99ലെ വെള്ളപ്പൊക്കം... പഴയ തലമുറ പലപ്പോഴും പറഞ്ഞിരുന്ന കഥകളായിരുന്നു. എന്താണ് 99ലെ വെള്ളപ്പൊക്കമെന്നു ചിന്തിച്ചിട്ടു പിടികിട്ടാത്തവരും ഉണ്ടായിരുന്നു. ഈ ജൂലൈയിൽ 99ലെ വെള്ളപ്പൊക്കത്തിന് നൂറു വയസ് തികയുന്നു. കനത്ത നാശം വിതച്ചു കൊല്ലവർഷം 1099ൽ സംഭവിച്ച (1924 ജൂലൈ) മഹാപ്രളയമാണ് 99ലെ വെള്ളപ്പൊക്കം.
മിന്നൽപ്രളയത്തിൽ കേരളം ഞെട്ടിവിറച്ചത് ഓർക്കാപ്പുറത്തായിരുന്നു. 2018ലും 19ലും 20ലും 22ലുമൊക്കെ പെയ്തിറങ്ങിയ മഴ കേരളത്തിൽ പ്രത്യേകിച്ചു മലയോര മേഖലകളിൽ മരണത്തിന്റെ ഗന്ധം പരത്തിയാണ് കടന്നുപോയത്. 2018ൽ പതിനായിരക്കണക്കിന് ഏക്കർ സ്ഥലത്ത് ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായി. 46 പേർ മരിച്ചു. 2020ൽ മൂന്നാറിലെ പെട്ടിമുടിയിൽ പെരുമഴയും മണ്ണിടിച്ചിലിലും കുത്തൊഴുക്കിലുംപെട്ട് 70 പേർ മണ്ണിനടിയിൽപെട്ട് മരിച്ചു.
22ൽ കുടയത്തൂർ മലനിരകളിലെ കോളനികളിൽ അഞ്ചു പേർ ഉരുൾപൊട്ടി മരിച്ചു. കണക്കുകൾ തീരുന്നില്ല. ഇടുക്കി അടക്കമുള്ള ജില്ലകളാണ് മഴ ദുരന്തത്തിന്റെ കെടുതികൾ ഏറെ ഏറ്റുവാങ്ങിയത്. എന്നാൽ, ഇതിനേക്കാൾ ഭീതിജനകമായിരുന്നു 99ലെ വെള്ളപ്പൊക്കം. കേരളത്തെ പ്രത്യേകിച്ച് ഇടുക്കിയെ നടുക്കിയ ദുരന്തം. മണ്ണും മനുഷ്യനും ജന്തുക്കളും ദിവസങ്ങളോളം ദുരിതക്കെണിയിലകപ്പെട്ടു. പ്രളയത്തിന്റെ മുറിപ്പാടുകൾ ഇന്നും മാറാതെ അവശേഷിക്കുന്ന പട്ടണമാണ് മൂന്നാർ.
മുതിരപ്പുഴ, കുണ്ടള, നല്ലതണ്ണി എന്നിങ്ങനെ മൂന്ന് ആറുകളുടെ സംഗമസ്ഥാനമാണ് മൂന്നാർ. യൂറോപ്പിലെ കാലാവസ്ഥയ്ക്കു സമാനമായ കാലാവസ്ഥ ഉള്ള ഈ പ്രദേശം ബ്രിട്ടീഷുകാർക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു. ഇന്ത്യയിലെ സ്വിറ്റ്സർലന്റ് എന്നാണ് അവർ അതിനെ വിളിച്ചത്. മലമടക്കുകൾക്കു മുകളിൽ തണുത്തറഞ്ഞ മഞ്ഞിൻ പാളികളും അതിൽനിന്ന് ഉയരുന്ന ഹിമധൂമങ്ങളും മരച്ചാർത്തുകളും താഴ്വാരങ്ങളും വേട്ടമൃഗ സന്പത്തുംകൊണ്ട് നിറഞ്ഞ ഇവിടം സുഖാനുഭൂതിക്കും വിനോദത്തിനും ഒപ്പം കാർഷിക തോട്ടവ്യവസായങ്ങൾക്കും അനുയോജ്യമെന്ന് അവർ കണ്ടെത്തി.
പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ മൂന്നാർ മലനിരകളെ 1924 ആയപ്പോഴേയ്ക്കും യൂറോപ്യന്മാർ ആധുനിക പട്ടണമാക്കി മാറ്റി. വൻ കെട്ടിടങ്ങളും ഫാക്ടറികളും എന്നു വേണ്ട നാഗരികതയ്ക്ക് ഉതകുന്നതെല്ലാം പടുത്തുയർത്തി. എന്നാൽ, 1924ലെ ജൂലൈ മാസത്തിൽ ദിവസങ്ങളോളം പെയ്ത അതിതീവ്രമഴയിലും മേഘവിസ്ഫോടനത്തിലും ഒരു ചീട്ട് കൊട്ടാരം പോലെ മൂന്നാർ പട്ടണം നിലംപരിശായി. സമുദ്രനിരപ്പിൽനിന്ന് 5,000- 6,000 അടി ഉയരമുള്ള മൂന്നാർ മലനിരകളെപ്പോലും പ്രളയജലം തൂത്തെറിഞ്ഞു. കല്ലിൻമേൽ കല്ലില്ലാതെ പട്ടണം തകർക്കപ്പെട്ടു.
ആകാശത്ത് ഡാം പൊട്ടി
1924 വേനലിൽ കേരളത്തിൽ വരൾച്ച എന്നു പറയാവുന്ന സ്ഥിതിയായിരുന്നു. എന്നാൽ, വർഷകാലമെത്തിയതോടെ കാലാവസ്ഥ കണക്കുതീർത്തു. നിർത്താതെ പെയ്ത മഴയിൽ ഭൂമി വിറയ്ക്കാൻ തുടങ്ങി. ആളുകൾ പരിഭ്രമംകൊണ്ട് വീർപ്പുമുട്ടി. മൂന്നാറിലെ രാജമലയിൽ മാത്രം ജൂലൈയിൽ രേഖപ്പെടുത്തിയ മഴയുടെ അളവ് കേരളത്തിൽ ഒരു വർഷം മുഴുവൻ പെയ്യുന്ന മഴയുടെ ഇരട്ടിയിലധികം ആയിരുന്നു! ആകാശത്തൊരു അണക്കെട്ടു പൊട്ടിയ സ്ഥിതി.
മനുഷ്യരും ജന്തുക്കളും പ്രാണഭീതിയോടെ നെട്ടോട്ടം തുടങ്ങി. അവരിൽ തൊഴിലാളികളെന്നോ വിദേശികളെന്നോ കുടിയേറ്റക്കാരെന്നോ ജന്തുക്കളെന്നോ വ്യത്യാസമില്ലായിരുന്നു. ദിവസങ്ങൾക്കകം മനുഷ്യരുടെയും ജന്തുക്കളുടെയും മൃതദേഹങ്ങൾ കരകവിഞ്ഞൊഴുകുന്ന പെരിയാർ ഉൾപ്പടെയുള്ള നദികളിലൂടെ ഒഴുകി നീങ്ങി.
പട്ടണപ്രവേശം
തങ്ങളുടെ വാഗ്ദത്ത ഭൂമി എന്നു വിദേശികൾ വിശേഷിപ്പിച്ച മൂന്നാറിനെ വലിയൊരു പട്ടണമാക്കി ഉയർത്താൻ അവർ നിരവധി പദ്ധതികൾ ആസൂത്രണം ചെയ്തിരുന്നു. വൻകിട ഫാക്ടറികളും വിദേശികൾക്കും തെഴിലാളികൾക്കും താമസ സൗകര്യവും മറ്റ് സ്ഥാപനങ്ങളുമെല്ലാം പ്രതികൂല സാഹചര്യത്തെപ്പോലും മറികടന്നാണ് നിർമിച്ചിരുന്നത്. ഇതോടൊപ്പംതന്നെ കാർഷിക വ്യവസായ നേട്ടങ്ങളും മൂന്നാർ പട്ടണത്തിൽ കാര്യമായി മെച്ചപ്പെട്ടിരുന്നു.
ഇന്ത്യയിലെതന്നെ ആദ്യത്തെ ജലവൈദ്യുത പദ്ധതി മൂന്നാറിലെ പള്ളിവാസലിൽ ആരംഭിച്ചു മൂന്നാർവാലി ഇലക്ട്രിക്കൽ വർക്സ് എന്ന പേരിൽ പെരിയകനാലിലും വാഗുവരയിലും വൈദ്യുതോത്പാദന കേന്ദ്രങ്ങളും തുടങ്ങി. കണ്ണൻദേവൻ മലനിരകളിൽ തോട്ടവ്യവസായം പുഷ്ടിപ്പെട്ടതോടെ മൂന്നാറിന്റെ വളർച്ച അത്ഭുതകരമായിരുന്നു.
ട്രെയിൻ വരുന്നു
ഗതാഗത സൗകര്യമൊരുക്കാൻ ശ്രദ്ധ നൽകിയിരുന്നു. ആനത്താരകൾ റോഡുകളാക്കി മാറ്റാൻ നടന്ന കഠിനശ്രമത്തിന്റെ ഭാഗമായായിരുന്നു കാളവണ്ടിപ്പാതകളുടെ നിർമാണം. തുടർന്നു റോപ്വേ വന്നു. മൂന്നാർ ടോപ്പ് സ്റ്റേഷനിൽ കാളവണ്ടിപ്പാത വന്നു. മൂന്നാറിൽനിന്നു കാളവണ്ടികളിലെത്തിക്കുന്ന തേയില അവിടെനിന്നു റോപ് വേയിലൂടെ കൊറങ്കണിയിലേക്കും പിന്നീട് കാളവണ്ടിയിൽ ബോഡിനായ്ക്കന്നൂരിലേക്കും എത്തിക്കുമായിരുന്നു.
കൂടുതൽ സൗകര്യത്തിനായി മോണോ റെയിൽ തുടങ്ങി. ഒരു പാളം മാത്രമുള്ള മോണോ റെയിൽ ആയിരുന്നു മൂന്നാറിലൂടെ ആദ്യം സഞ്ചരിച്ചിരുന്നത്. റെയിലിന്റെ ഒരു വശത്തെ ചക്രം പാളത്തിലൂടെയും മറുവശത്തെ വലിയ ചക്രം സമാന്തചരമായ റോഡിലൂടെയും സഞ്ചരിക്കും. തേയില കൊണ്ടുപോകുന്നതിനു മാത്രം ഉപയോഗിക്കുന്ന ഈ ട്രെയിൻ വലിക്കുന്നതു കാളകളും കുതിരകളുമാണ്. ഇതിനു വേണ്ടി യൂറോപ്പിൽനിന്നു 500 കാളകളെ മൂന്നാറിലുള്ള കുണ്ടളയിൽകൊണ്ടുവന്നു വലിയ തൊഴുത്തിൽ പാർപ്പിച്ചിരുന്നു.
വർഷങ്ങൾക്കു ശേഷം ഇതു കുണ്ടളവാലി ലൈറ്റ് റെയിൽവേയായി രൂപാന്തരപ്പെട്ടു.നാരോ ഗേജ് റെയിൽപാത ആരംഭിച്ചപ്പോൾ എൻജിനുകളും മറ്റ് യന്ത്രഭാഗങ്ങളും ഇംഗ്ലണ്ടിൽനിന്നു കൊണ്ടുവന്നു. ബോഡിമെട്ടിലെ മലഞ്ചരുവുകളിലൂടെ സാഹസികമായാണ് മൂന്നാറിലെത്തിച്ചു യന്ത്രഭാഗങ്ങൾ കൂട്ടിച്ചേർത്തത്. കെഡിഎച്ച്പി സ്റ്റിം എൻജിൻ എന്ന പേരിലുള്ള നാലു ട്രെയിനുകളാണ് അന്നു മൂന്നാറിൽ ആരംഭിച്ചത്.
ഹൈറേഞ്ചർ, കുണ്ടള, ബുക്കനാർ, ആനമുടി എന്നിങ്ങനെ പേരും നൽകി. മൂന്നു പ്രധാനപ്പെട്ട സ്റ്റേഷനുകളും ഉണ്ടായിരുന്നു. ടാറ്റാ റീജണൽ സ്റ്റേഷൻ ആയിരുന്നു പ്രധാന സ്റ്റേഷൻ. കൂടാതെ മാട്ടുപെട്ടി, പാലാർ, ടോപ്പ് സ്റ്റേഷൻ എന്നീ പേരിലാണ് സ്റ്റേഷനുകൾ അറിയപ്പെട്ടിരുന്നത്.35 മൈലോളം ദൂരത്തിൽ കൂകിപ്പായുന്ന ഈ ട്രെയിനിൽ തേയിലയോടൊപ്പം മനുഷ്യരും മൃഗങ്ങളും സഞ്ചരിക്കുമായിരുന്നു. ഒന്നാം ക്ലാസ് കംപാർട്ട്മെന്റിൽ വിനോദയാത്രക്കാരായ ഇംഗ്ലീഷുകാർക്കു മാത്രമേ പ്രവേശനം ഉണ്ടായിരുന്നുള്ളൂ.
രാജപാതകൾ
മൂന്നാറിലെ തോട്ടങ്ങളിൽ വിദേശികൾക്ക് എത്തിച്ചേരാൻ കൊടും കാടുകളിലൂടെ രാജപാത നിർമിച്ചിരുന്നു. ആലുവ - മൂന്നാർ റോഡ്, പഴയ ആലുവ - മൂന്നാർ റോഡ് നിർമിച്ചത് ജെ.ഡി. മണ്ട്രോയുടെ മേൽനോട്ടത്തിലാണ്. 66 അടി വീതിയിൽ നിർമിച്ച ഈ ദീർഘദൂര റോഡിന്റെ ഓരോ അഞ്ചു മൈൽ ദൂരത്തിനും ഒരു വിശ്രമകേന്ദ്രം ഒരുക്കിയിരുന്നു. 1920ൽ മാങ്കുളം, പൂയം കുട്ടി, കുട്ടന്പുഴ, കോതമംഗലം വഴി ആയിരുന്നു ഈ രാജപാത മൂന്നാറിലെത്തിയിരുന്നത്.
വിപുലമായ ടെലിഫോണ് സൗകര്യവും സ്ഥാപിച്ചു. മൂന്നാറിനെ വ്യവസായിക തലസ്ഥാനവും സുഖവാസ കേന്ദ്രവുമായി കണക്കാക്കിയ ഇംഗ്ലീഷുകാർ ഒരു ആധുനിക നഗരത്തിന് ആവശ്യം വേണ്ടതൊക്കെ ഒരുക്കി.മലന്പനിയെ നേരിടാനുള്ള സിംഹണി മരത്തോട്ടങ്ങളും കണ്ണെത്താത്ത ദൂരത്തോളം കാപ്പിയും തേയിലയും വച്ചു പിടിപ്പിച്ചു. നൂറുകണക്കിനു തൊഴിലാളികളെ തമിഴ്നാട്ടിൽനിന്നു കൊണ്ടുവന്നു കാർഷിക മേഖലയുടെ വിസ്തൃതി കൂട്ടി.
തൊഴിലാളികൾക്കു കൂലികൊടുക്കുന്നത് കണ്ണൻദേവൻ കന്പനി സ്വന്തം കമ്മട്ടത്തിലടിച്ച നാണയമായിരുന്നു. സർ ജോണ് മ്യൂറിന്റെ ചിത്രം നാണയത്തിന്റെ ഒരുഭാഗത്തും മറുഭാഗത്തു തേയില ഫാക്ടറിയുടെ ചിത്രവും. കന്പനി സ്റ്റോറുകളിൽനിന്നു അരിയും സാധനങ്ങളും വസ്ത്രങ്ങളും ചാരായവും വാങ്ങുന്നതും ഈ നാണയം ഉപയോഗിച്ചാണ്. 1967ൽ കേന്ദ്രസർക്കാർ നിരോധിക്കുന്നതുവരെ ഈ നാണയം ഇടുക്കിയിൽ നിലനിന്നിരുന്നു.
ബണ്ട് പൊട്ടുന്നു
മൂന്നാർ എന്ന ആധുനിക നഗരത്തിൽ കൊടുംപേമാരി ദിവസങ്ങളോളം ക്രൂരതാണ്ഡവമാടി. ചെറുതും വലുതുമായ മലകൾ ഇടിഞ്ഞിടിഞ്ഞു വീണു. വ്യാപകമായ ഉരുൾപൊട്ടലുകൾ കുത്തൊഴുക്കുകൾ സൃഷ്ടിച്ചു. കൂറ്റൻ മരങ്ങൾ ഒന്നൊന്നായി നിലംപൊത്തി. മാട്ടുപ്പെട്ടിയിൽ ഉരുൾപൊട്ടലിലും മലയിടിച്ചിലിലും ഒഴുകി വന്ന മണ്ണും കല്ലും മരങ്ങളും ചേർന്നു രണ്ടു മലകൾക്കിടയിൽ ഒരു ബണ്ട് തീർത്തു. പേമാരിയിൽ ഒഴുകിയെത്തിയ വെള്ളംഈ ബണ്ടിൽ തടഞ്ഞു നിറഞ്ഞു. പ്രദേശമാകെ വെള്ളം. വലിയൊരു ദുരന്തത്തിന്റെ മുന്നൊരുക്കമായിരുന്നു അത്. ആറാം ദിവസം ഈ ബണ്ട് പൊട്ടി. അണക്കെട്ട് പൊട്ടിയ പോലെ മലവെള്ളം എല്ലാം തകർത്തു താഴോട്ടൊഴുകി.
ആർക്കും ഒരു രീതിയിലും തടയാനാവാത്ത ഗതിവേഗത്തിൽ ഒഴുകിയ പെരുവെള്ളം മൂന്നാർ പട്ടണത്തെ മുക്കി. എല്ലാം നക്കിത്തുടച്ചു കൊണ്ടുപോയി. ഫാക്ടറികൾ മുഴുവൻ തകർന്നു. വൻ കെട്ടിടങ്ങൾ, ബംഗ്ലാവുകൾ, ലയങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, മലന്പാതകൾ എന്നു വേണ്ട മണ്ണിനു മുകളിൽ പൊങ്ങിനിന്നതെല്ലാം ഒഴുകിപ്പോയി. മുഴുവൻ റോഡുകളും പാലങ്ങളും ഉൾപ്പെടെ റോപ് വേകളും വെള്ളക്കാരുടെ അഭിമാനവീഥിയായ പഴയ ആലുവ- മൂന്നാർ റോഡും തകർന്നു തരിപ്പണമായി.
രണ്ട് ജനറേറ്ററുകളെ അപ്പാടെ വിഴുങ്ങികൊണ്ടാണ് പള്ളിവാസൽ ജലവൈദ്യുത പദ്ധതിയുടെ ഇരുനൂറടി മുകളിലൂടെ സംഹാരഭാവത്തിൽ മലവെള്ളം പാഞ്ഞത്.ജൂലൈയിൽ മാത്രം 434 സെന്റീമീറ്റർ മഴ. ഒറ്റപ്പെട്ടുപോയ മൂന്നാറിൽ ആളനക്കമില്ലാതായി. തകർന്നടിഞ്ഞ ആ പട്ടണം ശേഷിപ്പുകളുടെ ദുരന്തഭൂമിയായി കാണപ്പെട്ടു.എത്ര പേർ മരിച്ചെന്നോ എത്ര പേരെ കാണാതായെന്നോ ഒരു കണക്കും അന്നും ഇല്ല, ഇന്നും ഇല്ല. നൂറുകണക്കിനു തൊഴിലാളികളെക്കുറിച്ചു മാനേജ്മെന്റിനും കണക്കില്ലായിരുന്നു. തൊഴിലാളികൾക്കു പണിയെടുപ്പിക്കുന്ന കങ്കാണികളുമായി മാത്രമേ ബന്ധം ഉണ്ടായിരുന്നുള്ളൂ. ലയങ്ങൾ ഒന്നുപോലും ശേഷിക്കാതെ ഒലിച്ചുപോയി.
പഴയ മൂന്നാറിലെ കുതിരയോട്ട മൈതാനത്തിനടുത്തുള്ള റോപ്വേ സ്റ്റേഷന്റെ ബോർഡ് നൂറു വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും തെളിഞ്ഞു കാണാം. ഇടിഞ്ഞുപൊളിഞ്ഞ റെയിൽവേ സ്റ്റേഷനും അവിടവിടെ മുറിഞ്ഞുനീണ്ടു കിടക്കുന്ന റെയിൽ പാളങ്ങളും കഴിഞ്ഞുപോയ കാലത്തിന്റെ ശേഷിപ്പുകളെപ്പോലെ കിടക്കുന്നു. അന്ന് ആ പ്രളയദുരന്തമുണ്ടായില്ലെങ്കിൽ ഒരുപക്ഷേ മൂന്നാറിന്റെ ചരിത്രം മറ്റൊന്നാകുമായിരുന്നു.
ഫാക്ടറികളും പള്ളിവാസലും പട്ടണവും തോട്ടവ്യവസായങ്ങളും പ്രളയാനന്തരം പതുക്കെ ഉയർത്തെണീറ്റെങ്കിലും ഇടുക്കിയുടെ അഭിമാനമായ തീവണ്ടി മാത്രം ഒരു നൂറ്റാണ്ട് കഴിഞ്ഞിട്ടും തിരികെ കിട്ടിയില്ല. മലനിരകളിലൂടെ കൂകിപാഞ്ഞുപൊയ്ക്കോണ്ടിരുന്ന തീവണ്ടി ഇടുക്കിക്കാരന്റെ ഹൃദയത്തിലൂടെ ഇന്നും ഇരന്പി പായുന്നുണ്ട്. "സ്വപ്നങ്ങളിലൂടെ നൂറു വർഷത്തിനു ശേഷവും'..
വൈ.സി. സ്റ്റീഫൻ