യുദ്ധവിമാനം എന്നൊക്കെ പത്രങ്ങളിൽ വായിച്ചിട്ടേയുള്ളൂ. ഇതാ താൻ ഇപ്പോൾ യുദ്ധവിമാനത്തിൽ ആകാശത്തേക്ക് ഉയരുന്നു. ഹൃദയമിടിപ്പ് മെല്ലെ കൂടുന്നതായി അവൾക്കു തോന്നി. സന്തോഷമാണോ ആവേശമാണോ അതോ ആശങ്കയാണോ ആ നിമിഷം ഉള്ളിൽനിറയുന്നതെന്ന് അവൾക്കു തിരിച്ചറിയാനായില്ല. ഇന്നേവരെ ഒരു മലയാളി പെൺകുട്ടിയും കൈവയ്ക്കാത്ത ഒരു ചരിത്രമുഹൂർത്തത്തിലേക്കു പറന്നിറങ്ങാനാണ് ഈ യുദ്ധവിമാനത്തിൽ ആകാശത്തേക്ക് ഉയരുന്നതെന്ന് ചിന്തിച്ചപ്പോൾ ഉള്ളിൽനിന്ന് എല്ലാ ആശങ്കകളും പറന്നകന്നു. ആവേശം പകരുന്ന ഒരു ആത്മവിശ്വാസം ഉള്ളിൽ നിറയുന്നതായി ആ പതിനേഴുകാരിക്കു തോന്നി. യുദ്ധവിമാനത്തിൽ ഒപ്പമുണ്ടായിരുന്ന സൈനികർ ആത്മവിശ്വാസം കൂട്ടാനും ടെൻഷൻ അകറ്റാനുമുള്ള വാക്കുകൾ പറഞ്ഞുകൊണ്ടേയിരുന്നു. അതോടൊപ്പം ശരീരത്തിലേക്കു ബെൽറ്റുകളും മറ്റും ഘടിപ്പിക്കുന്ന തിരക്കിലുമാണവർ.
തന്നെപ്പോലെതന്നെ ഈ ദൗത്യത്തിൽ പങ്കെടുക്കാൻ വിവിധ സംസ്ഥാനങ്ങളിൽനിന്ന് എത്തിയിരിക്കുന്ന പെൺകുട്ടികൾ എല്ലാവരും തന്നെ വിവിധ തയാറെടുപ്പുകളിലാണ്. വിമാനം 1,500 അടി ഉയരത്തിലേക്ക് എത്തി. താഴെ മൊട്ടക്കുന്നുകൾ പോലെ പച്ചപ്പുകൾ കാണാം. മേഘങ്ങൾ ഒഴുകി നീങ്ങുന്നു. പാരാ ജംപിംഗ് എന്ന സാഹസിക പരിപാടിയിൽ പങ്കെടുക്കാനാണ് ഈ പെൺകുട്ടികൾ തയാറെടുക്കുന്നത്. ബെൽറ്റുകളും സുരക്ഷാസംവിധാനങ്ങളുമൊക്കെ കൃത്യമാണെന്ന് സൈനികർ ഉറപ്പാക്കി. എന്നിട്ട് തയാറായ ഒാരോരുത്തരെയായി ആ വിമാനത്തിൽനിന്ന് അന്തരീക്ഷത്തിലേക്കു തള്ളിവിട്ടു. ചിലരുടെ ചാട്ടം പരാജയമായി. ചിലരെ കാറ്റ് ചതിച്ചു.
താഴേക്ക് അതിവേഗം
അങ്ങനെ സി.ആർ. ശാന്തമ്മ എന്ന പതിനേഴുകാരിയുടെ ഊഴമെത്തി. ഒരിക്കൽകൂടി സംവിധാനങ്ങളെല്ലാം പരിശോധിച്ചിട്ട് സൈനികർ അവളെ ശ്രദ്ധയോടെ വിമാനത്തിനു പുറത്തേക്കു തള്ളി. ആകാശത്തിലൂടെ അതിവേഗം താഴേക്ക്. എല്ലാം പ്ലാൻ ചെയ്തതുപോലെ തന്നെ, പെട്ടെന്ന് പാരച്യൂട്ട് വിരിഞ്ഞു. സുരക്ഷിതയായി ശാന്തമ്മ ലാൻഡ് ചെയ്തു. അപ്പോൾ അവളുടെ അഭിമാനം ആകാശത്തോളം ഉയർന്നിരുന്നു. കാരണം, പാരാ ജംപിംഗ് നടത്തുന്ന ആദ്യ മലയാളി വനിത എന്ന റിക്കാർഡ് അവളുടെ പേരിൽ എഴുതിച്ചേർക്കപ്പെട്ടു. 1974 ഒക്ടോബര്‍ 24ന് കൊല്ലം പുനലൂര്‍ സ്വദേശിനി സി.ആര്. ശാന്തമ്മ ആദ്യ പാരാജംപിംഗ് നടത്തുന്ന മലയാളി വനിതയായി ചരിത്രത്തിൽ ഇടം നേടി. ആ അഭിമാന നിമിഷത്തിന് അന്‍പതു വർഷങ്ങൾ പൂർത്തിയായിരിക്കുന്നു.
ഒന്നര മാസം പരിശീലനം
സ്കൂള്‍ പഠനകാലത്തുതന്നെ ശാന്തമ്മ കായികരംഗത്തു തിളങ്ങിയിരുന്നു. ഹൈജംപ്, 400 മീറ്റര്‍, ഷോട്ട്പുട്ട് ഇതൊക്കെയായിരുന്നു ഇഷ്ടയിനങ്ങള്‍. 1973-75 കാലഘട്ടത്തില്‍ പുനലൂര്‍ ശ്രീനാരായണ കോളജിലെ പ്രീഡിഗ്രി കാലം. 74ല്‍ ആയിരുന്നു വനിതകള്‍ക്ക് ആദ്യമായി പാരാജംപിംഗ് നടത്താന്‍ അനുവാദം ലഭിച്ചത്. ശാന്താ കൗര്‍ എന്ന മിലിട്ടറി ഡോക്ടര്‍ ഇന്ത്യയില്‍ ആദ്യമായി പാരാജംപിംഗ് നടത്തിയ വനിതയായി മാറിയത് വലിയ വാര്‍ത്തയായി. ഈ ആവേശത്തില്‍ 30ല്‍ പരം എന്‍സിസി കേഡറ്റുകള്‍ പാരാജംപിംഗ് സെലക്ഷന് ക്യാമ്പിനായി തിരുവനന്തപുരത്തെത്തി. കൊല്ലം ആശ്രാമത്ത് സെക്കന്‍ഡ് കേരളാ ഗേള്‍സ് ബറ്റാലിയന് എന്‍സിസിയില്‍ ഉള്‍പ്പെട്ട ശാന്തമ്മയും സെലക്ഷനു പോയി. മാനസികശേഷി, ശാരീരിക ശക്തി ടെസ്റ്റുകള്‍ കഴിഞ്ഞപ്പോള്‍ ശാന്തമ്മ തെരഞ്ഞെടുക്കപ്പെട്ടു. അങ്ങനെ കേരളത്തെ പ്രതിനിധീകരിച്ചു പാരാ ട്രെയിനിംഗിനു പങ്കെടുക്കാന്‍ അവര്‍ ഉത്തര്‍പ്രദേശിലേക്കു പുറപ്പെട്ടു. ആഗ്രയിലെ കേദേരിയിലെ ഇന്ത്യന്‍ എയര്‍ഫോഴ്സിന്റെ പാരാ ട്രെയിനിംഗ് സ്കൂളിലായിരുന്നു പരിശീലനം. ഇന്ത്യയിലെ പല സംസ്ഥാനങ്ങളില്‍നിന്നുള്ള 16 വിദ്യാര്‍ഥിനികളാണ് ക്യാന്പിന് എത്തിയത്. ഒന്നര മാസം കഠിന പരിശീലനം. പുലർച്ചെ എഴുന്നേൽക്കണം. അഞ്ചരയ്ക്ക് അഞ്ചു കിലോമീറ്റര്‍ ഓട്ടം തുടങ്ങും. മറ്റു പരിശീലനങ്ങളും. ആകാശ പരിചയത്തിനായി വിദ്യാര്‍ഥിനികളെ രണ്ടു തവണ വിമാനത്തില്‍ കൊണ്ടുപോയി. ആകാശത്തുകൂടി പറന്നു പോകുന്നതു മാത്രം കണ്ടിരുന്ന വിമാനത്തിൽ കയറിപ്പോഴുള്ള സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ലായിരുന്നു.
ചരിത്രം കുറിച്ച ദിനം
അങ്ങനെ ആ ചരിത്രദിനം ആഗതമായി. ശാന്തമ്മയും മറ്റു മൂന്നു പെൺകുട്ടികളുമായിരുന്നു ആ ദിനത്തിൽ ചാടേണ്ടിയിരുന്നത്. ഇന്ത്യന്‍ എയര്‍ ഫോഴ്സിന്റെ യുദ്ധവിമാനം "പാക്കറ്റ്' പറന്നുപൊങ്ങി. വിമാനം 1,500 അടിയില്‍ എത്തി. എയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ താഴേക്കു തള്ളുന്പോൾ മരണത്തിലേക്കു വീഴുന്നു എന്ന തോന്നലാണ് ഉള്ളിലുണരുക. എന്നാല്‍, മുൻകരുതലെല്ലാമെടുത്താണ് ഈ ചാട്ടം. മുതുകിലായി 90 മീറ്റര്‍ നൈലോണ്‍ തുണി പാരച്യൂട്ട് വച്ചിരുന്നു. ഇതു വിമാനവുമായി കൊരുത്തിട്ടുണ്ട്. താഴേക്കു പോകുന്പോൾ ഈ പാരച്യൂട്ട് തനിയെ വിടരും. എന്തെങ്കിലും കാരണവശാൽ അതു സംഭവിച്ചില്ലെങ്കില്‍ 80 മീറ്ററിന്റെ മറ്റൊരു പാരച്യൂട്ട് നെഞ്ച് ഭാഗത്തായി വച്ചിരുന്നു. ഈ എമര്‍ജന്‍സി പാരച്യൂട്ട് ചാടുന്നയാള്ക്കുതന്നെ തുറക്കാന്‍ കഴിയും. വലിയൊരു ഹെല്‍മെറ്റും ധരിപ്പിക്കും. ലാന്‍ഡിംഗിനും വേണം ശ്രദ്ധ. ചെരിഞ്ഞ രീതിയില്‍ അല്ലെങ്കില്‍ വീഴ്ചയുടെ ആഘാതത്തിൽ കാലുകള്‍ ഒടിയാനിടയുണ്ട്. പരിശീലന സമയത്തുതന്നെ ആസാമില്‍നിന്നുള്ള ഒരു പെണ്‍കുട്ടി പരാജിതയായി തിരിച്ചുപോയിരുന്നു.
കാഷ്മീരില്‍നിന്നുള്ള ഒരു പെൺകുട്ടി ചാടിയ സമയത്ത് രണ്ടു പാരാ ച്യൂട്ടുകളും തുറന്നു. ഇതോടെ അവരെ കാറ്റ് കുറെ ദൂരം വലിച്ചിഴച്ചു. എന്നാല്‍, യാതൊരു പിഴവുകളുമില്ലാതെ ശാന്തമ്മ താഴേക്കു പറന്നിറങ്ങി. പാരാജംപിംഗ് വിജയകരമായി പൂര്‍ത്തീകരിച്ചതിനെത്തുടര്‍ന്ന് ശാന്തമ്മയെ ഡല്‍ഹി റിപ്പബ്ലിക്ദിന പരേഡിലേക്കു തെരഞ്ഞെടുത്തു. റൈഫിള്‍ ഷൂട്ടിംഗിലും മാര്‍ച്ചിംഗ് പരേഡ് ഡ്രില്ലിലും പ്രത്യേക പരിശീലനവും നല്കി. അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയില്‍നിന്നു മെഡല്‍ നേടാനും ഭാഗ്യമുണ്ടായി. മൂന്നു മാസത്തിനു ശേഷമാണ് നാട്ടില്‍ തിരിച്ചെത്തിയത്.
വൻ വരവേൽപ്
കൊല്ലത്തു വന്നിറങ്ങുമ്പോള്‍ സ്വപ്നതുല്യമായ വരവേല്പാണ് ലഭിച്ചത്. എസ്എന്‍ കോളജ് പ്രിന്‍സിപ്പലും നാട്ടുകാരും സഹപാഠികളുമെല്ലാം പൂച്ചെണ്ടുമായി റെയില്‍വേ സ്റ്റേഷനില്‍ കാത്തുനിന്നിരുന്നു. സംസ്ഥാന സര്‍ക്കാരും സ്വീകരണം നല്കി. മുഖ്യമന്ത്രി സി. അച്യുതമേനോന് 400 രൂപ കാഷ് അവാര്‍ഡ് നല്കി. അന്നത് വലിയ തുകയായിരുന്നു. പിന്നെ ആകാശവാണിയിലും പത്രമാധ്യമങ്ങളിലും അഭിമുഖങ്ങള്‍.
എന്നാല്‍, മാസങ്ങളോളം പഠിപ്പ് മുടങ്ങിയതു പിന്നീടുള്ള വിദ്യാഭ്യാസത്തെ ബാധിച്ചു. പോലീസുകാരനായ അച്ഛന് വിരമിച്ചതോടെ സാമ്പത്തിക പ്രശ്നങ്ങളും ഉടലെടുത്തു. തമിഴ്നാട്ടില്‍നിന്ന് ഇങ്ങനെ പാരാജംപിംഗ് നടത്തിയ കൗസല്യയ്ക്ക് അവിടത്തെ സര്‍ക്കാര്‍ ഉടനടി ജോലി നല്‍കിയിരുന്നു. എന്നാല്‍, ശാന്തമ്മ ജോലിക്കായി ശ്രമിച്ചെങ്കിലും അക്കാലത്തു ഫലം കണ്ടില്ല. ഒടുവില്‍ 23 ാം വയസില്‍ വിവാഹിതയായി. ശേഷം അഞ്ചു മക്കളുടെ അമ്മയുമായി. കേരളത്തിനായി ചരിത്രം കുറിച്ച ആ പെണ്‍കുട്ടി പിന്നീട് അടുക്കളയില്‍ ഒതുങ്ങിക്കൂടിയെന്നു പറയാം. വളരെ വര്‍ഷങ്ങള്‍ക്കിപ്പുറമാണ് കെഎസ്ബിസിയില്‍ ഒരു ജോലി ലഭിച്ചത്.
യേശുക്രിസ്തുവില്‍ ആഴമായ വിശ്വാസം പുലര്‍ത്തുന്ന ശാന്തമ്മയ്ക്ക് തന്റെ ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകളെക്കുറിച്ചു തെല്ലും സങ്കടമില്ല. ദൈവം അറിയാതെ ഒന്നും സംഭവിക്കുന്നില്ല എന്നാണ് മറുപടി. തന്റെ നേട്ടത്തിന്റെ സുവർണജൂബിലി എത്തുന്പോൾ ജോലിയില്‍നിന്നു വിരമിച്ചു വിശ്രമജീവിതം നയിക്കുകയാണവര്‍. തിരുവനന്തപുരം നെട്ടയത്ത് മൂത്ത മകനൊപ്പം താമസിക്കുന്ന ശാന്തമ്മ തലയ്ക്ക് മുകളിലൂടെ പറക്കുന്ന വിമാനങ്ങൾ കാണുമ്പോള്‍ അഭിമാനത്തോടെ കൊച്ചുമക്കളോടു പറയും, "ഞാനാണ് ആകാശത്തുനിന്നു പറന്നിറങ്ങിയ ആദ്യ മലയാളി വനിത.'
ജെ.പി.