പേനകളിൽ മഷിക്കു പകരം കനൽ നിറച്ച പത്രപ്രവർത്തകൻ... പ്രമുഖ പത്രപ്രവർത്തകനും ദീപികയുടെ മുൻ ചീഫ് എഡിറ്ററുമായ ഫാ. അലക്സാണ്ടർ പൈകട സിഎംഐയെ പരിചയപ്പെട്ടിട്ടുള്ളവരും കൂടെ ജോലി ചെയ്തിട്ടുള്ളവരും അദ്ദേഹം എഴുതിയത് വായിച്ചിട്ടുള്ളവരുമായ ഏവർക്കും ഇതിൽ കുറഞ്ഞൊരു വിശേഷണം പറയാനുണ്ടാകില്ല.
തെളിമയുള്ള സന്യാസി, കൂർമബുദ്ധിയായ പത്രപ്രവർത്തകൻ, പ്രതിബദ്ധതയുള്ള സാമൂഹ്യനിരീക്ഷകൻ, വിശ്രമമില്ലാത്ത ചിന്തകൻ ഇതൊക്കെ ചേർത്തുവയ്ക്കാവുന്ന വ്യക്തിത്വമാണ് ഫാ. അലക്സാണ്ടർ പൈകട. കേരള പത്രപ്രവർത്തന ചരിത്രത്തിൽ ഒരുപക്ഷേ, ഏറ്റവും കൂടുതൽ മുഖപ്രസംഗം എഴുതിയിട്ടുള്ള പത്രപ്രവർത്തകൻകൂടിയാണ് അദ്ദേഹം.
സാമൂഹിക സാഹചര്യങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ച് അതിന്റെ പ്രത്യാഘാതങ്ങളെയും ഫലങ്ങളെയും കൃത്യമായി വിലയിരുത്തി നിലപാട് സ്വീകരിക്കുന്നതിൽ അദ്ദേഹത്തിനുണ്ടായിരുന്ന പ്രാഗല്ഭ്യം ശ്രദ്ധേയമായിരുന്നു. അതിന്റെ തെളിവാണ് അദ്ദേഹത്തിന്റെ തൂലികയിലൂടെ കേരളം വായിച്ചറിഞ്ഞ മൂർച്ചയേറിയ മുഖപ്രസംഗങ്ങളും എണ്ണം പറഞ്ഞ ലേഖനങ്ങളും കുറിപ്പുകളുമൊക്കെ.
ഏതാനും വർഷം മുന്പ് അദ്ദേഹമെഴുതിയ മുഖപ്രസംഗങ്ങൾ പുസ്തകങ്ങളായി പുറത്തിറങ്ങിയപ്പോൾ അതു കേരളത്തിന്റെതന്നെ ചരിത്രത്തിലൂടെയുള്ള നേർ സഞ്ചാരമാണെന്നു പ്രമുഖരടക്കം സാക്ഷ്യപ്പെടുത്തി.
പിന്നിട്ട വഴികൾ
ഇപ്പോൾ അദ്ദേഹത്തിന്റെ മറ്റൊരു പുസ്തകംകൂടി ശ്രദ്ധേയമാകുന്നു. വിശ്രമജീവിത കാലത്തും ഒട്ടും വിശ്രമിക്കുകയല്ല എന്നു തെളിയിച്ചുകൊണ്ടാണ് "ചരിത്രത്തിനൊപ്പം നടന്നപ്പോൾ'' എന്ന പുസ്തകം പുറത്തിറങ്ങിയത്. സിഎംഐ ജനറലേറ്റിന്റെ മുൻകൈയിൽ ഡൽഹി മീഡിയ ഹൗസും ബംഗളൂരു ധർമാരാം പബ്ലിക്കേഷനും ചേർന്നാണ് ഈ പുസ്തകം പുറത്തിറക്കിയിരിക്കുന്നത്.
ദീപികയിലും ഇതര പ്രസിദ്ധീകരണങ്ങളിലും ഫാ. അലക്സാണ്ടർ പൈകട എഴുതിയ ചില മുഖപ്രസംഗങ്ങളുടെയും ലേഖനങ്ങളുടെയും സമാഹാരമാണിത്. നവതിയിൽ ദീപികയുടെ മുഖപ്രസംഗം എഴുതിയ അദ്ദേഹംതന്നെയാണ് ശതോത്തര രജതജൂബിലി വേളയിലും ദീപികയ്ക്കായി മുഖപ്രസംഗം കുറിച്ചത്.
കേരളത്തിന്റെ കഴിഞ്ഞ കാലങ്ങളിലെ സാമൂഹിക, രാഷ്ട്രീയ സംഭവവികാസങ്ങളിലേക്ക് തുറന്നുവച്ച ഒരു കണ്ണാടിയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്ന 42 ലേഖനങ്ങൾ എന്നു പറയാം. അധികാരകേന്ദ്രങ്ങളോടു കലഹിച്ചും വഴിതെറ്റിയ രാഷ്ട്രീയക്കാർക്കെതിരേ വടിയെടുത്തും മാധ്യമരംഗത്തെ അനഭിലഷണീയ പ്രവണതകളോടു പിണങ്ങിയും ഭരണാധികാരികളുടെ ഏകാധിപത്യശൈലികളോടു പൊട്ടിത്തെറിച്ചുമൊക്കെ അക്ഷരങ്ങളിൽ തീ പടരുന്നത് ഈ ഗ്രന്ഥത്തിലെന്പാടും കാണാം.
അതുപോലെ രാജ്യസ്നേഹം ഊട്ടിയുറപ്പിക്കുന്ന നിലപാടുകൾ, കേരളത്തിലെയും ഇന്ത്യയിലെയും മാത്രമല്ല അതിർത്തികൾക്കപ്പുറമുള്ള ചില വിഷയങ്ങളിലും കൃത്യമായ വിലയിരുത്തൽ, മണിപ്പുർ, മുല്ലപ്പെരിയാർ, ന്യൂനപക്ഷനീതി തുടങ്ങിയ സമകാലിക വിഷയങ്ങളടക്കം ഇവിടെ ചർച്ച ചെയ്യുന്നു.
നീതിക്കും ന്യായത്തിനും സമൂഹത്തിന്റെ നവോത്ഥാനത്തിനും വേണ്ടി വിശ്രമമില്ലാതെ ചലിച്ച തൂലികയായിരുന്നു ഈ പത്രപ്രവർത്തകന്റേതെന്ന് അടയാളപ്പെടുത്തുകയാണ് ഈ പുസ്തകം. ചരിത്രാന്വേഷികൾക്കും പത്രപ്രവർത്തകർക്കും നല്ലൊരു പാഠപുസ്തകം കൂടിയാണിത്.
പ്രഫ.എം.കെ. സാനുവിന്റെ അവതാരിക പുസ്തകത്തിനു കൂടുതൽ ഈടു പകരുന്നു. 340 രൂപ മുഖവിലയുള്ള പുസ്തകം ഡൽഹി മീഡിയ ഹൗസും ധർമാരാം പബ്ലിക്കേഷനും ചേർന്നു വിതരണം ചെയ്യുന്നു. ഫോൺ: 9495063973. 09555642600.
ജോൺസൺ പൂവന്തുരുത്ത്