ജയന്റ് വീലുകളുടെയും ബങ്കീ ജമ്പിംഗിന്റെയും സ്കൈ ഡൈവിംഗിന്റെയും കാലത്ത് പാവം ഊഞ്ഞാലില്‍ ആടാന്‍ ആരെങ്കിലുമുണ്ടാവുമോ... സംശയംവേണ്ട, ഊഞ്ഞാലിനോടുള്ള പ്രിയം ഒരിക്കലും നഷ്ടപ്പെടില്ല. കാലങ്ങള്‍ക്കുമുമ്പേ ഊഞ്ഞാലുകള്‍ മനസിന്റെ ഉത്സവങ്ങളുടെ ഭാഗമായതാണ്. ഓണപ്പുലരിയില്‍ ചില ഊഞ്ഞാല്പ്പാട്ടുകളിലൂടെ...
ഓണക്കാലത്ത് തുമ്പികളുടെ വരവു പതിവുണ്ട്. ചിങ്ങക്കൊയ്ത്തു കഴിഞ്ഞ പാടത്തും മെതിയും കാറ്റത്തിടലും കഴിഞ്ഞ കളത്തിലും തുമ്പികള്‍ പാറിപ്പറക്കും. പൂഞ്ചില്ലകളിലിരുന്ന് കാറ്റിലാടും. അതു കണ്ടിട്ടാവണം കവിക്ക് "തുമ്പീ വാ തുമ്പക്കുടത്തിന് തുഞ്ചത്തായ് ഊഞ്ഞാലിടാം, ആകാശപ്പൊന്നാലിനിലകളെ ആയത്തില്‍ തൊട്ടേ വരാം' എന്നെഴുതാന്‍ തോന്നിയത്. ഊഞ്ഞാലേ.., പാടാമോ എന്നു കവി ചോദിക്കുന്നു. ശരിക്കും പാട്ടിനോളം സുന്ദരമാണ് ഊഞ്ഞാലാട്ടം. അപ്പോള്‍ പാട്ടില്‍ കളിയൂഞ്ഞാലുകള്‍ നിറഞ്ഞാലോ!
ഗന്ധര്വന് പാടുന്ന മതലികത്തെ മന്ദാരം പൂവിട്ട തണലിലും കല്‍ക്കണ്ടക്കുന്നിന്റെ മുകളിലെ കാക്കാച്ചി മേയുന്ന തണലിലും ഊഞ്ഞാല് പാടിയാടുന്നു. ആക്കയ്യിലും ഈക്കയ്യിലും ഒരുപിടി കയ്ക്കാത്ത നെല്ലിക്കാമണി കിട്ടിയാല്‍ ഇരട്ടി സന്തോഷം! ഓളങ്ങള്‍ എന്ന ചിത്രത്തിനുവേണ്ടി ഒ.എന്‍.വി. കുറുപ്പ് എഴുതിവരച്ച അഴകെഴുന്ന ചിത്രം. ഇളയരാജ ഈണമിട്ടൊരുക്കി എസ്. ജാനകിയുടെ സ്വരത്തില്‍ ഈ പാട്ടുകേള്‍ക്കുമ്പോള്‍ മനസിലെത്ര ഊഞ്ഞാലുകള്‍!
മരക്കൊമ്പില്‍ രണ്ടു കയററ്റങ്ങളില് തൂങ്ങിയാടുന്ന ഇരിപ്പിടമെന്ന് ഊഞ്ഞാലിനെ സങ്കല്പിക്കാന് എളുപ്പമാണ്. എന്നാല്‍, അതത്ര നിസാര സംഗതിയല്ല. നൂറ്റാണ്ടുകള്‍ക്കു മുമ്പുള്ള ശില്പങ്ങളിലും രേഖാചിത്രങ്ങളിലും ഊഞ്ഞാലുകളുണ്ട്. കനമുള്ള വള്ളിച്ചെടികളില്നിന്നാവണം ആദ്യത്തെ ഊഞ്ഞാല് പിറവിയെടുത്തത്. പിന്നീടതിനു പലവിധ രൂപമാറ്റങ്ങള്‍ സംഭവിച്ചു. ആധുനികമായി. ഒന്നുമാത്രം മാറിയില്ല അതുതരുന്ന ആഹ്ലാദം!
ഓണത്തിനു മുറ്റത്തെ മാവിന്കൊമ്പില് ഒരൂഞ്ഞാലുകെട്ടുക എന്നത് മുമ്പൊക്കെ ഒഴിച്ചുകൂടാനാവാത്ത കാര്യമായിരുന്നു. പതിയെ മാവും, മുറ്റവും ഇല്ലാതായെങ്കിലും ഊഞ്ഞാലും ഊഞ്ഞാല്‍പ്പാട്ടുകളും മനമൊഴിഞ്ഞില്ല. ഓണാഘോഷം ഇന്റര്‍നെറ്റിലേക്കു മാറിയപ്പോഴും ഊഞ്ഞാലിന്റെ ആഹ്ലാദം നഷ്ടമായില്ല. മണ്ണും വിണ്ണും തൊടാതെ, കുതിച്ചുയര്‍ന്ന് മറ്റൊരു ലോകത്തേക്കു പറക്കുന്ന അനുഭവം തരുന്ന ഊഞ്ഞാല്ച്ചിറകുകള് വിടര്‍ന്നുതന്നെ നിന്നു. എവിടെയെങ്കിലുമൊരൂഞ്ഞാല് ഉണ്ടാകും., പാട്ടും.
പൊന്നൂഞ്ഞാലിൽ
പൂവച്ചല്‍ ഖാദര്‍ എഴുതിയ ഒരു പാട്ടിന്റെ വരികള്‍ തുടങ്ങുന്നതുതന്നെ ഓണത്തുമ്പിക്കൊരൂഞ്ഞാല് എന്നാണ്. എന്‍.പി. സുരേഷ് സംവിധാനംചെയ്ത അതേ പേരിലുള്ള ചിത്രത്തിലേതാണ് പാട്ട്. ഊഞ്ഞാല്, ഓണത്തുമ്പിക്കൊരൂഞ്ഞാല്, അഴകിന്റെ മലര്‍ക്കൊമ്പില്‍ കിനാവിന്റെ ഒരൂഞ്ഞാല് എന്നു തുടരുന്നു വരികള്‍. എ.ടി. ഉമ്മറിന്റെ ഈണത്തില്‍ യേശുദാസിന്റെ ആലാപനം.
ആയിരമെന്ന വാക്കിനോട് അനല്പമായ ഇഷ്ടമുണ്ടായിരുന്ന ഗാനരചയിതാവ് ബിച്ചു തിരുമല ഒരു പാട്ടില്‍ ആയിരം പൊന്നൂഞ്ഞാലുകള് കെട്ടിയിട്ടുണ്ട്. ഊഞ്ഞാലൂഞ്ഞാലൂഞ്ഞാല് വള്ളിയൂഞ്ഞാല്‍ ചില്ലിയൂഞ്ഞാല് തളിരൂഞ്ഞാല് കുളിരൂഞ്ഞാല് മണിയൂഞ്ഞാല്‍ എന്നിങ്ങനെയാണ് ആകാശവള്ളികൊണ്ട് ആയിരം പൊന്നൂഞ്ഞാലില്‍ എത്തുന്നത്.
ആടിച്ചെന്നാരാരാ പൂ പറിക്കും, ആകാശ ചെമ്പനീര്‍ പൂ പറിക്കും, ആടിച്ചെന്നാരാരാ കാ പറിക്കും മാണിക്യച്ചെമ്പഴുക്കാ പറിക്കുമെന്നു ചോദിക്കുന്നു കവി. ഊഞ്ഞാല് എന്ന ചിത്രത്തിനുവേണ്ടി ദേവരാജന്‍ മാസ്റ്ററുടെ ഈണത്തില്‍ പി. സുശീലയും മാധുരിയും സംഘവുമാണ് ഈ പാട്ടു പാടിയിരിക്കുന്നത്.
ദക്ഷിണാമൂര്‍ത്തിയുടെ ഈണത്തിലുള്ള ഒരു താരാട്ടില്‍ താമരവളയംകൊണ്ട് ഊഞ്ഞാലുകെട്ടിയത് പി. ഭാസ്കരന് മാസ്റ്ററാണ്. പകലാം പൈങ്കിളി പോയ്മറഞ്ഞു, പടിഞ്ഞാറേ കുന്നത്ത് പോയ്മറഞ്ഞൂ, അമ്പിളിത്തുമ്പിക്കും മക്കള്‍ക്കും മാനത്തെ തുമ്പക്കുടത്തിന്മേലൂഞ്ഞാല് എന്ന് അനുപല്ലവി. വീണ്ടും പ്രഭാതം എന്ന ചിത്രത്തിലാണ് ഹരികാംബോജികൊണ്ടു തഴുകിയ ഊഞ്ഞാലാ ഊഞ്ഞാല എന്ന ഈ പാട്ട്. യേശുദാസും സുശീലയുമടക്കം പലരുടെ ശബ്ദത്തില്‍ ഈ പാട്ടുണ്ട്.
ചിരിയൂഞ്ഞാൽ
വയലാറും ഒരു പാട്ടിന്റെ പൊന്നൂഞ്ഞാല് കെട്ടി കടലമ്മ എന്ന ചിത്രത്തിനു വേണ്ടി. ഊഞ്ഞാലൂഞ്ഞാല് ഓമനയൂഞ്ഞാല്, താലോലം കിളി താലോലം താണിരുന്നാടും പൊന്നൂഞ്ഞാല് എന്നാണ് കവിഭാവന. ദേവരാജന്‍ മാസ്റ്ററുടെ ഈണത്തില്‍ ഈ പാട്ടിനു ശബ്ദംനല്കിയത് പി. ലീല.
സ്വര്‍ണമെഡല്‍ എന്ന ചിത്രത്തിലെ ഊഞ്ഞാലാട്ടാന്‍ എന്ന പാട്ടിന്റെ വരികളില്‍ മഴവില്ലിന്കൊമ്പത്തു കെട്ടിയ ഊഞ്ഞാലുണ്ട്. ഊഞ്ഞാലാട്ടാന്‍ കാര്‍ത്തികക്കാറ്റ്, ഊഞ്ഞാല്‍ത്തട്ടൊരു കാര്‍മുകില്‍പ്പട്ട്, ഊഞ്ഞാലാടുന്നൊരമ്പിളിപ്പെണ്ണ്, കണ്ടുനില്ക്കുന്നതോ പൂത്തചെമ്മണ്ണ് എന്നിങ്ങനെയാണ് പല്ലവി. അഗസ്റ്റിന് വഞ്ചിമല എഴുതി ജോസഫ് കൃഷ്ണ ചിട്ടപ്പെടുത്തിയ ഈ സുന്ദരഗാനം പാടിയിരിക്കുന്നത് എസ്. ജാനകി.
ചന്ദാ മാമ എന്ന ചിത്രത്തില്‍ കൈതപ്രം എഴുതിയിരിക്കുന്നത് ചിരിയൂഞ്ഞാലിനെക്കുറിച്ചാണ്. ഔസേപ്പച്ചന് ഈണംപകര്‍ന്ന് ചിത്ര പാടിയ പാട്ടിന്റെ വരികള്‍ തുടങ്ങുന്നത് ഇങ്ങനെ: ചിരിയൂഞ്ഞാല്‍ക്കൊമ്പില്‍ ചാഞ്ചാടി മാനത്തെപ്പൂത്താരം, താലോലം പാടാന്‍ ഇതിലേ വാ താമരക്കുരുവികളേ..
നിറയെ ഊഞ്ഞാൽ
ആഘോഷഗാനങ്ങളില്‍ മാത്രമല്ല, ദുഃഖം പെന്ഡുലമാട്ടുന്ന ഊഞ്ഞാലുകളുമുണ്ട്. ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിനു വേണ്ടി സന്തോഷ് വര്‍മ എഴുതി ജെറി അമല്‍ദേവ് ഈണമൊരുക്കിയ പാട്ട് അത്തരമൊന്നാണ്. ഊഞ്ഞാലിലാടിവന്ന കിനാവെങ്ങു മാഞ്ഞുപോയ്, തൂമാരി പെയ്തപോലെന് മിഴി നിറഞ്ഞുപോയ് എന്നാണ് ആ ഊഞ്ഞാല് പാടുന്നത്.
ഗായിക ചിന്മയി ശ്രീപദ. അല്പംകൂടി സങ്കടഭരിതമാണ് കുടുംബസമേതം എന്ന ചിത്രത്തിലെ ഊഞ്ഞാലുറങ്ങി എന്ന പാട്ട്. അവിടെയുള്ളത് കേഴുന്ന കണ്ണീര്ത്തുമ്പിയാണ്. ഓണവില്ലു വീണുലഞ്ഞുപോയിരിക്കുന്നു, പൂവണിഞ്ഞ വഴിയില്‍ നിഴല്‍ ഉതിര്‍ന്നിരിക്കുന്നു. കൈതപ്രം, ജോണ്സണ്, മിന്മിനി എന്നിവരാണ് ഈ പാട്ടിനു പിന്നില്‍.
ഓണപ്പാട്ടുകളുമായെത്താറുള്ള ആല്‍ബങ്ങളില്‍ നിറയെ ഊഞ്ഞാലുകളുണ്ട്. പലകാലം, പല ഊഞ്ഞാലുകള്‍. ബാല്യത്തിലേതല്ല കൗമാരത്തിലെയും യൗവനത്തിലെയും. എല്ലാ ആനന്ദങ്ങളും ക്ഷണനേരംകൊണ്ട് തീര്‍ന്നുപോകാമെന്ന് ഓര്‍മിപ്പിക്കുകയാണ് ഓരോ ഊഞ്ഞാലുകളും. ആനന്ദങ്ങളെ കഴിയുന്നത്ര നെഞ്ചോടു ചേര്‍ത്തുപിടിക്കാം...
ഹരിപ്രസാദ്