മലയാളികളെ പഞ്ചാബി പാടിപ്പഠിപ്പിച്ചയാളാണ് ദലേർ മെഹന്ദി. ബോലോ തര രരാ എന്ന അയാളുടെ പാട്ടുണ്ടാക്കിയ ഓളം ഇന്ത്യൻ സംഗീത ചരിത്രത്തിൽ ഒരു നാഴികക്കല്ലാണ്. ഇന്ന് ദലേറിന്റെ ജന്മദിനം. 57 വയസ്. പുതിയ പാട്ടുമായി അയാൾ വരുന്നു...
തൊണ്ണൂറുകളുടെ തുടക്കത്തിന് മലയാളി യുവാക്കളുടെ പാട്ടുകേൾവിയുടെ കാര്യത്തിൽ ചെറുതല്ലാത്ത പ്രാധാന്യമുണ്ട്. ചുരുങ്ങിയ ചെലവിൽ അസംബിൾ ചെയ്തെടുക്കാവുന്ന സ്റ്റീരിയോ കാസറ്റ് പ്ലെയറുകൾ വ്യാപകമായത് അക്കാലത്താണ്. നൂറു വാട്ട്സിന്റെ ബോർഡും കാസറ്റ് മെക്കാനിസം ഉറപ്പിക്കാവുന്ന കാബിനറ്റും എളുപ്പത്തിൽ ലഭ്യമായിത്തുടങ്ങി.
വലിയ വൂഫറുകൾ മണ്കുടങ്ങളിൽ ഇടംപിടിച്ചതോടെ ബാസ് എന്നു വിളിപ്പേരുവീണ താഴ്ന്ന ഫ്രീക്വൻസി മുഴക്കങ്ങൾക്ക് ആരാധകരുണ്ടായി. ഈ കുടങ്ങൾ ഓട്ടോറിക്ഷകളിൽപ്പോലും ഇരിപ്പുറപ്പിച്ച് അടിച്ചുപൊളിച്ചുതുടങ്ങി. അക്കാലത്തുതന്നെ ഹിന്ദി സിനിമാപ്പാട്ടുകളും ഇൻഡി-പോപ് ഈണങ്ങളും വടക്കുനിന്ന് ഒഴുകിയെത്തി.
അങ്ങനെയിരിക്കെ ഒരു പാട്ടുവന്നു- ബോലോ തര രരാ..! അതൊരു വരവായിരുന്നു! അതോടെ മലയാളികൾ പഞ്ചാബി ഭാഷയും പഠിച്ചു. ഇതിനു പിന്നിൽ തിളക്കമുള്ള നീളൻ വസ്ത്രം ധരിച്ച, കണ്ണുകൾക്കൊണ്ടു ചിരിക്കുന്ന, സിഖ് തലേക്കെട്ടും താടിയുള്ള സുമുഖനായിരുന്നു- ദലേർ മെഹന്ദി.
തുടർച്ചയായ ഹിറ്റുകൾ
ഏതാണ്ടു മൂന്നു പതിറ്റാണ്ടുകളായി ദലേർ മെഹന്ദിയുടെ ബോലോ തരാ രരാ എന്ന ആൽബം പുറത്തിറങ്ങിയിട്ട്. മ്യൂസിക് കന്പനിയായ മാഗ്നാസൗണ്ട് മൂന്നു വർഷത്തേക്ക് മൂന്ന് ആൽബങ്ങൾക്കുള്ള കരാറാണ് ദലേറുമായി ഉണ്ടാക്കിയിരുന്നത്.
ആദ്യ ആൽബം വിറ്റുപോയത് രണ്ടുകോടിയിലേറെ കോപ്പികൾ! ആ ഒരൊറ്റ പാട്ടോടെ ദലേർ മെഹന്ദി സ്റ്റാറായി. അവാർഡുകൾ പറന്നെത്തി. പഞ്ചാബിന്റെ സ്വന്തം ഭാംഗ്ര ലോകമെന്പാടും പടർന്നു. സോഷ്യൽ മീഡിയകൂടി ഉണ്ടായിരുന്നെങ്കിൽ എന്നാലോചിച്ചാൽ അന്തംവിട്ടുപോകും. അയാളുടെ വരികളിലും സംഗീതത്തിലും ചുവടുകളിലും അസാധാരണമായ ഊർജം നിറഞ്ഞിരുന്നു.
തൊട്ടടുത്ത വർഷം രണ്ടാം ആൽബം- ദർദി റബ് റബ്. അതും സൂപ്പർഹിറ്റ്. കാസറ്റു വില്പന ആദ്യത്തേതിനെയും കടത്തിവെട്ടിയെന്നാണ് കണക്ക്. വ്യാജ പകർപ്പുകൾ വിലസുന്ന ആ കാലത്ത് എത്രനൂറു കോടി കാസറ്റുകളിൽ ആ പാട്ടുകൾ നിറഞ്ഞിരിക്കും! 97ൽ പുറത്തിറങ്ങിയ ബല്ലേ ബല്ലേ എന്ന ആൽബവും ഇൻസ്റ്റന്റ് ഹിറ്റായി.
വീണ്ടും അവാർഡുകളുടെ പൂരം. തുടർന്നങ്ങോട്ട് സിനിമാ പാട്ടുകളും മ്യൂസിക് വീഡിയോകളും വേൾഡ് ടൂറുകളുമായി മെഹന്ദി തെളിഞ്ഞുനിന്നു. ഡംഗലും ബാഹുബലി 2ഉം അടക്കമുള്ള സിനിമകളിലുമുണ്ട് ദലേറിന്റെ പാട്ടുകൾ.
പുതിയ പാട്ട് റെഡി
ആദ്യത്തെ "ബലോചി ഭാംഗ്രാ ധമാൽ' എന്നാണ് അഖിയാം തേ ജാ ലടിയാ എന്ന തന്റെ പുതിയ പാട്ടിനെ ദലേർ വിശേഷിപ്പിക്കുന്നത്. ഖവാലി മാന്ത്രികരായ ഉസ്താദ് ഷേർ അലി, മെഹർ അലി എന്നിവരും ഈ രംഗത്തെ പുതുതലമുറക്കാരനായ ഇജാസ് ഷേർ അലിയും ഈ പാട്ടിൽ ദലേറിനൊപ്പം ചേരുന്നു.
ശാസ്ത്രീയ ഗായകിയും ഭാംഗ്രാ ധമാലും പാട്ടിന്റെ ആകർഷണങ്ങളാവും. ഇതിനൊപ്പം പുതുതലമുറയ്ക്കുവേണ്ടി പോപ്പും ഫോക്കും കൂട്ടിയിണക്കി നൽകാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്ന് ദലേർ പറയുന്നു. മൂന്നു തലമുറകൾ അദ്ദേഹത്തിന്റെ ഈണങ്ങൾ ഹൃദയത്തിലും ചുവടുകളിലും ചേർത്തുവച്ചു.
""എനിക്ക് ഒരുപാട് ഈശ്വരാനുഗ്രഹം കിട്ടി. ശാസ്ത്രീയ സംഗീതം പഠിച്ചു. എന്റെ സംഗീതത്തിനുവേണ്ടി കഠിനാധ്വാനംചെയ്തു. രാഗങ്ങളിൽ അധിഷ്ഠിതമാണ് എന്റെ പാട്ടുകൾ. അത് ഒറിജിനൽ ആയിരിക്കണമെന്ന് നിർബന്ധമുണ്ട്. പാട്ടുകൾ റീമേക്ക് ചെയ്യപ്പെടുന്നത് യുവതലമുറയ്ക്കു ക്ലാസിക് ഹിറ്റുകൾ പരിചയപ്പെടുത്താൻ നല്ലതാണ്.
എന്നാൽ ഒറിജിനലിന്റെ ഭാവം നിലനിർത്താൻ ഗായകർക്കു കഴിയണം. ഒറിജിനൽ ഈണത്തോടു ബഹുമാനം വേണം. ലൈവ് ഷോകളിൽ ശ്രോതാക്കളുടെ പ്രതികരണങ്ങൾ ഞാൻ നിരീക്ഷിക്കാറുണ്ട്. അവർക്ക് ഇഷ്ടമാകുന്നിടത്താണ് പാട്ടിന്റെ വിജയം''.
അടുത്തയിടെ നടന്ന അംബാനിയുടെ മകന്റെ വിവാഹച്ചടങ്ങുകളുടെ ഭാഗമായും ദലേറിന്റെ സംഗീതപരിപാടി ഉണ്ടായിരുന്നു. മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും കുടുംബാംഗങ്ങളും ദലേറിനൊപ്പം സ്റ്റേജിൽ ചുവടുവച്ചു. സൂപ്പർ താരങ്ങൾ അടക്കമുള്ളവരുടെ സ്നേഹം അനുഭവിക്കാൻ കഴിഞ്ഞ ത്രില്ലിലാണ് അദ്ദേഹമിപ്പോൾ.
ഇനി അഭിനയവും
അക്ഷയ്കുമാറിനൊപ്പം ഒരു സിനിമയിൽ അഭിനയിച്ച് കരിയറിന്റെ ആവേശകരമായ വഴിത്തിരിവിലാണ് താനെന്നു ദലേർ പറയുന്നു. വെൽകം ടു ദ ജംഗിൾ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ബിഗ് സ്ക്രീനിലെത്തുന്നത്.
എന്നാൽ, ഇതൊന്നും തന്നെ മാറ്റില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് ദലേർ മെഹന്ദി. ലളിതമായ ജീവിതമാണ് എന്റേത്. പെർഫോമൻസ് കഴിയുന്നു, വീട്ടിലെത്തുന്നു. കുടുംബത്തോടൊപ്പം സമയം ചെലവിടാൻ എനിക്കിഷ്ടമാണ്.
അവർക്കുവേണ്ടി വല്ലപ്പോഴും ഭക്ഷണമുണ്ടാക്കി കൊടുക്കുന്നതും ഇഷ്ടം. പുതിയ തലമുറയോട് എന്തുപറയും എന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ: നിങ്ങളിൽ സ്വയം വിശ്വസിക്കുക. സ്രഷ്ടാവിനെയും വിശ്വസിക്കുക. അസൂയപ്പെടരുത്. നെഗറ്റിവിറ്റി ഒഴിവാക്കി ചിരിയോടെ മുന്നോട്ടുപോവുക. വിജയത്തിനു രണ്ടു കാര്യങ്ങൾ മതി- പോസിറ്റിവിറ്റിയും ഓഥന്റിസിറ്റിയും!
ഹരിപ്രസാദ്