ഇടുക്കിയെന്നു കേൾക്കുന്പോൾത്തന്നെ മനസിൽ തെളിയുക കോടമഞ്ഞും മലയും താഴ്വരകളുമൊക്കെയായിരിക്കും. എന്നാൽ, ഇതൊന്നുമില്ലാത്ത ഒരു ഇടുക്കി എറണാകുളത്തുണ്ട്. നാട്ടുകാർക്ക് ഇത് ഇടുക്കി ജംഗ്ഷൻ. എറണാകുളം ജില്ലയിലെ കടുങ്ങല്ലൂർ പഞ്ചായത്തിലുള്‍പ്പെടുന്ന പ്രധാന ജംഗ്ഷനാണ് ഇടുക്കി എന്നറിയപ്പെടുന്നത്. ഈ പേരുവരാൻ കാരണം ഇടുക്കി അണക്കെട്ടും. പക്ഷേ, പഞ്ചായത്തിന്റെ ഔദ്യോഗിക രേഖകളിൽ ഈ പേരില്ല.
പെരിയാർ വേർതിരിക്കുന്ന ഏലൂർ മുനിസിപ്പാലിറ്റിയുടെ അതിർത്തിയാണ് ഇടുക്കി ജംഗ്ഷൻ. ആലുവയിൽ നിന്ന് ഒമ്പതും കളമശേരിയിൽനിന്ന് അഞ്ചും കിലോമീറ്റർ ദൂരത്തിലാണ് ഇടുക്കി ജംഗ്ഷൻ. ഇരുനൂറോളം വ്യവസായങ്ങൾ പ്രവർത്തിക്കുന്ന എടയാർ വ്യവസായ മേഖലയുടെ കവാടവുമാണിത്.ഏലൂർ, എടയാർ, കളമശേരി, മഞ്ഞുമ്മൽ മേഖലകളിലേക്കു പോകുന്ന ബസുകളുടെ സ്റ്റോപ്പിന്റെ പേരും ഇടുക്കി ജംഗ്ഷനാണ്.
ഇടുക്കി അണക്കെട്ട് നിർമാണത്തിനു വേണ്ട കോൺക്രീറ്റ് ഭാഗങ്ങൾ ഇവിടെയുള്ള കെഎസ്ഇബിയുടെ സ്ഥലത്താണ് തയാറാക്കിയിരുന്നത്. അന്ന് ഏലൂരുമായി ബന്ധിപ്പിക്കുന്ന പാതാളം പാലവും ഉണ്ടായിരുന്നില്ല.1970കളിൽ ബാർജിൽ അവ പെരിയാറിലൂടെ അണക്കെട്ട് നിർമാണസ്ഥലത്ത് എത്തിക്കുകയായിരുന്നു. അങ്ങനെ നാട്ടുകാർ ഇട്ട പേരാണ് ഇടുക്കി ജംഗ്ഷൻ. കെഎസ്ഇബി ഈ സ്ഥലത്ത് ഇപ്പോൾ സോളാർ പാനലുകൾ സ്ഥാപിച്ചിരിക്കുകയാണ്.
ബോബൻ ബി. കിഴക്കേത്തറ