കേരളത്തിലെ പ്രഫഷണൽ നാടകവേദി വളരുകയാണോ, തളരുകയാണോ? പുഷ്ടി പ്രാപിക്കുകയാണോ അതോ മന്ദീഭവിക്കുകയാണോ? തളരുകയാണെങ്കിൽ അഥവാ മന്ദീഭവിക്കുകയാണെങ്കിൽ അതിന്റെ കാരണമെന്ത്?
ഒരുകാലത്തു കേരളത്തിലെ പ്രഫഷണൽ നാടകവേദി അതിശക്തവും പുഷ്കലവുമായിരുന്നു. ഭാരതത്തിലെ ഇതര സംസ്ഥാനങ്ങൾക്കു പോലും കേരളത്തിലെ പ്രഫഷണൽ നാടകങ്ങൾ മാതൃകയും പ്രചോദനവുമായി വർത്തിച്ചു. അങ്ങനെ ബലിഷ്ഠമായ അടിത്തറയിൽ നിലകൊണ്ടിരുന്ന, കരുത്തുറ്റ നാടകങ്ങൾകൊണ്ടു സന്പന്നമായിരുന്ന നമ്മുടെ നാടകവേദിക്ക് ഇതെന്തുപറ്റി?
കുറെ വർഷങ്ങളായി പ്രഫഷണൽ നാടകങ്ങളെ സ്ഥിരമായി വീക്ഷിച്ചുകൊണ്ടിരിക്കുന്ന വ്യക്തിയെന്ന നിലയിൽ എനിക്കു ധൈര്യമായി പറയാൻ കഴിയും, ഈ നാടകവേദി തളരുകയാണ്. നാടകങ്ങളുടെ ഗുണനിലവാരം താഴോട്ടു പോകുകയാണ്. എന്താണിതിനു കാരണം? എവിടെയാണ് പ്രശ്നം?
എന്താണ് കാരണം?
നല്ല രചനകളില്ലാഞ്ഞിട്ടാണോ? സമർഥരായ നാടകരചയിതാക്കളില്ലാഞ്ഞിട്ടാണോ? പ്രതിഭാസന്പന്നരായ സംവിധായകരുടെ കുറവാണോ? മികച്ച നടീനടന്മാരെ ലഭിക്കാഞ്ഞിട്ടാണോ? പുതിയ നടികൾ രംഗത്തു വരാഞ്ഞിട്ടാണോ? അതോ സാങ്കേതികവിദഗ്ധരുടെ അഭാവമാണോ?
ഞാൻ അമച്വർ നാടകരംഗത്തു പ്രവർത്തിക്കാൻ തുടങ്ങിയിട്ട് ഏഴ് പതിറ്റാണ്ട് കഴിഞ്ഞു. ഒട്ടനവധി സാമൂഹ്യനാടകങ്ങൾ ഞാനെഴുതി പ്രസിദ്ധീകരിച്ചത് അമച്വർ കലാസംഘടനകൾക്കു വേണ്ടിയാണ്. എന്നാൽ, ഇതേ കാലയളവിൽതന്നെ സമാന്തരമായി പ്രഫഷണൽ രംഗത്തു പ്രമുഖരും പ്രഗത്ഭരുമായ എഴുത്തുകാരുടെ ഒട്ടേറെ നാടകങ്ങൾ അരങ്ങുതകർക്കുകയായിരുന്നു.
നാല്പത് - അന്പത് വർഷങ്ങൾക്കുമുന്പ് കണ്ടതായ എത്രയോ നാടകങ്ങൾ എന്റെ മനസിൽ ഇന്നും പച്ചവിടാതെ നിൽക്കുന്നു. തോപ്പിൽ ഭാസിയുടെ അശ്വമേധം, പുതിയ ആകാശം പുതിയ ഭൂമി, എൻ.എൻ. പിള്ളയുടെ ക്രോസ് ബെൽറ്റ്, കാപാലിക, എസ്.എൽ. പുരത്തിന്റെ അഗ്നിപുത്രി, കാട്ടുകുതിര, കെ.ടി. മുഹമ്മദിന്റെ സൃഷ്ടി, സ്ഥിതി, സംഹാരം തുടങ്ങിയ നാടകങ്ങൾ, കാളിദാസ കലാകേന്ദ്രം അവതരിപ്പിച്ച വൈക്കം ചന്ദ്രശേഖരൻനായരുടെ ഡോക്ടർ, പൊൻകുന്നം വർക്കിയുടെ വിശറിക്കു കാറ്റുവേണ്ട, അൾത്താര, പി.ജെ. ആന്റണി എഴുതി ചങ്ങനാശേരി ഗീഥ അവതരിപ്പിച്ച രശ്മി, മണ്ണ് എന്നീ നാടകങ്ങൾ. ഇവ ഏതാനും ഉദാഹരണങ്ങൾ മാത്രം. ഈ നാടകങ്ങളെല്ലാം അരങ്ങത്തെ അനുഭവങ്ങളായിരുന്നു.
തിലകനും രാജൻ പി. ദേവും
2009ൽ അന്തരിച്ച അനുഗൃഹീത നടൻ രാജൻ പി. ദേവ് അഭിനയിച്ച കാട്ടുകുതിര! അതിൽ അദ്ദേഹം അഭിനയിക്കുകയല്ല ജീവിക്കുകയായിരുന്നു. അനന്യസാധാരണമായ നടനവൈഭവം കൊണ്ടും നർമരസം കലർത്തിയുള്ള സംഭാഷണപ്രയോഗം കൊണ്ടും തനിക്കുമാത്രം സാധിക്കുന്ന ഒരു പ്രത്യേക ഭാവശൈലികൊണ്ടും അതിലെ കൊച്ചുവാവ എന്ന കഥാപാത്രത്തെ അദ്ദേഹം അനശ്വരമാക്കി. ആയിരത്തിലേറെ വേദികളിലാണ് കാട്ടുകുതിര അതിന്റെ കുളന്പടിശബ്ദം കേൾപ്പിച്ചത്.
അതുപോലെതന്നെ പി.ജെ. ആന്റണി രചിച്ച രശ്മിയിലെ വൈദികന്റെ റോളിൽ തിലകൻ കാഴ്ചവച്ചത് അവിസ്മരണീയമായ അഭിനയമായിരുന്നു. ഭാവഗാംഭീര്യംകൊണ്ടും ശബ്ദത്തിലെ നിയന്ത്രണംകൊണ്ടും രംഗവേദിയിലെ ഉചിതചലനംകൊണ്ടും മൗനംകൊണ്ടു വാചാലമാക്കിയ നിമിഷങ്ങൾകൊണ്ടും തിലകൻ സമസ്തപ്രേക്ഷകരുടെയും മനംകവർന്നു.
സാന്ദർഭികമായി പറയട്ടെ, 2006ൽ ഞാൻ കേരള സംഗീതനാടക അക്കാദമി ചെയർമാനായിരിക്കെ, മലയാള നാടകവേദിക്കു നൽകിയ സമഗ്രസംഭാവനയ്ക്കുള്ള സംഗീതനാടക അക്കാദമിയുടെ പുരസ്കാരം തിലകന്, മുൻ ചെയർമാൻ കെ.ടി. മുഹമ്മദിന്റെ സാന്നിധ്യത്തിൽ കോഴിക്കോട് ടാഗോർ സെന്റിനറി ഹാളിൽവച്ചു നൽകി ആദരിച്ചു.
എണ്ണം കൂടിയപ്പോൾ
മുന്പേ സൂചിപ്പിച്ച നാടകങ്ങൾ മിക്കതും വെറും രചനകളായിരുന്നില്ല, കറതീർന്ന കലാശില്പങ്ങളായിരുന്നു. അന്നു പ്രഫഷണൽ നാടകങ്ങളെഴുതിയവർ സാഹിത്യകാരഗണത്തിൽപെട്ട പേരെടുത്ത എഴുത്തുകാരായിരുന്നു. വർഷത്തിൽ ഒരു നാടകം! നല്ല പ്രമേയം കണ്ടുപിടിച്ച്, നന്നായി ചിന്തിച്ച്, മനനംചെയ്തു, മനസിലിട്ടു പാകപ്പെടുത്തി, ഒരു തപസുപോലെ, നീണ്ടനാളുകളെടുത്താണ് അവർ നാടകമെഴുതിയിരുന്നത്. അതിന്റെ ഗുണവും മികവും രംഗവേദിയിൽ ദർശിച്ചു.
അക്കാലത്തു കേരളത്തിൽ അന്പതോളം പ്രഫഷണൽ നാടകസംഘങ്ങളേ ഉണ്ടായിരുന്നുള്ളൂ. പിന്നീട് അതു വർധിച്ചു വർധിച്ചു മുന്നൂറോളം സംഘങ്ങളായി. ഇവർക്കെല്ലാം നാടകങ്ങളും വേണം. അങ്ങനെവന്നപ്പോൾ നാടകമെഴുതാൻ ആളില്ലാതായി.
പ്രഫഷണൽ സംഘങ്ങൾ എന്തുചെയ്യും? പരിചയവും പക്വതയും പാരന്പര്യവുമില്ലാത്ത പുതിയ പുതിയ എഴുത്തുകാർ സംഘങ്ങൾക്കു നാടകമെഴുതിക്കൊടുക്കാൻ തുടങ്ങി. ആദ്യം തൂലിക കൈയിലെടുത്തവർപോലും പ്രഫഷണൽ നാടകങ്ങളിൽ കൈവച്ചു.
കൂട്ടത്തിൽ ഭേദപ്പെട്ട നാടകങ്ങളെഴുതിയ ചിലർ ശ്രദ്ധിക്കപ്പെട്ടു. അതോടെ അവരെക്കൊണ്ടു ഒരേവർഷംതന്നെ വിവിധ ട്രൂപ്പുകൾ നാടകമെഴുതിക്കാൻ തുടങ്ങി. ചുരുക്കത്തിൽ ഡിമാൻഡ് അനുസരിച്ചു സപ്ലൈ ചെയ്യുന്ന ഫാക്ടറികളായി മാറി ചില എഴുത്തുകാർ. അപ്പോൾ വന്നുഭവിച്ച സ്ഥിതിവിശേഷമെന്താണ്? നാടകങ്ങളുടെ എണ്ണം കൂടി.
പക്ഷേ, ഗുണനിലവാരം കുറഞ്ഞു. എന്തൊക്കെ കഴിവുണ്ടായാലും ഒരു വർഷത്തിൽ എത്ര നാടകങ്ങൾ എഴുതാൻ കഴിയും ഒരാൾക്ക്? താരതമ്യേന ഭേദപ്പെട്ട നാടകമെഴുതിയവർ രംഗത്തു പിടിച്ചുനിൽക്കുന്നു. അവർ ജൈത്രയാത്ര തുടരുന്നു. മറ്റു പല നാടകകൃത്തുക്കളും ഈ മത്സരയോട്ടത്തിൽ പങ്കുചേരുന്നു. പക്ഷേ, ഒപ്പമെത്താൻ കഴിയാതെ കിതയ്ക്കുകയും തളരുകയും ചെയ്യുന്നു.
ഇതാണ് ഇന്നത്തെ പ്രഫഷണൽ നാടകങ്ങളുടെ അവസ്ഥ. ശരാശരി വിജയം മാത്രം കരസ്ഥമാക്കുന്ന ഇത്തരം നാടകങ്ങൾ കേരളത്തിലെ പ്രഫഷണൽ നാടകവേദിയെ ഉന്നതിയിലേക്ക് ഉയർത്തുന്നു എന്നു പറയാനാവുമോ?
(തുടരും)
സി.എൽ.ജോസ്