എഴുത്തിലും സാംസ്കാരിക പ്രവർത്തനത്തിലും വേറിട്ട നടത്തമായിരുന്നു കനവ് ബേബി. മണ്ണിനെയും മനുഷ്യരെയും സ്നേഹിച്ച്, കൃഷിക്കാരനായി ജീവിച്ച് കടന്നുപോയ ഒരാൾ. വേരുകൾ തേടിയുള്ള യാത്ര പോലെയായിരുന്നു അദ്ദേഹത്തിന്റെ അവസാനകാല എഴുത്തുകൾ. കുട്ടിക്കാലം ചെലവഴിച്ച കണ്ണൂർ ജില്ലയിലെ കുടിയേറ്റ ഗ്രാമത്തിന്റെ ഓർമയിലേക്ക് തിരിഞ്ഞുനടന്ന കെ.ജെ. ബേബിയെ ഇവിടെ കാണാം.
"ഞാന്‍ എപ്പളായാലും സാഹിത്യകാരനാന്ന് പറയില്ല. ആരു ചോദിച്ചാലും കൃഷിക്കാരനാന്നേ പറയൂ. കർഷക കുടുംബത്തില്‍ ജനിച്ചയാളാണ്, കൃഷിയാണ് എന്റെ വേര്. അതു വിട്ടൊരു കളിയില്ല. നമുക്ക് പണിയെടുക്കണം. അത്യാവശ്യത്തിനു ജീവിക്കണം. വലിയ ധനമുണ്ടാക്കാന്‍ വേണ്ടീട്ടല്ല.' വേരുകള്‍ ഓര്‍മിച്ചെടുക്കുകയായിരുന്നു ബേബി.
പത്തൊമ്പതാം വയസില്‍ വയനാടന്‍ ചുരം കയറും മുമ്പ് കൊച്ചുപൂവത്തുംമൂട്ടില്‍ ജോസഫ് ബേബി ജീവിച്ചൊരു ദേശമുണ്ട്. മലബാര്‍ കുടിയേറ്റത്തിന്റെ ആദ്യ കേന്ദ്രമായ കണ്ണൂര്‍ ജില്ലയിലെ പേരാവൂരിനടുത്ത് തൊണ്ടിയിൽ മാവടി. "ബസ്പുര്‍ക്കാന' എന്ന നോവലില്‍ അദ്ദേഹം വരച്ചിട്ടത് കുടിയേറ്റക്കാരുടെ ജീവിതമായിരുന്നു. ഒടുവില്‍ എഴുതിയ "ഗുഡ്ബൈ മലബാറി'ലും നാടിന്റെ തുടിപ്പുകളുണ്ടായിരുന്നു.
മണമായും രുചിയായും കഥാപാത്രങ്ങളായും കുട്ടിക്കാലത്ത് അദ്ദേഹമറിഞ്ഞ നാടും നാട്ടുകാരെയും നോവലുകളിലും നാടകങ്ങളിലും തിരക്കഥയിലും അദ്ദേഹം ഒളിപ്പിച്ചു. തൊണ്ടിയിൽ പള്ളിയിലെ അൾത്താര ബാലനും മിഷൻലീഗ് പ്രവർത്തകനും യുപി സ്കൂളിലെ ഗായകനുമായ കുട്ടിക്കാലം. രണ്ടു വര്‍ഷത്തിനിടെ പലപ്പോഴായി അദ്ദേഹവുമായി സംസാരിച്ചതിന്റെ ഓര്‍മത്തുണ്ടുകള്‍ വായിക്കാം:
"മാവേലി മൻറ'ത്തിന്റെ കൈയെഴുത്തു പ്രതിയുമായി ഒരു പത്രാധിപരുടെ അടുത്തുപോയി. എന്നോടു ചോദിച്ചു: നിങ്ങൾക്കെന്താ പണീന്ന്. ഞാൻ പറഞ്ഞു. "മുമ്പ് നാടകമൊക്കെ ചെയ്തിട്ടുണ്ടായിരുന്നു. ഇപ്പോള്‍ കൃഷിയാണ്.' അപ്പോ ഒരു അവഗണനയുണ്ടല്ലോ! നാട്ടുകാര്‍ക്ക് നമ്മള് ഒരു അലസനും ഭീകരനുമൊക്കെയായ ആളാ. അവര്‍ക്ക് മനസിലാകാത്ത ഒരാള്‍.
"ഗുഡ്ബൈ മലബാര്‍' മൂന്നുവര്‍ഷംകൊണ്ട് എഴുതിയതാ. "ബസ്പുര്‍ക്കാന'യുടെ പുറകില്‍ എന്തോരെ വായനകള്‍. "മാവേലി മൻറ'വും അങ്ങനെതന്നെയാ ചെയ്തത്. പിന്നെ നമ്മള് കൃഷിക്കാരാന്നു പറഞ്ഞാല്‍ ആരും ഒരിടം തരില്ല. സ്വപ്നമായ "പ്രിയപ്പെട്ട ലൂയീസും' ബസ്പുർക്കാന എന്ന നോവലിന്റെ രണ്ടാം ഭാഗവും ഒരു സിനിമാ സ്വപ്നവും ബാക്കിവച്ചാണ് കനവ് ബേബി യാത്രയായത്. കുടിയേറ്റ കർഷകരുടെ ജീവിതാനുഭവങ്ങളായിരുന്നു രണ്ടിലും പ്രമേയം. കുടിയേറ്റത്തിന്റെ നല്ലൊരു ഭാഗം സിനിമ ചെയ്യണമെന്നു കരുതി "പ്രിയപ്പെട്ട ലൂയിസിന്' എന്നൊരു തിരക്കഥയും തയാറാക്കിയിരുന്നു. 1968 കാലമാണല്ലോ. കുടിയിറക്കുമായി ബന്ധപ്പെട്ട് ഗൂഡല്ലൂരില്‍ മരിച്ച ലൂയീസിനെ ഓര്‍ക്കുന്ന സിനിമ.
അമ്മയുടെ പേടി
ബസ്പുര്‍ക്കാന എഴുതുമ്പോഴാണ് നാടൊക്കെ എന്റെ മനസിലേക്ക് വീണ്ടും വരുന്നത്. ഇരിട്ടിയൊക്കെ അതില്‍ വരുന്നുണ്ട്. ആ നാട്, പുഴ, മല, ആള്ക്കാര്... ഞാന്‍ ജനിച്ചുവളര്‍ന്ന മാവടി ഒരു കവലയാണ്. അന്നൊന്നും റോഡ് ടാര്‍ ചെയ്തിട്ടില്ല. അത്യാവശ്യം കാളവണ്ടിക്ക് പോകാന്‍ വീതി. ചാച്ചന് നല്ലൊരു കൃഷിക്കാരനായിരുന്നു. 1929ല്‍ ആദ്യകുടിയേറ്റ കാലത്തു വന്നതായിരുന്നു ചാച്ചന്റെ കുടുംബം.
വല്യപ്പനും വല്യമ്മച്ചിയുമാണ് മാവടിയില്‍ എത്തിയത്. വല്യപ്പച്ചനെ എനിക്കോര്‍മയില്ല. വല്യമ്മച്ചിയെ നല്ല ഓര്‍മയുണ്ട്. അതുപോലെ അമ്മയുടെ അമ്മയെയും ഓര്‍മയുണ്ട്. ചാച്ചനെ കുഞ്ഞപ്പന് ചേട്ടനെന്നാണ് നാട്ടില്‍ വിളിച്ചോണ്ടിരുന്നത്. ശരിക്കുള്ള പേര് ജോസഫ്. അമ്മ ത്രേസ്യാമ്മ. ഇരിട്ടിക്കടുത്ത് കുന്നോത്തെ വട്ടംതൊട്ടിയില് കുടുംബാംഗമാണ് അമ്മ. അമ്മയുടെ വീട്ടുകാര്‍ പാലാ മറ്റക്കരയില്നിന്നാണ് കുന്നോത്തേക്ക് വരുന്നത്. ചാച്ചന്റെ വീട്ടുകാര്‍ കാഞ്ഞിരപ്പള്ളിയില്‍നിന്നു മാവടിയിലെത്തി.
എനിക്കു നാലു വയസുള്ളപ്പോള്‍ ചാച്ചൻ അസുഖംപിടിച്ചു മരിച്ചു. അനിയത്തിക്ക് രണ്ടു വയസ്. അമ്മച്ചിക്കാണെങ്കില്‍ ദാരിദ്ര്യമില്ലാണ്ട് ഞങ്ങളെ വളര്‍ത്താന്‍ പറ്റിയ സാഹചര്യമുണ്ടായിരുന്നു. പറമ്പില്‍ ചാച്ചന് എല്ലാത്തരം സാധനങ്ങളും നട്ടിരുന്നു. പലതരം മാവ്, പലതരം പ്ലാവ്, ഇതെല്ലാം. നല്ല പ്ലാനിംഗായിരുന്നു. വീടിനുചുറ്റും നമുക്ക് ഓടിക്കളിക്കാനുള്ള സ്ഥലംവിട്ടിട്ടേ അപ്പന് എന്തെങ്കിലുമൊക്കെ നട്ടിട്ടുള്ളൂ. അതു കാരണം അടുത്ത വീട്ടിലെയും ചിറ്റപ്പന്മാരുടെയും പിള്ളേരൊക്കെ കളിക്കാന്‍ വരും.
"കനവ്'' തുടങ്ങിയ ശേഷമാണ് അമ്മ മരിച്ചത്. എന്റെ കൂടെ തന്നെയായിരുന്നു. ഏഴു മാസത്തോളം കിടന്നുപോയി. എല്ലാത്തിനോടും സ്നേഹമായിരുന്നു അമ്മയ്ക്ക്. എന്നെയോർത്തു പേടിയുണ്ടായിരുന്നു. ഓരോരുത്തര് ഓരോന്നൊക്കെ പറഞ്ഞും നമ്മളെ പോലീസ് പിടിച്ചോണ്ടുപോക്കുമൊക്കെയായി...എന്റെ കാര്യത്തില്‍ അങ്ങനെ കുറേയിതൊക്കെയുണ്ടല്ലോ. അമ്മയ്ക്ക് ആകെക്കൂടിയുള്ള പരാതി ഞാന്‍ പള്ളിയില്‍ പോകുന്നില്ലാന്ന് മാത്രമായിരുന്നു.
അമ്മ വലിയ ഭക്തയായിരുന്നു. ഞായറാഴ്ചയും കടമുള്ള ദിവസങ്ങളിലുമൊക്കെ പള്ളിയില്‍ പോകും. നാട്ടില്‍ പഠിച്ചോണ്ടു നടന്ന ആളായിരുന്നു അമ്മ. മലബാറിലേക്കു പോന്നപ്പോള്‍ പഠനം നിന്നു. കുഞ്ഞുപെണ്ണ് എന്നു പറയുന്ന "ബസ്പുര്‍ക്കാന'യിലെ കഥാപാത്രം അമ്മ തന്നെയാണ്. മാവടിയല്ലാണ്ട് നമുക്ക് ബന്ധമുണ്ടാകുന്ന ആദ്യത്തെ പ്രധാന പ്രദേശം അമ്മയുടെ വീടായ കുന്നോത്ത് ആയിരുന്നു. ഞാന്‍ കണ്ട ഏറ്റവും വലിയ അദ്ഭുതം ഇരിട്ടി പാലമായിരുന്നു. ഇരുമ്പിന്റെ വലിയ കമാനങ്ങളും ആര്ച്ചുമൊക്കെയായിട്ട്. അമ്മയുടെ കൂടെ പോകുമ്പോള്‍ പാലത്തേക്കൂടെ അക്കരെയിക്കരെ നടക്കും.
കൊട്ടിയൂർ കുടിയിറക്ക് സമരം
കൊട്ടിയൂര്‍ കുടിയിറക്കുമായി ബന്ധപ്പെട്ട സമരങ്ങള്‍ എനിക്ക് ആറോ ഏഴോ വയസുള്ളപ്പോഴാണ്.
ഫാ. വടക്കന്‍, വെല്ലിംഗ്ടണ്‍ തുടങ്ങിയവരൊക്കെ സമരം കിടക്കുന്നു. കുട്ടികളെ അവിടെ കൊണ്ടുപോയത് മനസിലുണ്ട്. നടന്നുപോകുകയായിരുന്നു. ചിറയത്തച്ചനാണ് അവിടെ ആള്‍ക്കാരെ സംഘടിപ്പിച്ചത്. അച്ചന് നല്ലൊരു പ്രസംഗകനായിരുന്നു. കൃഷിക്കാരായ ആള്‍ക്കാരെ സംഘടിപ്പിക്കാൻ ചില്ലറ ബുദ്ധിമുട്ടൊന്നുമല്ലല്ലോ. അച്ചന് ഒരു പ്രസംഗത്തിലൂടെ എല്ലാവരെയും ഒന്നിപ്പിക്കാന്‍ കഴിഞ്ഞു.
പാപ്പനും മുട്ടത്തു വർക്കിയും
ഞങ്ങടെയൊരു ചിറ്റപ്പനുണ്ടായിരുന്നു. ചാച്ചന്റെ അനുജന്. കുഞ്ഞാക്കോ പാപ്പനെന്നാ ഞങ്ങള്‍ വിളിക്കുന്നത്. പാപ്പന് കടയൊക്കെയുണ്ടായിരുന്നു. കച്ചവടത്തിലൊക്കെ വളരെ ഗൗരവക്കാരനാണ്. ഞങ്ങള്‍ക്കൊക്കെ പേടിയുമായിരുന്നു. പക്ഷേ, പുസ്തകം കിട്ടിക്കഴിഞ്ഞാല്‍ ആളങ്ങ് മാറും. ഞായറാഴ്ച കടയില്ലാത്ത ദിവസം വീടിന്റെ വരാന്തയിരുന്ന് ഉറക്കെ വായിക്കും. നല്ല രസമാ വായിക്കണത് കേള്‍ക്കാന്‍. പക്ഷേ, ആരും മിണ്ടാന്‍ പാടില്ല. അനങ്ങിക്കഴിഞ്ഞാല്‍ അവന്റെ ഇടപാട് തീരും.
പാപ്പന് മുട്ടത്തുവര്‍ക്കിയുടെ ഒരു ആരാധകനായിരുന്നുവെന്നാ തോന്നുന്നത്. മുട്ടത്തുവര്‍ക്കിയുടെ പുതിയ നോവലിറങ്ങിക്കഴിഞ്ഞാല് എല്ലാം വായിക്കും. തെക്കന്‍കാറ്റ്, പാടാത്ത പൈങ്കിളി, ഒരു കുടയും കുഞ്ഞുപെങ്ങളും അതൊക്കെ വായിച്ച് ഈ ഗൗരവക്കാരനിരുന്ന് കരയുന്നതൊക്കെ കാണാം. സാഹിത്യമൊക്കെ ആള്ക്കാരിലുണ്ടാക്കുന്ന മാറ്റം അങ്ങനെയാ അറിയുന്നത്. ഞാനൊക്കെ വായന തുടങ്ങിയതും മുട്ടത്തുവര്‍ക്കി, ഇ.ജെ. കാനം ഇങ്ങനെയുള്ള ആള്‍ക്കാരില്‍ തന്നെയായിരുന്നു.
ഒന്‍പതാം ക്ലാസ് മുതലാണ് കുറച്ചുകൂടെ വായിക്കാന്‍ തുടങ്ങിയത്. വീട്ടില്‍ അമ്മ വരുത്തുന്നത് സത്യദീപം, ഗിരിദീപം, സ്നേഹസേന എന്നിവയായിരുന്നു. ഗിരിദീപത്തില്‍ വരുന്ന കഥകള്‍ വായിച്ചു. പ്രത്യേകിച്ചു ഗിരിദീപത്തോട് താത്പര്യം തോന്നിയത് പേരാവൂർ ഇടവകയിൽ കൊച്ചച്ചനായിരുന്ന പൊരുന്നോലില്‍ അച്ചന് പത്രാധിപരായതോടെയാണ്.
അച്ചനെ യാത്രയയ്ക്കാന്‍ പോയപ്പോള്‍ ഞങ്ങളെ കൊണ്ടുപോയി മാനന്തവാടിയിലെ പ്രസൊക്കെ കാണിച്ചായിരുന്നു. ആദ്യമായിട്ട് പ്രസ് കാണുന്നതങ്ങനെയാ. "പ്രിയപ്പെട്ട ലൂയിസിന്' എന്ന തിരക്കഥയിൽ ഏബ്രഹാം പൊരുന്നേലില് അച്ചനെ, ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ കണ്ട ആവേശത്തോടെ, ആ പേരുതന്നെ കൊടുത്തുകൊണ്ട് ക്യാരക്ടറാക്കിയിട്ടുണ്ട്. അത്രയും പ്രചോദനം നൽകിയ പവര്ഫുള്ളായിട്ടൊരു പുരോഹിതനെ ഞാന്‍ കണ്ടിട്ടില്ല.
നാടകവും ടൂറിംഗ് ടാക്കീസും
തിയറ്റര്‍ അനുഭവമെന്ന് പറഞ്ഞാല്‍ പള്ളിപ്പെരുന്നാളിന് കണ്ട നാടകങ്ങളാണ്. സി.എല്‍. ജോസിന്റെ "തീപിടിച്ച ആത്മാവി’ന്റെ അവതരണമാണ് ഓര്‍മയില്‍ നില്‍ക്കുന്നത്. ഒരു കാര്‍ഷിക കുടുംബവും അവരുടേതായ കാര്യങ്ങളും. സാഹിത്യത്തില്‍ മുട്ടുത്തുവര്ക്കിയുടെ നോവല്‍ എങ്ങനെയോ അതുമാതിരിയായിരുന്നു "തീപിടിച്ച ആത്മാവ്' നാടകം.
അവസാനരംഗത്തിലെ നായകന്റെ നില്പൊക്കെ അതേപോലെ മനസിലുണ്ട്. ജെടിഎന്എസ് എന്ന സഞ്ചരിക്കുന്ന നാടകക്കമ്പനിയാണ് പിന്നെ ഓര്മ. തൊണ്ടിയില്‍ കുന്നേല്‍ ജോസിന്റെ വീടിന്റെയടുത്ത വയലിലാണ് നാടകം. രക്തക്കണ്ണീര്‍ എന്നായിരുന്നു പേര്. കുഷ്ഠരോഗിയുടെ കഥയാണ്. ജെടിഎന്എസ് മാത്യു ഗംഭീരമായി അഭിനയിച്ചു. അദ്ദേഹത്തിന്റെ സ്വന്തം തിയറ്ററാ. ടിക്കറ്റ് വച്ചിട്ടാണ് പരിപാടി. ആദ്യം നമ്മളെ കുറച്ച് സര്‍ക്കസു കാണിക്കും. അതുകഴിഞ്ഞാട്ടാണ് നാടകം.
ലൂസി ജോര്‍ജും ജോസ് മുട്ടവും
അക്കാലത്ത് നാട്ടിലെ അറിയപ്പെടുന്ന എഴുത്തുകാരിയായിരുന്നു താഴത്തുവീട്ടില്‍ ലൂസി ജോര്‍ജ്. ആ ചേച്ചിയാണ് ഞാൻ ആദ്യമായി കാണുന്ന എഴുത്തുകാരി. ഗിരിദീപത്തില്‍ അവരുടെ കഥകള്‍ വായിച്ചതോര്‍ക്കുന്നുണ്ട്. തെറ്റുവഴിക്ക് പോകുന്ന വഴിക്കായിരുന്നു വീട്. മിഷന്‍ലീഗിന്റെ ഒരു സമ്മേളനം അക്കാലത്ത് തൊണ്ടിയില്‍ കൂടുന്നുണ്ട്. അതിലാണ് ആദ്യമായിട്ട് പ്രശസ്ത എഴുത്തുകരായ ജോസ് മുട്ടം, ജോര്‍ജ് നെല്ലായി എന്നിവരൊയൊക്കെ കാണുന്നത്.
അവരും ഗിരിദീപത്തില്‍ എഴുതുന്നവരാണ്. സാഹിത്യപരമായ കാര്യങ്ങളെക്കുറിച്ച് ആദ്യം കേള്‍ക്കുന്നതും ആ പരിപാടിയിലാണ്. പിന്നീട് ജോസ് മുട്ടം ലൂസി ജോര്‍ജിനെ കല്യാണം കഴിച്ചു. ജോസ് മുട്ടത്തിന്റെ നോവല്‍ ലോട്ടറി ടിക്കറ്റ് അക്കാലത്തു ഗിരിദീപത്തില്‍ വരുന്നുണ്ടായിരുന്നു. നമ്മള് അറിയുന്ന സാഹിത്യകാരനും സാഹിത്യകാരിയും തമ്മിലുള്ള കല്യാണം സാഹിത്യത്തില്‍ വലിയൊരു സംഭവമാണല്ലോ.
ഞാന്‍ നടവയലില്‍ വരുമ്പോഴാണ് ഇവരൊയൊക്കെ പിന്നെ കാണുന്നത്. നടവയല്‍ സ്കൂളില്‍ പഠിപ്പിക്കുന്നുണ്ടെന്നറിഞ്ഞപ്പോൾ ലൂസി ജോര്‍ജിനെ കാണാന്‍ പോയി. ജോസ് മുട്ടവുമായിട്ടും പരിചയമായി. അദ്ദേഹത്തിന്റെ ഒരു കവിതാപുസത്കം പ്രകാശനം ചെയ്തത് ഞാനായിരുന്നു. ആ ബന്ധങ്ങള്‍ വളര്‍ന്നുവന്നു. ലൂസി ജോര്‍ജ് പിന്നിടൊന്നും എഴുതിയിട്ടില്ല. ഒരിക്കല്‍ ഞാന്‍ ചോദിച്ചു: ചേച്ചിയെന്താ എഴുത്ത് നിര്ത്തിക്കളഞ്ഞതെന്ന്. കുടുംബമായി കഴിഞ്ഞാല്‍ പിന്നെയെന്ത് എഴുത്തെന്നായിരുന്നു മറുപടി. അതിപ്പോള്‍ നമ്മള്‍ക്ക് തന്നെ അറിയാമല്ലോ. എത്രയോ നല്ല കഴിവുള്ള പെണ്ണുങ്ങൾ, പാട്ടുകാരികളുടെയൊക്കെ അവസ്ഥ.
കഥയും കഥാപാത്രങ്ങളും
ഞങ്ങള്‍ക്കൊരു തൈലമുണ്ടാക്കുന്ന പുല്ലുനിറഞ്ഞ തെരുവക്കുന്ന് തന്നെ ഉണ്ടായിരുന്നു. യോഹന്നാന് ചേട്ടനായിരുന്നു വാറ്റുപുരയിലെ പ്രധാനി. വൈകുന്നേരം ചെന്നാല്‍ തെരുവ വെന്ത മണമൊക്കെയായി പ്രത്യേക രസമാണ്. യോഹന്നാന് ചേട്ടന് നല്ല കഥകള്‍ പറയുന്ന ആളായിരുന്നു. "കാറല്‍മാന്‍' ചരിതമായിരുന്നു അത്. അതിങ്ങനെ കുറച്ചുപറഞ്ഞ്, നിര്‍ത്തി വീണ്ടും പറഞ്ഞ്, അതിനിടയ്ക്കൊന്ന് മുറുക്കി. അങ്ങനെ കഥപറഞ്ഞുതരുന്നത് പഴയകാലത്തെ രസകരമായ ഓര്‍മയാണ്.
പിന്നെയാണ് ഈ പുസ്തകം സംഘടിപ്പിച്ച് വായിക്കുന്നത്. പിന്നെ, കപ്പ ചുട്ടുതരും. വാറ്റുന്ന അടുപ്പില്‍ നല്ല കനലായിരിക്കും. അതിനകത്ത് ഇട്ടുകഴിഞ്ഞാല്‍ കപ്പ നന്നായി വെന്തുവരും. നല്ല സുഖമായിരുന്നു അതിന്റെ അടുത്തുപോയിരിക്കാന്. ചെറിയ മഴയും കൂടിയുണ്ടെങ്കില്‍ വാറ്റുപുര നല്ലൊരു അന്തരീക്ഷമാ.
പിന്നെ, പള്ളിയില്‍ ഫിഡില്‍ വായിക്കുന്ന ഒരാളുണ്ടായിരുന്നു. ഹൈസ്കൂളിന്റെ അടുത്തെ മെലിഞ്ഞിട്ടൊരു ചേട്ടന്. പള്ളിയില്‍ പോകുമ്പോഴൊക്കെ ആ ചേട്ടനെ ശ്രദ്ധിക്കും. "ബസ്പുര്‍ക്കാന' നോവലില്‍ ഫിഡിലിസ്റ്റ് ദേവസ്യ ചേട്ടനുണ്ട്. കൊളക്കാട് വഴിക്കു മിക്കവാറും കാളവണ്ടികള്‍ വന്നുംപോകുന്നുമുണ്ടായിരുന്നു. എനിക്ക് ഏറ്റവും ഇഷ്ടം കാളവണ്ടീടെ പിറകേ പോകുന്നതായിരുന്നു. വണ്ടീടെ ടയറും ബ്രേക്കിന്റെ മരവും കൂടി ഉരഞ്ഞിട്ട് ഒരു പ്രത്യേക മണം വരും. അതെനിക്ക് ഇഷ്ടമായിരുന്നു.
അക്കാലത്തെ കൊട്ടിയൂര്‍ ഉത്സവത്തിനുള്ളവരുടെ പോക്കാ മറ്റൊന്ന്. ഗുഡ്ബൈ മലബാര്‍ നോവലില്‍ ഇതിന്റെയെല്ലാം ചെറിയ ഓര്‍മകള്‍ എഴുതിയിട്ടുണ്ട്.
ബോംബെയിൽനിന്ന് വയനാട്ടിലേക്ക്
വായനയുടെ ഒരു തലത്തിലേക്കു കടന്നത് ശരിക്കു പറഞ്ഞാല്‍ പത്താം ക്ലാസ് കഴിഞ്ഞിട്ടായിരുന്നു. ഒരു വര്‍ഷം ഒരിടത്തേക്കും പോകാതെ വീട്ടില്‍ നിന്നു. ബോംബെയിലെ പ്രശസ്തമായ ഒരു ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അഡ്മിഷന് ശ്രമിക്കുന്നുണ്ടായിരുന്നു. ഒരു ജര്‍മന്‍ ബ്രദറായിരുന്നു അതിന്റെ മാനേജര്‍. ആ ഇടവേളയിലാണ് വായന കുടുതലായത്. മാവടിയിലെ ഓടയ്ക്കല്‍ കുര്യാച്ചന് ചേട്ടന് ലൈബ്രറിയിൽ പോകുന്പോൾ എന്നെയും വിളിക്കും. മുരിങ്ങോടി വരെ 10 കിലോമീറ്റർ നടന്നുപോയി പുസ്തകമെടുത്തു തിരിച്ചുനടക്കും.
പിന്നീട് ബോംബെയില്‍ അഡ്മിഷന് കിട്ടി. ആ സമയത്താണ് മാവടിയിലെ സ്ഥലത്തിന്റെ വില്പന. അങ്ങനെ മാവടിയില്നിന്നു മാറി. അല്ലെങ്കില്‍ പേരാവൂരുകാരന് തന്നെയായി പോയേനെ. അപ്പന് ഞങ്ങടെ ചെറുപ്പത്തിലേ മരിച്ചതു കാരണം മൈനര്‍ സ്വത്തായിരുന്നു. സ്വത്ത് കൈമാറാന്‍ എല്ലാ പിള്ളേരും ഒപ്പിട്ടുകൊടുക്കണമായിരുന്നു. ഐടിഐയിലെ ജര്‍മന്‍ ബ്രദര്‍ ഭയങ്കര സ്ട്രിക്ടാണ്. ഒറ്റ ക്ലാസും കട്ട് ചെയ്യാന്‍ പാടില്ല. മാനേജരുടെ പ്രത്യേക അനുമതി വാങ്ങി ഒരാഴ്ചത്തെ അവധിക്ക് നാട്ടിലെത്തി.
വയനാട് കണ്ടതോടെ ഞാന്‍ അന്തംവിട്ടപോലെയായി. വാങ്ങിച്ചത് പഴയൊരു തറവാടായിരുന്നു. രണ്ടുനില പോലെയുണ്ട്. മുകളില്‍ മരത്തിന്റെ മച്ച് ഒക്കെയായി. അതിനകത്തെല്ലാം മുറികള്‍. മൂന്ന് പത്തായം തന്നെയുണ്ടായിരുന്നു. അങ്ങനെയുള്ള സാഹചര്യം ഒന്ന്. പിന്നെ കണ്ണുതുറന്നാല്‍ കാണുന്നത് വിസ്തൃതമായ പാടം.
അവിടുന്നാണ് ആദിവാസികളുടെ ജീവിതം കാണുന്നത്. ഇതെല്ലാം കണ്ടു രസിച്ചു ബോംബെയിൽ തിരിച്ചുചെന്നപ്പോള് ഒരു മാസം കഴിഞ്ഞിരുന്നു. മാനേജര്‍ എന്നോട് അപ്പോള്‍ത്തന്നെ പായ്ക്ക് ചെയ്തോളാന്‍ പറഞ്ഞു. ഞാനാണെങ്കില്‍ ഇങ്ങനെയൊന്ന് കേള്‍ക്കാന്‍ വേണ്ടി ഇരിക്കുകയാണ്. കുറ്റബോധമില്ലാതെ തിരിച്ചുപോരാമല്ലോ. ബോംബെ നഗരത്തെക്കാള്‍ ഇഷ്ടം വയനാടായിരുന്നു.
വള്ളിയൂര്‍ക്കാവിന് അടുത്ത് താന്നിക്കൽ ആയിരുന്നു ആദ്യം താമസം. പിന്നീടാണ് നടവയലിലേക്കു വന്നത്. യുപി സ്കൂളിൽ പഠിക്കുന്പോൾ സ്കൂളിലും പള്ളിയിലും നല്ല പാട്ടുകാരനായിരുന്നു. ഒന്‍പതിലും പത്തിലും ഞാന്‍ സ്കൂളില്‍ പാടിയിട്ടേയില്ല. പാടാന്‍ എന്തോ ഒരു വല്ലാത്ത പേടിവന്നുപോയി. പള്ളിയിലാണെങ്കിലും എന്റെ സ്വരമൊക്കെ മാറിയിട്ട് ലജ്ജയായി പാടാന്‍. പിന്നെ, വയനാട്ടിലേക്ക് എത്തിയ ശേഷമാണ് പാട്ടൊക്കെ തിരിച്ചുപിടിക്കുന്നത്.
സിജി ഉലഹന്നാൻ
ചിത്രങ്ങൾ: ജോജി തിരുവനന്തപുരം