ഓരോ ഫ്രെയിമും അതി ഹൃദ്യമാക്കാന്‍ കഴിയുന്ന പ്രകൃതിയാണ് മലയാള സിനിമയെ സംബന്ധിച്ചു വയനാട്. നെല്ലും ഫോട്ടോഗ്രാഫറും മിന്നല്‍ മുരളിയിലെ കുറക്കന് മൂലയും പ്രണയവിലാസവുമൊക്കെ തിയറ്ററിൽ ശ്രദ്ധ നേടിയത് വയനാടിന്റെ വന്യഭംഗികൂടി സ്ക്രീനിൽ നിറച്ചാണ്. എന്നാൽ, മുണ്ടക്കൈയും ചൂരല്‍മലയും ഉരുൾപൊട്ടലിൽ നെടുകെ പിളർന്നപ്പോൾ ആ ജനതയെ നെഞ്ചോടു ചേർക്കാൻ സിനിമാരംഗം മറന്നില്ല.
നിരവധി സിനിമകളുടെ ലൊക്കേഷൻ ആയിട്ടുള്ള വയനാട്ടിൽ മഴയ്ക്കൊപ്പം ഉരുൾദുരന്തം പെയ്തിറങ്ങിയപ്പോൾ നടുങ്ങിയത് സിനിമാലോകംകൂടി. വയനാട് മേഖലയിൽ പല സിനിമകളുടെയും ഷൂട്ടിംഗ് പുരോഗമിക്കുന്നുണ്ടായിരുന്നു. അവ നിർത്തേണ്ടി വന്നു.
അതുപോലെ തന്നെ പല സിനിമകളുടെയും റിലീസിംഗും പ്രമോഷണൽ പരിപാടികളും മാറ്റിവയ്ക്കേണ്ടിവന്നു. ഷൂട്ടിംഗ് നിർത്തിവച്ചാണ് പല സിനിമാതാരങ്ങളും ദുരന്തഭൂമിയിലേക്ക് ഒാടിയെത്തിയത്. വയനാടിനെ മാത്രമല്ല മലയാള സിനിമാരംഗത്തെയും ഉരുൾ ബാധിച്ചു. അകമഴിഞ്ഞ സാഹായവുമായി ജനതയ്ക്കൊപ്പം നിൽക്കാനും താരങ്ങളടക്കം മുന്നോട്ടുവന്നു എന്നതും ആശ്വാസം പകരുന്ന കാഴ്ചയായിരുന്നു.
ഓരോ ഫ്രെയിമും അതി ഹൃദ്യമാക്കാന്‍ കഴിയുന്ന പ്രകൃതിയാണ് മലയാള സിനിമയെ സംബന്ധിച്ചു വയനാട്. നെല്ലും ഫോട്ടോഗ്രാഫറും മിന്നല്‍ മുരളിയിലെ കുറക്കന് മൂലയും പ്രണയവിലാസവുമൊക്കെ തിയറ്ററിൽ ശ്രദ്ധ നേടിയത് വയനാടിന്റെ വന്യഭംഗികൂടി സ്ക്രീനിൽ നിറച്ചാണ്. എന്നാൽ, മുണ്ടക്കൈയും ചൂരല്‍മലയും ഉരുൾപൊട്ടലിൽ നെടുകെ പിളർന്നപ്പോൾ ആ ജനതയെ നെഞ്ചോടു ചേർക്കാൻ സിനിമാരംഗം മറന്നില്ല.
ആശ്വാസമേകി താരങ്ങൾ
മമ്മൂട്ടി, മോഹന്‍ലാല്‍, ദുല്‍ഖര്‍ സല്മാന്, ഫഹദ് ഫാസില്‍, ആസിഫ് അലി, നസ്രിയ, അന്വശര രാജന്, പേളി മാണി തുടങ്ങി ഒട്ടനവധിപേര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കു വലിയ തുകകള്‍ സംഭാവന ചെയ്തു. മലയാള താരങ്ങൾ മാത്രമല്ല, കമല്ഹാസന്, ചിരഞ്ജീവി, പ്രഭാസ്, വിക്രം, സൂര്യ, രാംചരണ്‍, കാര്‍ത്തി, ജ്യോതിക, രശ്മിക മന്ദാന തുടങ്ങിയവരൊക്കെ വയനാടിനെ ചേർത്തുപിടിച്ചു.
രണ്ടു കോടി രൂപയാണ് പ്രഭാസ് മാത്രം സംഭാവന ചെയ്തത്. മോഹൻലാലിന്റെ വയനാട് സന്ദർശനം രക്ഷാപ്രവർത്തകർക്ക് ഊർജം പകർന്നു. അദ്ദേഹം നേതൃത്വം നല്കുന്ന വിശ്വശാന്തി ഫൗണ്ടേഷന് മൂന്നു കോടിയിലധികം രൂപയുടെ പ്രവര്‍ത്തനങ്ങൾ വയനാട്ടില്‍ വാഗ്ദാനം ചെയ്തു.
തന്റെ 15-ാമത് ഫിലിംഫെയര്‍ അവാര്‍ഡ് ഏറ്റുവാങ്ങി മമ്മൂട്ടി സംസാരിച്ചതു വയനാടിനു വേണ്ടിയായിരുന്നു. 20 ലക്ഷം രൂപയാണ് ദുരിത ബാധിതര്‍ക്കായി അദ്ദേഹം സംഭാവന ചെയ്ത്. ദുല്‍ഖര്‍ സല്മാന് 15 ലക്ഷം രൂപയും നല്കി.
ഫഹദ് ഫാസിലും ഭാര്യ നസ്രിയ നസീമും ചേര്‍ന്ന് 25 ലക്ഷം രൂപയാണ് ദുരിതാശ്വാസ നിധിയിലേക്കു കൈമാറിയത്. ഉരുള്‍പൊട്ടലില്‍ കിടപ്പാടം നഷ്ടപ്പെട്ടവര്‍ക്കായി ഇടുക്കിയില്‍ വാഗമണിനടുത്ത് ഒരേക്കര്‍ സ്ഥലം തരാന്‍ താന്‍ തയാറാണെന്നു നടന് രതീഷ് കൃഷ്ണന് പറഞ്ഞു.
ഒരു കോടി രൂപ ചിരഞ്ജീവിയും രാംചരണും ചേര്‍ന്നു സംഭാവന നൽകി. നടന്മാരായ കമല്ഹാസന്, ചിയാന്‍ വിക്രം എന്നിവര്‍ 20 ലക്ഷം രൂപ വീതം വയനാടിന്റെ സങ്കടങ്ങളോടു ചേർത്തുവച്ചു. സൂര്യ -ജ്യോതിക താരദമ്പതികളും സഹോദരനും നടനുമായ കാര്‍ത്തിയും ചേര്‍ന്ന് 50 ലക്ഷം രൂപ നല്കി. 25 ലക്ഷം രൂപയാണ് അല്ലു അര്ജുന് നല്‍കിയത്. രശ്മിക മന്ദാന 10 ലക്ഷം രൂപയും നല്കി.
ദുരന്തഭൂമിയിലും
ദുരന്തം നടന്ന ആദ്യ ദിനങ്ങളില്‍ നടി നിഖില വിമൽ അടക്കമുള്ളവര്‍ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു സജ്ജരായി മുന്നോട്ടുവന്നിരുന്നു. മഞ്ജു വാര്യര്‍, ടൊവിനോ തോമസ് തുടങ്ങി നിരവധി താരങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ വയനാട് ദുരന്ത നിവാരണത്തിനു സഹായകമായ പോസ്റ്റുകൾ കൃത്യമായ ഇടവേളകളിൽ പ്രത്യക്ഷപ്പെട്ടു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തികച്ചും സുതാര്യമാണെന്നും അതിലേക്കു പണം അയയ്ക്കാന്‍ ആശങ്കപ്പെടേണ്ടതില്ലെന്നും നടനും സംവിധായകനുമായ ബേസില്‍ ജോസഫ് സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചു.
30 കോടി നഷ്ടം
വയനാടിന്റെ ദുഃഖത്തില്‍ പങ്കുചേര്‍ന്ന് ടൊവിനോ തോമസ് നായകനാകുന്ന "അജയന്റെ രണ്ടാം മോഷണം' എന്ന ചിത്രത്തിന്റെ അപ്ഡേറ്റ് മാറ്റിയിരുന്നു. മാത്രമല്ല പല സിനിമകളുടെയും റിലീസും മാറ്റി. ആസിഫ് അലി, സുരാജ് വെഞ്ഞാറമൂട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നഹാസ് നാസര്‍ സംവിധാനം ചെയ്യുന്ന ചിത്രമായ അഡിയോസ് അമിഗോ, സൈജു ശ്രീധരന്റെ സംവിധാനത്തില്‍ മഞ്ജു വാര്യര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ഫൂട്ടേജ്, ഈസ്കോസ്റ്റ് വിജയന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്തിനി എന്നിവയൊക്കെ റിലീസ് മാറ്റിവച്ച ചിത്രങ്ങളാണ്.
റിലീസ് മാറ്റിയതിനാല്‍ മലയാള സിനിമയ്ക്ക് 30 കോടി രൂപ വരെയുള്ള നഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് പ്രമുഖ ട്രേഡ് അനലിസ്റ്റുകള്‍ കണക്കാക്കുന്നത്.
ശ്രീജിത്ത് ഇടവന ആദ്യമായി സംവിധാനം ചെയ്യുന്ന സര്‍വൈവല്‍ ത്രില്ലര്‍ ചിത്രമായി ഒരുങ്ങുന്ന 'സിക്കാഡ'യുടെ റിലീസിന് മാറ്റമില്ല. ചിത്രത്തിന്റെ വരുമാനത്തിന്റെ നല്ലൊരു ശതമാനം ദുരിതാശ്വാസനിധിയിലേക്കു സംഭാവന ചെയ്യുമെന്നാണ് അണിയറക്കാര്‍ പറയുന്നത്.
മറിമായം താരങ്ങളായ മണികണ്ഠന് പട്ടാമ്പി, സലിം ഹസന് എന്നിവര്‍ ചേര്‍ന്നു തിരക്കഥ എഴുതി സംവിധാനം ചെയ്ത സിനിമയാണ് പഞ്ചായത്ത് ജെട്ടി. വെള്ളിയാഴ്ച ചിത്രത്തിന് ലഭിക്കുന്ന കളക്ഷന്‍ വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് നല്കാന് തീരുമാനിച്ചിരിക്കുകയാണ്. 'ഒരു അന്വേഷണത്തിന്റെ തുടക്കം' എന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ 1,50,000 രൂപ ദുരിതാശ്വാസനിധിയിലേക്കു നല്‍കിക്കഴിഞ്ഞു.
വേദനയായി ഷിജു
ഉരുള്‍പൊട്ടലില്‍ അകപ്പെട്ട് ജീവന് നഷ്ടമായ ഷിജു ചലച്ചിത്ര ലോകത്തിന്റെ നഷ്ടമാണ്. ഫെഫ്ക അംഗമായ ഫോക്കസ് പുള്ളര്‍ ആയിരുന്നു അദ്ദേഹം. ഷിജുവിന്റെ അയല്‍ക്കാരനും കാമറ അസിസ്റ്റന്റുമായ പ്രണവ് ദുരന്തില്നിന്നും പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു.
ആശ്വാസമേകാൻ എല്ലാവരും കൈകോർത്തു. കാലം വയനാട് ദുരന്തത്തെ നമ്മുടെ സ്നേഹത്തിന്റെയും ഐക്യത്തിന്റെയും പേരില്‍ക്കൂടിയാകും അടയാളപ്പെടുത്തുക. അതില്‍ നമ്മുടെ താരങ്ങളും ചലച്ചിത്രപ്രവര്‍ത്തകരും ഒരു നാടിനെ കരുതിയവിധം തിളങ്ങി നില്ക്കും... വയനാട് എത്രയും വേഗം സന്തോഷത്തിന്റെ ഫ്രെയിമില്‍ തിരിച്ചെത്തട്ടെ...
ശരത് ജി. മോഹൻ