യാത്ര തുടങ്ങണമെങ്കില്‍ കടലിന്റെ അടിത്തട്ടുവരെ നിങ്ങള്‍ പോകണം. അവിടന്നു നടക്കാന്‍ തുടങ്ങുക. ശരിയായ ഒരു കാഴ്ച കിട്ടണമെങ്കില്‍ ഒരു പര്‍വതത്തിന്റെ ഉച്ചിയില്‍ നിങ്ങള്‍ കയറിച്ചെല്ലുകയും അവിടെനിന്നു നോക്കുകയും വേണം. -സെന്‍ പഴമൊഴി.
2018 ജനുവരിയില്‍ അവര്‍ ഒരു യാത്ര തുടങ്ങി. പര്‍വതങ്ങളോളം ഉയരങ്ങളിലും കടലോളം ആഴങ്ങളിലുമുള്ള ജീവിതങ്ങളെയും കുടുംബങ്ങളെയും തേടിയായിരുന്നു യാത്ര. കാര്യമായ തയാറെടുപ്പുകളില്ലാതെ ഒരു പുറപ്പാട്. എങ്കിലും അതുവരെ അധികമാരും നടക്കാത്ത വഴികളിലൂടെ അവര്‍ നടന്നു... ആരുടെയൊക്കെയോ കരുതലും സാന്നിധ്യവും പ്രത്യാശ നിറഞ്ഞ സ്നേഹവര്‍ത്തമാനങ്ങളും വല്ലാതെ കൊതിച്ചിരുന്നവര്ക്കിടയിലേക്കാണ് അവർ മാലാഖമാരെപ്പോലെ വിരുന്നിനെത്തിയത്. നവഭാരതത്തിന്റെ കണ്ണും കാതുമെത്താത്ത ജീവിതങ്ങളിലൂടെ നിശബ്ദമെങ്കിലും വേറിട്ടൊരു സ്നേഹസഞ്ചാരം.
അഞ്ചു വര്‍ഷം, 22 സംസ്ഥാനങ്ങള്‍, 60,000ൽ അധികം കുടുംബങ്ങള്‍... സിഎംസി സന്യാസിനിസമൂഹത്തിലെ സിസ്റ്റര്‍ ലിറ്റില്‍ തെരേസും സംഘവും പൂര്‍ത്തിയാക്കിയ ദൗത്യം ആരെയും അദ്ഭുതപ്പെടുത്തും.
മനസിനക്കരെ
മനസു തുറക്കാൻ ആരെങ്കിലും ഒന്നുവന്നിരുന്നെങ്കിൽ, ഒരു സാന്ത്വന വാക്ക് പറഞ്ഞിരുന്നെങ്കിൽ, ഒരു വഴി പറഞ്ഞുതന്നിരുന്നെങ്കിൽ, അല്പസമയം ഒന്നു കൂടെയിരുന്നിരുന്നെങ്കിൽ... ഇങ്ങനെ കൊതിക്കുന്ന ലക്ഷക്കണക്കിനു കുടുംബങ്ങൾ നമ്മുടെ രാജ്യത്തുണ്ട്. പരക്കം പാച്ചിലുകൾക്കിടയിലും തിരക്കുകൾക്കിടയിലും പലപ്പോഴും നമ്മൾ ഇതൊന്നും തിരിച്ചറിയുന്നില്ലെന്നു മാത്രം.
ഇങ്ങനെയുള്ള മനുഷ്യരെ തേടി ഒരു യാത്ര നടത്തിയാലോ? കൊച്ചിയിൽ സിസ്റ്റർ ലിറ്റിൽ തെരേസിന്റെ മനസിലാണ് ഇങ്ങനെയൊരു ആശയം മുളപൊട്ടിയത്. കൊച്ചിയിലെ സിറ്റി ഇവാഞ്ചലൈസേഷൻ ദൗത്യത്തിൽ പ്രവർത്തിക്കുന്പോഴായിരുന്നു ഈ ചിന്ത. അങ്ങനെ ആ ആശയം 2016ൽ സിഎംസി ജനറൽ സിനാക്സിസിൽ ചർച്ചയ്ക്കു വന്നു. അങ്ങനെ അതൊരു മിനിസ്ട്രിയായി രൂപപ്പെട്ടു.
മാസങ്ങൾ നീണ്ട പഠനങ്ങൾക്കും പ്രാർഥനകൾക്കുമൊടുവിൽ 2018 ജനുവരി മൂന്നിന് ഇന്ത്യാ പര്യടന ദൗത്യവുമായി അവർ ഇറങ്ങിത്തിരിച്ചു. എറണാകുളം പ്രോവിൻസിൽനിന്നുള്ള സിസ്റ്റർ ലിറ്റിൽ തെരേസും കാഞ്ഞിരപ്പള്ളിയിൽനിന്നുള്ള സിസ്റ്റർ മാർഗരറ്റുമായിരുന്നു ആദ്യം സംഘത്തിൽ. വൈകാതെ ഭോപ്പാൽ പ്രോവിൻസിൽനിന്ന് സിസ്റ്റർ തെരേസയുമെത്തി. വിവിധ ഘട്ടങ്ങളിൽ സിസ്റ്റർ ജിൻസ റോസ് (ഇടുക്കി), സിസ്റ്റർ ലിജി, സിസ്റ്റർ പ്രിൻസി (തലശേരി) എന്നിവരും സജീവമായി ഒപ്പമുണ്ടായിരുന്നു.
കൂടാതെ വിവിധ പ്രോവിൻസുകളിൽനിന്നുള്ള സിസ്റ്റർ പവിത്ര, സിസ്റ്റർ കുസും, സിസ്റ്റർ സാന്ത്വന, സിസ്റ്റർ അഭയ, സിസ്റ്റർ എൽസ, സിസ്റ്റർ പ്രിസില്ല, സിസ്റ്റർ ആൻസ് മരിയ എന്നിവരടക്കം പലപ്പോഴായി മുപ്പതോളം പേരും വിവിധ സംസ്ഥാനങ്ങളിൽ യാത്രയിൽ ഒപ്പം ചേർന്നു. കേരളത്തിലൂടെ പദയാത്ര തന്നെയായിരുന്നു. മറ്റു സംസ്ഥാനങ്ങളിലേക്കു കടന്നതോടെ കാൽനടയ്ക്കൊപ്പം ലഭ്യമായ സഞ്ചാരമാർഗങ്ങളും ഉപയോഗിച്ചു.
കൂട്ടിന് ഒരു തുണിസഞ്ചി
ഒരു തുണിസഞ്ചിയില്‍ ഉടുപ്പ്, ടൂത്ത് പേസ്റ്റ്, ബ്രഷ്, ഒപ്പം ബൈബിളും. അത്ര മാത്രമായിരുന്നു യാത്രയ്ക്കിറങ്ങുമ്പോള്‍ കൈയിലുണ്ടായിരുന്നതെന്നു സിസ്റ്റര്‍ ലിറ്റില്‍ തെരേസ് പറയുന്നു. എങ്കിലും ഓരോ ഇടത്തെത്തുമ്പോഴും ആവശ്യമായതെല്ലാം എല്ലാം ദൈവം ക്രമീകരിച്ചുതന്നു. പറവൂരിനടുത്തു തുരുത്തിപ്പുറത്തുനിന്നാണ് യാത്ര തുടങ്ങിയത്. തുടര്‍ന്നു കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെ തുടര്‍ച്ചയായി കാൽനട യാത്ര.
വീടുകളിലും തെരുവുകളിലും സ്ഥാപനങ്ങളിലുമെല്ലാം എത്തി നന്മയുടെ സന്ദേശം അവര്‍ പങ്കുവച്ചു. ദൗത്യം കേട്ടറിഞ്ഞവർ സന്തോഷത്തോടെ സന്യാസിനിമാര്‍ക്ക് ആതിഥ്യമരുളി, അവരെ ശ്രവിച്ചു, അവര്‍ പകര്‍ന്ന നന്മ ജീവിതത്തോടു ചേർക്കാൻ പരിശ്രമിച്ചു. പല കുടുംബങ്ങളിലും നന്മയുടെ സന്ദേശം പങ്കുവയ്ക്കുന്നതിനൊപ്പം, അവിടെയുള്ള രോഗികളെ പരിചരിക്കാനും ആവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കാനും സന്യാസിനിമാർ ശ്രദ്ധിച്ചു.
അരുണാചലിന്റെ ആത്മാവിലൂടെ
കേരളത്തിലെ യാത്ര പൂര്‍ത്തിയാക്കിയ ശേഷം അരുണാചല്‍ പ്രദേശിലേക്കായിരുന്നു നിയോഗം. അവിടത്തെ ഗോത്രവര്‍ഗ ജനതയുടെ ഇടയില്‍ സന്ദേശയാത്ര വലിയ സ്വാധീനമുണ്ടാക്കി. അവിടുത്തെ 20 ഇടവകകളുടെ പിന്തുണയോടെ 320 ഗ്രാമങ്ങളില്‍ സന്ദേശമെത്തിക്കാനായെന്നു സിസ്റ്റര്‍ ലിറ്റില്‍ പറയുന്നു.
അപരിചിത സ്ഥലങ്ങളിലൂടെ കിലോമീറ്ററുകളോളം നടന്നും ഗ്രാമങ്ങളിലെ പരിമിതമായ സൗകര്യങ്ങളില്‍ അന്തിയുറങ്ങിയും ഗോത്രജനത ശീലിച്ച ഭക്ഷണം കഴിച്ചുമൊക്കെയായിരുന്നു ജീവിതം. ഭക്ഷണം അധികവും വിവിധ ഇലകള്‍ പുഴുങ്ങിയതാണ്. എലി, പുഴു, ചീവീട് എന്നിവയെല്ലാം കഴിക്കുന്നവരെയും കണ്ടുമുട്ടി.
ടോയ്ലറ്റ് സൗകര്യങ്ങള്‍ കാര്യമായി ഇല്ലാത്ത കുഗ്രാമങ്ങളും ഉണ്ടായിരുന്നു. അഞ്ചും ആറു ദിവസങ്ങള്‍ വരെ കുളിക്കാന്‍ പോലുമാകാതെ മുന്നോട്ടുപോയ ദിനങ്ങളും മറക്കാനാവില്ല.- സിസ്റ്റര്‍ പറഞ്ഞു. ആരും പരിചയക്കാരില്ലാത്ത നാടുകളില്‍ പല അപകട ഘട്ടങ്ങളിലൂടെയും പ്രതിസന്ധികളിലൂടെയും കടന്നുപോയി.
പലപ്പോഴും മരണം പോലും മുന്നിലെത്തി. കടന്നുചെന്നപ്പോൾ അപൂർവം ചിലരെങ്കിലും ആട്ടിയോടിച്ചു, പരിഹസിച്ചു... അപ്പോഴൊന്നും പിന്മാറണമെന്നു തോന്നിയില്ല. തങ്ങളുടെ ദൗത്യത്തെക്കുറിച്ചുള്ള തികഞ്ഞ ബോധ്യത്തോടെ മുന്നോട്ടു നീങ്ങുകയായിരുന്നു- സന്യാസിനിമാര്‍ പറയുന്നു.
അപരിചിത നാടുകൾ
പശ്ചിമബംഗാള്‍, മിസോറം, മേഘാലയ, ത്രിപുര, ഝാര്‍ഖണ്ഡ്, സിക്കിം... എന്നിവിടങ്ങളിലെല്ലാം ഗ്രാമങ്ങളില്‍ ദിവസങ്ങളോളം താമസിച്ചു. അവിടത്തെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെല്ലാം സന്യാസിനിമാരുടെ സാന്നിധ്യം നവ്യാനുഭവവും ആഘോഷവുമായി.
സന്യാസിനിമാര്‍ വീടുകള്‍ തോറും കയറിയിറങ്ങി അവരെ കേട്ടു, വര്‍ത്തമാനങ്ങള്‍ പറഞ്ഞു. ക്രിസ്തുവിനെയും ക്രിസ്ത്യാനികളെയും കുറിച്ച് ആദ്യമായി കേള്‍ക്കുന്നവര്‍ വരെ അത്തരം ഗ്രാമങ്ങളിലുണ്ടായിരുന്നുവെന്നു സന്യാസിനിമാര്‍ പറയുന്നു. സംഘര്‍ഷങ്ങളുടെ പരമ്പര അരങ്ങേറിയ മണിപ്പൂരിന്റെ സങ്കടമണ്ണിലൂടെയും മലയാളി സന്യാസിനിമാര്‍ നടന്നു. കുക്കികളുടെ ക്യാമ്പുകളില്‍ താമസിച്ചു.
അവര്‍ക്കു സേവനമെത്തിക്കാനായി. ക്യാമ്പുകളില്‍ കുട്ടികളുടെ പഠനത്തിനും ആരോഗ്യസേവനങ്ങള്‍ക്കും സന്യാസിനിമാര്‍ക്ക് അവസരം ലഭിച്ചു. കടന്നുപോയ നാടുകളെ അവിടെ ഉപേക്ഷിച്ചിട്ടല്ല സന്യാസിനിമാർ മടങ്ങുന്നത്. ആ മനുഷ്യരുമായുള്ള ബന്ധം നിലനിർത്താനും അവർക്ക് ആവശ്യമായ പിന്തുണ നൽകാനുമുള്ള ശ്രമങ്ങളും ഇവർ നടത്തുന്നുണ്ട്.
തിരികെ നാട്ടിൽ
22 സംസ്ഥാനങ്ങളിലെ യാത്രയ്ക്കു ശേഷം സന്യാസിമാര്‍ ഇപ്പോള്‍ കേരളത്തില്‍ മടങ്ങിയെത്തി. ഒരിടവേളയ്ക്കു ശേഷം മറ്റു സംസ്ഥാനങ്ങളിലും ലക്ഷദ്വീപ് ഉള്‍പ്പടെ കേന്ദ്രഭരണ പ്രദേശങ്ങളിലും കടന്നുചെല്ലാനുള്ള തീക്ഷ്ണമായ ആഗ്രഹത്തിലാണിവര്‍.
ഈ നാടുകളിലേക്കും ഗ്രാമങ്ങളിലേക്കുമാണ് തങ്ങൾ യാത്ര ചെയ്തതെന്നല്ല അവരുടെ ബോധ്യം, മറിച്ച് ആളുകളുടെ മനസുകളിലേക്കാണ്, അവരുടെ മുറിവുകളിലേക്കാണ്, അവരുടെ സങ്കടങ്ങളിലേക്കാണ്. അതുകൊണ്ടുതന്നെ ഇവർക്കും ഇവരെ സ്വീകരിച്ചവർക്കും ഇതൊരു സ്നേഹസന്ദേശ യാത്രയാണ്.
സിജോ പൈനാടത്ത്