവിന്റെ അനുജനാണ് തന്റെ പഴയ കാമുകനായ ജോസ് എന്ന സത്യം അവൾ മനസിലാക്കുന്നു. ജോസിന്റെ ഓർമകളിലൂടെയാണ് ഇരുവരുടെയും പ്രണയം ആവിഷ്കരിക്കപ്പെടുന്നത്. സൂസി വീടും പുരയിടവും പണയം വച്ചായിരുന്നു ജോസിനെ ഉപരിപഠനത്തിനായി അയച്ചത്. എന്നാൽ, പിന്നീട് മാതാപിതാക്കളുടെ നിർബന്ധത്തിനു വഴങ്ങി ജോസിന് ഷീലയെ വിവാഹം കഴിക്കേണ്ടി വന്നു. എന്നാൽ, ഷീലയുടെ ആഡംബരവും ക്ലബ്ജീവിതവും ഇരുവരുടെയും ബന്ധത്തെ അകറ്റി.
സൂസിയെ ബാബു വിവാഹം ചെയ്യുന്നത് ജോസിനു താത്പര്യമായിരുന്നു. ജോസിന്റെയും അമ്മയുടെയും നിർബന്ധംമൂലം ബാബു വിവാഹത്തിനു സമ്മതിക്കുന്നു. ഇതിനിടയിൽ ബാബു ഒരു ശസ്ത്രക്രിയയ്ക്കു വിധേയനാകുന്നു. ശസ്ത്രക്രിയ മൂലം അയാൾക്കു വൈവാഹികജീവിതം നിഷിദ്ധമാണെന്നു ഡോക്ടർമാർ വിധിയെഴുതി. ദാമ്പത്യജീവിത പ്രതീക്ഷകൾ തകർന്ന സൂസി കോൺവെന്റിലേക്കു മടങ്ങിപ്പോകുന്നതോടെ സിനിമ അവസാനിക്കുന്നു.
സൂസിയായി രാഗിണിയും ബാബുവായി മധുവും ജോസായി സത്യനും ഷീലയായി കെ.ആർ. വിജയയും അഭിനയിച്ചു.
സിനിമയിൽനിന്നു മടക്കം
മണവാട്ടിക്കു ശേഷം മറ്റൊരു തിരക്കഥകൂടി അശ്വതി എഴുതി. എന്നാൽ, കഥയും തിരക്കഥയും മാറ്റി എഴുതണമെന്ന് ആവശ്യപ്പെട്ട സംവിധായകന്റെ മുഖത്തു നോക്കി ചങ്കുറപ്പോടെ തനിക്കു പറ്റില്ലെന്നു പറഞ്ഞ് സിനിമയിൽനിന്നു പിന്മാറി. സിനിമ വിട്ട ശേഷം കറി പൗഡർ നിർമാണ വ്യവസായത്തിലേക്കു തിരിഞ്ഞു. ചെറുപ്പം മുതൽ എഴുതിയിരുന്നതും സ്വന്തം അമ്മയിൽനിന്നു പഠിച്ചതുമായ പാചകക്കൂട്ടുകൾ ചേർത്ത് "എന്റെ തറവാട് പാചകം' എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചു. 2007 ജൂലൈ നാലിന് അന്തരിച്ചു.