വലിയ തുകയുടെ സമ്മാനമൊന്നും അല്ലാതിരുന്നിട്ടും ആ പുരസ്കാരം ഇണക്കിച്ചേർത്തത് പന്ത്രണ്ടു വർഷം നീണ്ടുനിന്ന കയ്പേറിയ അകൽച്ചയാണ്! ചെറുതെങ്കിലും, ആ വലിയ സ്നേഹസമ്മാനം അയൽക്കാരൻ വാങ്ങിയത് എന്റെ സ്ഥാപനത്തിൽനിന്നായിരുന്നുവെന്ന സന്തോഷം ഇപ്പോഴും ഉള്ളിലുണ്ട്...
സ്വീകരണമുറിയിലെ ഷോകേയ്സുകൾ പുരസ്കാരങ്ങളെക്കൊണ്ട് നിറയുന്നത് ആരെയാണ് അഭിമാനപുളകിതരാക്കാത്തത്.. ഏതൊരാൾക്കും സന്തോഷവും ആത്മവിശ്വാസവും നിറയുന്ന കാഴ്ചയാണിത്. മനോഹരമായ ട്രോഫികളും മെമന്റോകളും ഫലകങ്ങളുമൊക്കെ കാണുന്പോൾ അതു തന്നവർക്ക് അപ്പുറത്തേക്ക് നമ്മുടെ ചിന്ത പോകാറുണ്ടോ? ആരായിരിക്കും ഈ മനോഹര ഫലകങ്ങളും ട്രോഫികളും നിർമിച്ചതെന്ന് ആലോചിക്കാറുണ്ടോ? കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമെന്നു വിശേഷണമുള്ള തൃശൂരിൽ അവാർഡ് ചടങ്ങുകളും പുരസ്കാരം നൽകി ആദരിക്കലുമെല്ലാം പതിവ് കാഴ്ചകളാണ്.
പൂരനഗരിയിൽ ഇതിനകം ഇങ്ങനെ സമ്മാനിച്ചിട്ടുള്ള ആയിരക്കണക്കിനു പുരസ്കാരങ്ങളിൽ പതിഞ്ഞ ഒരു പേരുണ്ട്, സി.ജെ. പോൾസൺ... കഴിഞ്ഞ നാലു പതിറ്റാണ്ടായി പതിനായിരക്കണക്കിനു ട്രോഫികളും പുരസ്കാരങ്ങളും മെമന്റോകളുമെല്ലാമാണ് പോൾസന്റെ തൃശൂരിലെ സ്കൈബ്ലൂ മാർക്കറ്റിംഗിലൂടെ കടന്നുപോയത്.
കല, കായികം, വിദ്യാഭ്യാസം, സാഹിത്യം, തൊഴിൽ മുതലായ മേഖലകളിലെല്ലാം ഈ അന്പത്തേഴുകാരൻ ഒരുക്കി നൽകിയ ഫലകങ്ങൾ ഇടംപിടിച്ചിട്ടുണ്ട്. നൂറുകണക്കിനു സ്ഥാപനങ്ങളുടെയും വീടുകളുടെയും ഷോകേയ്സുകളിൽ ഇവ അഭിമാനം പരത്തി പരിലസിക്കുന്നു. ബിസിനസ് മീറ്റുകൾ, വാർഷിക ആഘോഷങ്ങൾ, യാത്രയയപ്പ്, കുടുംബസംഗമം, സുഹൃദ്സംഗമം, ടാലന്റ് മീറ്റ്, സാഹിത്യ സമ്മേളനങ്ങൾ എന്നിങ്ങനെ എല്ലായിടത്തും ആദരവോടെ ഇടംപിടിച്ചിട്ടുണ്ട് പോൾസന്റെ ട്രോഫികൾ.
ഈ രംഗത്തെ മാറ്റങ്ങളെയും ആധുനിക സാങ്കേതിക വിദ്യകളെയുമൊക്കെ നിരീക്ഷിച്ചും നടപ്പാക്കിയും മുന്നേറുകയാണ് പോൾസണും ഭാര്യ ബിന്ദുവും അവർ നയിക്കുന്ന സ്ഥാപനവും. ഇവർ ഒരുക്കിയ പുരസ്കാരങ്ങൾ കേരളത്തിലെന്നല്ല രാജ്യത്തും രാജ്യത്തിനു പുറത്തേക്കും അഭിമാനപൂർവം സഞ്ചരിച്ചിട്ടുണ്ട്. എല്ലാവർക്കും സന്തോഷം പകരുന്ന തന്റെ ബിസിനസിനെക്കുറിച്ചു മനസുതുറക്കുന്നു തൃശൂർ മുണ്ടുപാലം ചെറുവത്തൂർ വീട്ടിൽ പോൾസൺ എന്ന സംരംഭകൻ.
പുരസ്കാര സംസ്കാരം
മനുഷ്യരെ പ്രചോദിപ്പിക്കാൻ പുരസ്കാരങ്ങൾക്കുള്ളത്ര ശക്തി മറ്റൊന്നിനുമില്ല. ഒരു കൊച്ചു സമ്മാനമായാൽ പോലും അതിനൊരു സാന്ത്വനശേഷിയും മാന്ത്രികസ്പർശവുമുണ്ട്. ലോകത്ത് എല്ലായിടത്തുമുള്ള മനുഷ്യരും അംഗീകരിക്കപ്പെടുന്നതിൽ ഇഷ്ടമുള്ളവരാണ്. തൃശൂർ മേഖലയിൽ ആർക്കെങ്കിലും പുരസ്കാരം സമ്മാനിക്കുന്നതു തീരുമാനമാകുന്പോൾ ആദ്യത്തെ വിളി വരുന്നത് പോൾസന്റെ ഫോണിലേക്കാവും.
സർക്കാർ നിയന്ത്രണത്തിലുള്ള മൂന്ന് അക്കാദമികളും കേരള കലാമണ്ഡലവും ചേർന്നു മുന്നൂറോളം പുരസ്കാരങ്ങളാണ് ഓരോ കലാശാഖയിലും മികവ് പുലർത്തുന്നവർക്കു വർഷം തോറും നൽകിവരുന്നത്. ഇതു കൂടാതെ കാർഷിക സർവകലാശാലയും ആരോഗ്യസർവകലാശാലയും കേരള ലോക്കൽ അഡ്മിനിസ്ട്രേഷൻ ഇൻസ്റ്റിറ്റ്യൂട്ട് കിലയും മൂന്നു മെഡിക്കൽ കോളജുകളും ഒരു എൻജിനിയറിംഗ് കോളജുംകൂടി ചേരുന്ന നഗരത്തിൽ അക്കാദമിക പരിപാടികൾക്കും പുരസ്കാര വിതരണങ്ങൾക്കും പഞ്ഞമുണ്ടാകുമോ!
വിപണിയിൽ മൊത്തം വിറ്റുപോകുന്ന പുരസ്കാര നിർമാണ സംബന്ധമായ സാധനങ്ങളുടെ കണക്കുകൾ സ്റ്റേഷനറി ആൻഡ് ഫാൻസി ഡീലേഴ്സ് അസോസിയേഷൻ (SFDA) പ്രസിഡന്റ് എന്ന നിലയിൽ എനിക്കറിയാം. ഇത്തരം സാധനങ്ങളുടെ അഖില കേരള വിതരണക്കാരനുമാണ് ഞാൻ. വർഷത്തിൽ മൂന്നു തവണ ചൈന സന്ദർശിച്ചാണ് ഇത്തരം സാധനങ്ങൾ ഇറക്കുമതി ചെയ്യുന്നത്.
പുരസ്കാരങ്ങൾ പെരുകി
പുരസ്കാരങ്ങൾ നൽകാത്ത ചടങ്ങുകളില്ലെന്ന സ്ഥിതിയിലേക്ക് അനുമോദനങ്ങളുടെ വ്യാപ്തി വർധിച്ചിട്ടുണ്ട്. കടന്നുപോയ പ്രശസ്തരുടെയെല്ലാം പേരിൽ സ്മാരക പുരസ്കാരങ്ങൾ സ്ഥാപിച്ചുകൊണ്ടിരിക്കുന്നതാണ് ഇക്കാലങ്ങളിലെ കാഴ്ച. സാഹിത്യ മേഖലയെടുത്താൽ, അക്കാദമി പുരസ്കാരങ്ങൾ കൂടാതെ, 1575ൽ അന്തരിച്ച ഭാഷാപിതാവ് തുഞ്ചത്തെഴുത്തച്ഛൻ മുതൽ 2010ൽ വേർപിരിഞ്ഞ എ.അയ്യപ്പൻ വരെയുള്ളവരുടെ സ്മരണാർഥം പുരസ്കാരങ്ങളുണ്ട്.
ഇതൊന്നും കൂടാതെയാണ് ചെറിയൊരു പ്രദേശത്തുമാത്രം അറിയപ്പെട്ടിരുന്ന വ്യക്തികളുടെ പേരിലും നിരവധി പുരസ്കാരങ്ങൾ വരുന്നത്. വലിയ സംഭാവനകൾ നൽകിയ എം.ഒ. ജോണിന്റെയും സി.എം.ജോർജിന്റെയും പേരുകളിൽ മാത്രമേ കുറെക്കാലം മുന്പുവരെ ബിസിനസ് അവാർഡുകൾ നൽകിയിരുന്നുള്ളൂ. ഇന്ന് ഈ ശ്രേണിയിൽ എത്ര പുരസ്കാരങ്ങളുണ്ടെന്ന് എനിക്കു തന്നെ നിശ്ചയമില്ല. സ്വാഭാവികമായും പുരസ്കാരദാന ചടങ്ങുകൾ ഇടയ്ക്കിടെയെത്തുന്നു. പരിപാടിയിൽ പങ്കെടുക്കുന്ന പ്രശസ്തർക്കെല്ലാം ഒരു മെമന്റോയെങ്കിലും നൽകും.
ഇതിനിടെ, എല്ലാവർക്കും പുരസ്കാരങ്ങൾ ഒരുക്കിക്കൊടുക്കുന്ന ഞങ്ങളെയും സുഹൃത്തുക്കൾ വെറുതെ വിട്ടില്ല. ജൂൺ രണ്ടിനായിരുന്നു ഞങ്ങളുടെ വിവാഹവാർഷികം. പന്ത്രണ്ടു പുരസ്കാരങ്ങളാണ് ബന്ധുക്കളും കൂട്ടുകാരും ചേർന്നു ഞങ്ങൾക്കു സമ്മാനിച്ചത്!
പരീക്ഷാഫലമെത്തിയാൽ ചാകര
പത്താം ക്ലാസ്, പ്ലസ്-ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടുന്നവരെ മെമന്റോകൾ നൽകി ആദരിക്കുകയെന്നത് ഇന്നു നാട്ടുനടപ്പായി മാറിക്കഴിഞ്ഞു. ആദ്യകാലങ്ങളിൽ സ്കൂളുകൾ മാത്രമാണ് ഇത്തരം ആദരവുകൾ നൽകിയിരുന്നത്. എന്നാൽ, ഇന്നു ജനപ്രതിനിധികളും സ്ഥാപനങ്ങളും ക്ലബ്ബുകളും മുതൽ രാഷ്ട്രീയ പാർട്ടികൾവരെ ഇങ്ങനെ കുട്ടികളെ ആദരിക്കാൻ മത്സരിക്കുകയാണ്. ഫലമോ... ആയിരക്കണക്കിനു മെമന്റോകളുടെ ഒാർഡറുകളാണ് ഇത്തരം സ്ഥാപനങ്ങളിലേക്ക് എത്തുന്നത്.
പത്താം ക്ലാസ്, പ്ലസ് ടു ഫലപ്രഖ്യാപനകാലം ഞങ്ങൾക്ക് ഉറക്കമില്ലാത്ത കാലമാണ്. കാര്യമായ ഇടവേളയില്ലാതെയാണ് പലപ്പോഴും വിവിധ സിലബസുകളുടെ ഫലം വരുന്നത്. ഇരുനൂറും മുന്നൂറുമൊക്കെ കുട്ടികൾ ഫുൾ എ പ്ലസ്/എ വൺ ഒക്കെ നേടിയ നിരവധി സ്കൂളുകൾ കാണും. ഇവരുടെയെല്ലാം വിവരങ്ങളും ഫോട്ടോകളും പിഴവുണ്ടാകാതെ മെമന്റോയിലാക്കുകയെന്നത് ശ്രമകരമായ ജോലിയാണ്.
ഏതാനും ദിവസങ്ങൾകൊണ്ട് ആയിരക്കണക്കിനു ഫലകങ്ങളാണ് തയാറാക്കേണ്ടി വരുന്നത്. സെന്റ് മേരീസ്, സെന്റ് ക്ലയേഴ്സ്, നിർമല മാതാ, സേക്രഡ് ഹാർട്ട്, ഹോളി ഫാമിലി, ഭാരതീയ വിദ്യാഭവൻ, ഹരിശ്രീ വിദ്യാനിധി എന്നിങ്ങനെ പതിവായെത്തുന്ന സ്കൂളുകൾ നിരവധി. സെന്റ് തോമസ്, സെന്റ് മേരീസ്, വിമല, കേരള വർമ, ഗവ. ഫൈൻ ആർട്സ്, ഗവ. എൻജിനിയറിംഗ് തുടങ്ങിയ കോളജുകളും ഈ ലിസ്റ്റിലുണ്ട്.
കൂടിച്ചേരുന്ന ട്രോഫികൾ
രണ്ടോ മൂന്നോ ചിലപ്പോൾ നാലോ ഭാഗങ്ങളായാണ് ഒരു ട്രോഫി ചൈനയിൽനിന്ന് ഇവിടെ എത്തുന്നത്. അവ ഞങ്ങളുടെ വർക്ക്ഷോപ്പിൽ അസംബിൾ ചെയ്ത് യോജിപ്പിക്കും. ഫോട്ടോ പതിക്കാനും വ്യക്തിവിവരങ്ങൾ ചേർക്കാനും ഇടം അലങ്കരിച്ചിട്ടുണ്ടാകും. പ്രിന്റ് ചെയ്ത് ഒട്ടിക്കാനുള്ള ഗോൾഡൻ പേപ്പർ റെഡി-ടു-യൂസ് അവസ്ഥയിൽ ട്രോഫിക്കൊപ്പവുമുണ്ടാകും. മികവോടെ ഒരുക്കിയാൽ ട്രോഫി കാണുന്പോൾത്തന്നെ വാങ്ങുന്നവർക്കും കൊടുക്കുന്നവർക്കും മനസു നിറയും.
വാക്കുകളുടെ ശക്തി
പുരസ്കാരങ്ങളും അനുമോദനങ്ങളും കൊച്ചു പ്രശംസാ പ്രകടനങ്ങൾ പോലും അദ്ഭുതങ്ങൾ സൃഷ്ടിക്കാൻ ശേഷിയുള്ളവയാണ്. എനിക്കുതന്നെ അനുഭവങ്ങൾ ധാരാളം. മുപ്പത്തയ്യായിരത്തിലധികം മനുഷ്യർക്കു ജോലി നൽകുന്ന വ്യവസായപ്രമുഖൻ എം.എ. യൂസഫലി ഇരിക്കുന്ന വേദിയിൽ അദ്ദേഹം ചെയ്യുന്ന കാര്യങ്ങളെ സംബന്ധിച്ച് ഇത്തിരി നേരം സംസാരിക്കാൻ എനിക്ക് അവസരം കിട്ടി. അതിനോടു പ്രതികരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞ വാക്കുകൾ പരിശോധിച്ചാൽ, അഭിനന്ദനങ്ങൾ ഏതൊരാളെയും സ്വാധീനിക്കുന്നുണ്ടെന്നു വ്യക്തമാണ്. ഇതു തന്നെയാണ് പുരസ്കാരങ്ങളുടെ പൊതുവായ സാരനിരൂപണം!
മുറിവുകൾ ഉണക്കാൻ
ഒരു കൊച്ചു മെമന്റോയുടെ ശക്തി തെളിയിച്ച ഒരു സംഭവം പറയാം. ഇക്കഴിഞ്ഞ എസ്എസ്എൽസി ഫലപ്രഖ്യാപന സമയം. അനുമോദന ചടങ്ങുകളുമായി എല്ലാവരും തിരക്കിൽ. ഇതിനിടയിലാണ് അയൽപക്കത്തുളള വർഗീസിന്റെ മകൾ അശ്വതിയും ഫുൾ എ പ്ലസ് നേടിയതായി അറിഞ്ഞത്. അനുമോദനങ്ങളും മെമന്റോകളും അശ്വതിയുടെ ഭവനത്തിലേക്കും ഒഴുകിയെത്തി. സ്കൂൾ അധികൃതരും ബന്ധുക്കളും സാംസ്കാരികസംഘടനകളും സമീപവാസികളുമെല്ലാം അഭിനന്ദന ചടങ്ങുകൾ സംഘടിപ്പിച്ചു.
ഇതിനിടയിൽ കടുത്ത പിണക്കത്തിലായിരുന്ന, വർഷങ്ങളായി തമ്മിൽ മിണ്ടിയിട്ടേയില്ലാത്ത ഒരു അയൽവാസിയും കുടുംബവും തികച്ചും അപ്രതീക്ഷിതമായി വർഗീസിന്റെ വീട്ടിലേക്കെത്തി. പ്രദേശത്തുള്ളവരെല്ലാം അശ്വതിയുടെ വിജയം ആഘോഷിക്കുമ്പോൾ, തങ്ങൾക്കു മാത്രം മാറിനിൽക്കാനാവില്ലെന്നു പറഞ്ഞ് കൈയിൽ കരുതിയിരുന്ന ചെറിയൊരു ഉപഹാരം അവർ അശ്വതിക്കു സമ്മാനിച്ചു, അഭിനന്ദിച്ചു. ഇരു വീട്ടുകാരും തമ്മിൽ ഊഷ്മളമായി സംസാരിച്ചു.
വലിയ തുകയുടെ സമ്മാനമൊന്നും അല്ലാതിരുന്നിട്ടും ആ പുരസ്കാരം ഇണക്കിച്ചേർത്തത് പന്ത്രണ്ടു വർഷം നീണ്ടുനിന്ന കയ്പേറിയ അകൽച്ചയാണ്! ചെറുതെങ്കിലും, ആ വലിയ സ്നേഹസമ്മാനം അയൽക്കാരൻ വാങ്ങിയത് എന്റെ സ്ഥാപനത്തിൽനിന്നായിരുന്നുവെന്ന സന്തോഷം ഇപ്പോഴും ഉള്ളിലുണ്ട്.
ഗോഡൗൺ ഒലിച്ചുപോയിട്ടും
മറ്റുള്ളവരെക്കുറിച്ച് നല്ലതു മാത്രം പറയാൻ കഴിയുന്ന ഒരു ബിസിനസ് ആണ് ചെയ്യുന്നതെന്നതാണ് ഏറ്റവും വലിയ സംതൃപ്തി. അതുപോലെ മനുഷ്യരുടെ സന്തോഷങ്ങളിലും ഞങ്ങൾക്കു പങ്കുചേരാൻ കഴിയുന്നു. നല്ലതു മാത്രം പറയുക, നല്ലതു മാത്രം പ്രവർത്തിക്കുക. എങ്കിൽ നമുക്കും നല്ലതു മാത്രമേ വരൂ. ഇത്രയും കാലത്തെ ജീവിതത്തിൽ പുരസ്കാരങ്ങളാണ് എന്റെ വ്യാപാരവും വ്യവഹാരവും.
2018ലെ പ്രളയം കേരളത്തെ മുക്കിയപ്പോൾ, നാലു കോടി രൂപയുടെ സാധനങ്ങളുമായി ഞങ്ങളുടെ ഗോഡൗൺ ഒലിച്ചുപോയി. ഒറ്റ രാത്രികൊണ്ടു ഞാൻ വട്ടപ്പൂജ്യവുമായി! അടുത്ത കൂട്ടുകാർ പറയാറുണ്ട്, ഒരു ഫീനിക്സ് പക്ഷിയെപ്പോലെ സ്വന്തം ചാരത്തിൽനിന്നു ഞാൻ ചിറകടിച്ചുയർന്നുവെന്ന്! നല്ലതു മാത്രമേ പറഞ്ഞുള്ളൂ, പ്രവർത്തിച്ചുള്ളൂ. അതിനാൽ ദൈവം ഞങ്ങൾക്കും നല്ലതു മാത്രം സമ്മാനിക്കുമെന്നു വിശ്വസിക്കുന്നു.
വിജയ് സിയെച്ച്